ന്യൂയോര്‍ക്ക്: ദക്ഷിണ ചൈനാ കടലിൽ യുഎസ് നേവിയുടെ ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റും തകർന്നുവീണു. യുഎസ് നേവിയുടെ പസഫിക് ഫ്ലീറ്റ് ഇക്കാര്യം തിങ്കളാഴ്‌ച സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്‌റ്ററിലും ഫൈറ്റര്‍ ജെറ്റിലുമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് പസഫിക് ഫ്ലീറ്റ് ഇതു സംബന്ധിച്ച പ്രസ്‌താവനയില്‍ അറിയിച്ചു.
വ്യത്യസ്‌തമായ പതിവ് ഓപ്പറേഷനുകളില്‍ക്കിടെയാണ് ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റും തകര്‍ന്ന് വീണത്. രണ്ട് സംഭവങ്ങളുടെയും കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതായും പസഫിക് ഫ്ലീറ്റ് വ്യക്തമാക്കി.
വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്‌സിൻ്റെ (സിവിഎൻ-68) നിന്നും പറന്നുയര്‍ന്ന എംഎച്ച്-60ആർ സീ ഹോക്ക് ഹെലികോപ്റ്ററും എഫ്/എ-18എഫ് സൂപ്പർ ഹോർനെറ്റ് ഫൈറ്ററുമാണ് ദക്ഷിണ ചൈനാ കടലിൽ പതിച്ചത്. യുഎസ് നേവിയുടെ മാരിടൈം സ്ട്രൈക്ക് സ്ക്വാഡ്രൺ (HSM) 73-ൻ്റെ “ബാറ്റിൽ ക്യാറ്റ്സ്” വിഭാഗത്തിൽ നിയോഗിക്കപ്പെട്ടതായിരുന്നു എംഎച്ച്-60ആർ സീ ഹോക്ക് ഹെലികോപ്റ്റർ. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:45 നാണ് സീ ഹോക്ക് ഹെലികോപ്റ്റർ കടലില്‍ പതിക്കുന്നത്. മൂന്ന് ക്രൂ അംഗങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്.
ഇതിന് പിന്നാലെ ഉച്ചകഴിഞ്ഞ് 3:15 ന്, നിമിറ്റ്സിൽ നിന്ന് പതിവ് ഓപ്പറേഷന്‍ നടത്തുന്നതിനിടെ, സ്ട്രൈക്ക് ഫൈറ്റർ സ്ക്വാഡ്രൺ (VFA) 22 ൻ്റെ “ഫൈറ്റിംഗ് റെഡ്കോക്കുകൾക്കായി” നിയോഗിക്കപ്പെട്ട എഫ്/എ-18എഫ് സൂപ്പർ ഹോർനെറ്റ് ഫൈറ്ററാണ് തകര്‍ന്നത്. രണ്ട് ഉദ്യോഗസ്ഥരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
തകര്‍ച്ച തന്ത്രപ്രധാന മേഖലയില്‍
അതേസമയം വലിയ തര്‍ക്കം നടക്കുന്ന പ്രദേശത്താണ് യുഎസ് നേവിയുടെ ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റും തകർന്നുവീണിരിക്കുന്നത്. ദക്ഷിണ ചൈനാ കടലിൻ്റെ ചില ഭാഗങ്ങളിൽ ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണൈ, തായ്‌വാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ അവകാശവാദമുന്നയിക്കുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര കോടതി വിധികളെപ്പോലും പലപ്പോഴും ധിക്കരിച്ചുകൊണ്ട് തന്ത്രപ്രധാനമായ മിക്ക ജലപാതകളുടെയും ഉടമസ്ഥാവകാശം അവകാശപ്പെടുന്നത് ചൈനയാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, അന്താരാഷ്ട്ര ജലപാതയിലൂടെ സ്വതന്ത്രമായി കടന്നുപോകാനുള്ള യുഎസ് ശ്രമങ്ങളെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ട് കടലിനു കുറുകെ സൈനിക ഇൻസ്റ്റാളേഷനുകൾ നിർമ്മിച്ചുകൊണ്ട് ചൈന തങ്ങളുടെ പ്രദേശിക അവകാശവാദങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ ഈ സമുദ്ര വികാസത്തെ ചെറുക്കുന്നതിനുള്ള യുഎസിൻ്റെ വിശാലമായ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ മേഖലയിലെ യുഎസ് നാവിക പ്രവർത്തനങ്ങൾ എന്നാണ് അന്താരാഷ്‌ട്ര മാധ്യമമായ സിഎൻഎൻ അഭിപ്രായപ്പെടുന്നത്.
അതേസമയം പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഏഷ്യൻ നയതന്ത്ര പര്യടനത്തിനിടെയാണ് ഈ അപകടങ്ങള്‍ സംഭവിച്ചത്. വ്യാപാരത്തെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾക്കായി വ്യാഴാഴ്ച ദക്ഷിണ കൊറിയയിൽ വെച്ച് അദ്ദേഹം ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.






