ട്രഷറി നിയന്ത്രണം കൂടി വന്നതോടെ വയനാട്ടിലെ വികസനം സ്തംഭനത്തിൽ,കോടികളുടെ ബില്ലുകൾ കുടിശ്ശിക;

0
49

വയനാട്: പദ്ധതി വിഹിതം ലഭിക്കാത്തതോടെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിൽ. സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും സർക്കാർ ഫണ്ട് അനുവദിക്കാത്തത് വികസന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഗ്രാമപഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും വലിയ ആശങ്കയിലാണ് മുന്നോട്ട് പോകുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തിൽ ബജറ്റിൽ വകയിരുത്തിയ പദ്ധതി വിഹിതമാണ് മാർച്ച് മാസം അവസാനിക്കാറായിട്ടും തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കാത്തത്. രണ്ട് തെരഞ്ഞെടുപ്പുകൾ വന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നതും പുതിയ ഭരണസമിതികൾ അധികാരമേൽക്കാൻ വൈകിയതും ജില്ലയിലെ പദ്ധതികൾ ഇഴയാൻ കാരണമായി. പിന്നീട് ജനപ്രതിനിധികളും നിർവഹണ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കിയെങ്കിലും ഫണ്ട് പ്രതിസന്ധി തിരിച്ചടിയായി. വികസന ഫണ്ടിൻ്റെ അവസാന ഗഡു ഇതുവരെ സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ല. ആകെ മൂന്ന് ഗഡുകൾ മാത്രമാണ് ഇതിനോടകം ലഭിച്ചത്.

ട്രഷറി നിയന്ത്രണം വെല്ലുവിളി

മാർച്ച് 24ന് ശേഷം ട്രഷറി നിയന്ത്രണം വരാനിടയുള്ളതിനാൽ ബില്ലുകൾ മാറാൻ സമയം വളരെ കുറവാണ്. 10 ലക്ഷം രൂപ വരെയുള്ള ബില്ലുകൾക്കുള്ള നിയന്ത്രണവും വലിയ പദ്ധതികൾക്ക് ഇരുട്ടടിയായി. വയനാട് ജില്ലാ പഞ്ചായത്തിന് മാത്രം 6.56 കോടി രൂപയാണ് ഇനി ലഭിക്കാനുള്ളത്. ഫണ്ട് ഇല്ലാത്തതിനാൽ പൂർത്തിയായ നിർമാണ പ്രവർത്തനങ്ങളുടെ ബില്ലുകൾ പോലും മാറാൻ സാധിച്ചിട്ടില്ല. അവസാന നിമിഷമെത്തിയപ്പോൾ ഫണ്ടിൻ്റെ അപര്യാപ്തത കാരണം വികസനരേഖ പ്രകാരമുള്ള ബാക്കി പ്രവൃത്തികൾ പൂർത്തിയാക്കാൻ അധികൃതർ പാടുപെടുകയാണ്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷ്യമിട്ട ഒട്ടുമിക്ക പദ്ധതികളും ഇതോടെ പാതിവഴിയിൽ പ്രതിസന്ധിയിലായി.

പ്രതിസന്ധിയിലായി കരാറുകാർ

സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ നിരക്കിൽ ടാർ ഉൾപ്പെടെയുള്ളവ വാങ്ങി നിർമാണം നടത്താൻ കഴിയില്ലെന്ന് കരാറുകാർ നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ പദ്ധതികൾ നഷ്ടപ്പെടാതിരിക്കാൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും മറ്റ് ജനപ്രതിനിധികളുടെയും കർശന നിർദേശത്തെ തുടർന്നാണ് പലരും നഷ്ടം സഹിച്ചും പ്രവൃത്തികൾ ഏറ്റെടുത്തത്. അധ്വാനിച്ച് പണി തീർത്ത് ബില്ല് സമർപ്പിക്കുമ്പോൾ ട്രഷറിയിൽ ഫണ്ടില്ലെന്ന് പറയുന്നത് കരാറുകാരെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. വായ്പയെടുത്തും മറ്റും നിർമാണം പൂർത്തിയാക്കിയ നിരവധി പേരാണ് ബില്ല് മാറിക്കിട്ടാനായി ഓഫിസുകൾ കയറിയിറങ്ങുന്നത്. ജില്ലയിലെ മിക്ക ഗ്രാമപഞ്ചായത്തുകളുടെയും അവസ്ഥ സമാനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്‌ണൻ വ്യക്തമാക്കി.

ഫണ്ട് വൈകുന്നതും വരാനിരിക്കുന്ന ട്രഷറി നിയന്ത്രണവും ചേർന്ന് ഈ വർഷത്തെ പദ്ധതി നടത്തിപ്പിനെ മാത്രമല്ല, അടുത്ത സാമ്പത്തിക വർഷത്തെ വികസന പ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഈ വർഷത്തെ പദ്ധതികൾ അവതാളത്തിലാകുമ്പോൾ അടുത്ത വർഷം പുതിയ പദ്ധതികൾ ഏറ്റെടുത്ത് നടത്താൻ വലിയ പ്രയാസം നേരിടും. നിർമാണം പൂർത്തിയായ ഗ്രാമീണ റോഡുകൾ, കുടിവെള്ള പദ്ധതികൾ, മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾ എന്നിവയുടെയെല്ലാം പണം ഇനിയും നൽകാനുണ്ട്. സമയബന്ധിതമായി വിഹിതം ലഭിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ നടപ്പിലാക്കേണ്ട ക്ഷേമ പ്രവർത്തനങ്ങൾക്കും തടസം നേരിടും.

സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും പൂർണമായി നിലയ്‌ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വികസന പ്രവർത്തനങ്ങൾ മുരടിക്കാതിരിക്കാൻ ആവശ്യമായ ഫണ്ട് എത്രയും വേഗം അനുവദിക്കണമെന്നാണ് ജനപ്രതിനിധികളുടെ പ്രധാന ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here