നീലേശ്വരം ട്രെയിൻ സ്റ്റോപ്പ് നേട്ടം ആരുടേത്;

0
14

കാസർകോട്: നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ രണ്ട് പ്രധാന എക്സ്പ്രസ് ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് അനുവദിച്ച തീരുമാനത്തിന് പിന്നാലെ നേട്ടത്തിൻ്റെ അവകാശവാദം ഏറ്റെടുക്കാൻ ബിജെപി നേതാക്കൾക്കിടയിൽ രൂക്ഷമായ പോര്. തങ്ങളുടെ ഇടപെടലാണ് ഫലം കണ്ടതെന്ന് അവകാശപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി ജില്ല നേതൃത്വവും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയതോടെയാണ് രാഷ്ട്രീയ ചർച്ചകൾ സജീവമായത്.

11097/11098 പൂനെ – എറണാകുളം പൂർണ എക്സ്പ്രസ്, 16621/16622 രാമേശ്വരം – മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് നീലേശ്വരത്ത് പുതിയതായി സ്റ്റോപ്പ് ലഭിച്ചത്. വർഷങ്ങളായുള്ള പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമായാണ് റെയിൽവെ മന്ത്രാലയം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. എന്നാൽ ഇതിനു തൊട്ടുപിന്നാലെ സ്റ്റോപ്പ് അനുവദിച്ചതിൻ്റെ അവകാശവാദവുമായി പാർട്ടിയിലെ വിവിധ ചേരികൾ പരസ്യമായി രംഗത്തിറങ്ങുകയായിരുന്നു.

തൻ്റെ കത്ത് പരിഗണിച്ചെന്ന് സുരേഷ് ഗോപി
നീലേശ്വരത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യം പരിഗണിച്ച് താൻ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് രണ്ട് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചതെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടത്. നീലേശ്വരത്തെ ജനങ്ങൾക്ക് ഇതൊരു സന്തോഷവാർത്തയാണെന്നും യാത്രക്കാരുടെ സൗകര്യാർഥം നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് അംഗീകാരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. താൻ നൽകിയ കത്ത് പരിഗണിച്ച് രണ്ട് പ്രധാന ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചുവെന്നും നരേന്ദ്ര മോദി സർക്കാരിനും റെയിൽവെ മന്ത്രിക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നുവെന്നുമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.

രാജീവ് ചന്ദ്രശേഖറിൻ്റെയും കൃഷ്ണദാസിൻ്റെയും ഇടപെടലെന്ന് ജില്ല അധ്യക്ഷ
എന്നാൽ സുരേഷ് ഗോപിയുടെ അവകാശവാദത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെയും ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസിൻ്റെയും ഇടപെടലാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വ്യക്തമാക്കി ബിജെപി കാസർകോട് ജില്ല അധ്യക്ഷ എം എൽ അശ്വിനി രംഗത്തെത്തി. കൂടെയുണ്ട് ബിജെപി എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ രാജീവ് ചന്ദ്രശേഖറിനും പി കെ കൃഷ്ണദാസിനുമാണ് അശ്വിനി നന്ദി അറിയിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രിയുടെ അവകാശവാദത്തെ പരോക്ഷമായി തള്ളിക്കൊണ്ട് ജില്ല നേതൃത്വം തന്നെ മറ്റൊരു വാദവുമായി എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതിനിടെ സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടലാണ് സ്റ്റോപ്പ് അനുവദിക്കാൻ കാരണമായതെന്ന വാദവുമായി മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ഒരേ വിഷയത്തിൽ മൂന്ന് വ്യത്യസ്ത അവകാശവാദങ്ങളുമായി നേതാക്കളും അണികളും സജീവമായതോടെ സമൂഹമാധ്യമങ്ങളിൽ തർക്കം മുറുകുകയാണ്. അതേസമയം സ്ഥലം എംപിയായ രാജ്‌മോഹൻ ഉണ്ണിത്താൻ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഗാന്ധിജിയുടെ സന്ദർശന ശതാബ്‌ദിയിൽ പുതിയ ആവശ്യം
നീലേശ്വരത്തെയും സമീപ പഞ്ചായത്തുകളിലെയും യാത്രക്കാർക്ക് വലിയ ആശ്വാസമാണ് പുതിയതായി അനുവദിച്ച ഈ രണ്ട് സ്റ്റോപ്പുകളും. ദീർഘദൂര യാത്രക്കാർക്ക് പുറമെ മലയോര മേഖലയിൽ നിന്നുള്ളവർക്കും തീരുമാനം ഏറെ പ്രയോജനം ചെയ്യും. പുതിയതായി സ്റ്റോപ്പ് ലഭിച്ച രാമേശ്വരം എക്സ്പ്രസ് കാസർകോട് വിട്ടുകഴിഞ്ഞാൽ പിന്നീട് കണ്ണൂർ വരെ നീലേശ്വരത്ത് മാത്രമാണ് നിർത്തുക എന്നത് പ്രദേശവാസികൾക്ക് ഏറെ ഗുണകരമാകും.

അതേസമയം സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളുടെ ഭാഗമായി 1927ൽ മദ്രാസ് – മംഗളൂരു മെയിലിൽ യാത്ര ചെയ്യവെ മഹാത്മാഗാന്ധി നീലേശ്വരം സ്റ്റേഷനിലിറങ്ങി ജനങ്ങളെ അഭിസംബോധന ചെയ്തതിൻ്റെ 100-ാം വാർഷികമാണിത്. ഈ ചരിത്രമുഹൂർത്തത്തിൻ്റെ സ്മരണാർഥം എംജിആർ ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ (12601/12602) സൂപ്പർഫാസ്റ്റ് മെയിലിന് കൂടി നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ (എൻആർഡിസി) റെയിൽവെ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here