സുപ്രധാന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. പ്രായം കൂടുന്നതിനനുസരിച്ച് ഹൃദയത്തിൽ വീക്കം വർധിക്കാറുണ്ടെങ്കിലും ഈ കോശജ്വലന മാറ്റങ്ങൾ കൃത്യമായി എവിടെയാണ് സംഭവിക്കുന്നതെന്നോ, ഹൃദയത്തിൻ്റെ ഏതൊക്കെ ഭാഗങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നോ ശാസ്ത്രജ്ഞർക്ക് പൂർണമായി മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.
എന്നാൽ ദി ജാക്സൺ ലബോറട്ടറിയിലെ ഗവേഷകർ ഇതിൽ ആശ്ചര്യകരമായ ഒരു കണ്ടെത്തൽ നടത്തിയിരിക്കുന്നു. പ്രായമാകുന്തോറും ഹൃദയത്തിൻ്റെ ചില പ്രത്യേക ഭാഗങ്ങളിലാണ് വീക്കം അനുഭവപ്പെടുന്നത് എന്നാണ് കണ്ടെത്തലിൽ പറയുന്നത്. കാലക്രമേണ ഹൃദയത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പുതിയ സൂചനകൾ നൽകുന്നതാണ് ഈ കണ്ടെത്തൽ. ഏജിങ് സെൽ എന്ന ജേണലിൽ ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എലികളുടെ ഹൃദയത്തിൽ നടത്തിയ പഠനത്തിൽ, വീക്കത്തിൻ്റെയും കലകളിലെ മുറിവുകളുടെയും (ടിഷ്യൂ സ്കാറിങ്) ലക്ഷണങ്ങൾ അയോർട്ടിക് വാൽവുകൾക്കും അയോർട്ടിക് റൂട്ടിനും ചുറ്റുമാണ് കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. ഈ ഭാഗങ്ങളിൽ രോഗപ്രതിരോധ കോശങ്ങളും (ഇമ്യൂൺ സെൽസ്) യോജക കലകളും (കണക്റ്റീവ് ടിഷ്യൂ സെൽസ്) അടങ്ങിയിരിക്കുന്നു.
പ്രായമാകുന്നതിനനുസരിച്ച് ഇവ തമ്മിലുള്ള പ്രവർത്തനങ്ങളിൽ മാറ്റം വരുകയും അത് ചുറ്റുമുള്ള ഹൃദയപേശികളെ ബാധിക്കാൻ സാധ്യതയുണ്ടാവുകയും ചെയ്യുന്നു. ഹൃദയത്തിൻ്റെ വാർധക്യത്തെക്കുറിച്ച് പുതിയൊരു ചിത്രം നൽകുന്ന ഈ കണ്ടെത്തലുകൾ, ഭാവിയിൽ ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ച് പഠിക്കാൻ വഴികാട്ടിയാകും.
പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന വീക്കവുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ ചെറുപ്പക്കാരുടെ ഹൃദയങ്ങളിൽ പോലും തുടക്കം മുതലേ ഉണ്ടാകും. എന്നാൽ അവ ആരും ഇതുവരെ നിർവചിക്കാത്ത ചില പ്രത്യേക ഭാഗങ്ങളിലായിരിക്കും കേന്ദ്രീകരിച്ചിരിക്കുക. ഹൃദയപേശികളിലല്ല, മറിച്ച് വാൽവുകളിലും അയോർട്ടയിലുമാണ് അവ കാണപ്പെടുന്നതെന്ന് ജാക്സൺ ലബോറട്ടറിയിലെ (ജാക്സ്) സയൻ്റിഫിക് ഡയറക്ടറും പഠനത്തിൻ്റെ രചയിതാവുമായ നാദിയ റൊസെന്താൽ പറഞ്ഞു.
പ്രായം കൂടുന്നത് ഒരു നേർരേഖയിലുള്ള പ്രക്രിയയല്ല എന്ന് നമ്മൾ മനസ്സിലാക്കണം. മനുഷ്യർ ഒരേ വേഗതയിലല്ല പ്രായമാകുന്നത് എന്നതുപോലെ, ഒരാളുടെ ശരീരത്തിലെ തന്നെ അവയവങ്ങളും കലകളും ഒരേ നിരക്കിലല്ല പ്രായമാകുന്നത് എന്നാണ് ഇപ്പോൾ നമുക്ക് മനസ്സിലാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വാൽവുകളും പ്രധാന രക്തക്കുഴലുകളും പ്രധാന എൻജിൻ എന്നതിലുപരി വെറും പ്ലംബിങ് സംവിധാനങ്ങളായാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്, എന്നാൽ ഇത് വളരെ സങ്കീർണമായ ഒരു ചെറിയ യന്ത്രമാണെന്ന് റൊസെന്താൽ പറഞ്ഞു. നമുക്ക് താത്പര്യമുള്ള പല കോശങ്ങളുടെയും കേന്ദ്രമാണ് ഇവയെന്നും, വാർധക്യവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചില സൂചനകൾ കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാണെന്നും ഇപ്പോൾ വ്യക്തമായിരിക്കുന്നുവെന്നും അവർ പറഞ്ഞു.
ഹൃദയത്തിൻ്റെ വാർധക്യത്തെക്കുറിച്ചുള്ള മുൻകാല ഗവേഷണങ്ങളിൽ ഭൂരിഭാഗവും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഹൃദയപേശികളിലായിരുന്നു, പ്രത്യേകിച്ച് ഇടത് വെൻട്രിക്കിളിൽ (ലെഫ്റ്റ് വെൻട്രിക്കിൾ). ശരീരത്തിലുടനീളവും അയോർട്ടയിലേക്കും രക്തം പമ്പ് ചെയ്യുക എന്ന പ്രധാന ദൗത്യമാണ് ഈ അറ നിർവഹിക്കുന്നത്.
സസ്തനികളുടെ ഹൃദയപേശികളിലെ കോശങ്ങൾക്ക് തനിയെ പുനരുജ്ജീവനത്തിനോ അല്ലെങ്കിൽ കേടുവന്നവയ്ക്ക് പകരം പുതിയ കോശങ്ങൾ രൂപപ്പെടുത്താനോ ഉള്ള കഴിവ് വളരെ കുറവാണ് എന്നത് ഇതിലൊരു വെല്ലുവിളിയാണ്. പ്രായമാകുമ്പോൾ ഹൃദയത്തിന് എന്ത് സംഭവിക്കുന്നു എന്ന് പരിശോധിക്കാൻ, റൊസെന്താലും സഹപ്രവർത്തകരും ആധുനിക സാങ്കേതികവിദ്യയുടെ സഹായം തേടിയിരുന്നു.
ഇത് ചെറുപ്പവും പ്രായവുമായ എലികളുടെ ആയിരക്കണക്കിന് വ്യക്തിഗത കോശങ്ങളെക്കുറിച്ച് പഠിക്കാനും ഹൃദയത്തിനുള്ളിൽ അവയുടെ കൃത്യമായ സ്ഥാനം കണ്ടെത്താനും അവരെ സഹായിച്ചു. പേശികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഹൃദയത്തെ മൊത്തത്തിൽ പഠിച്ചതിലൂടെ, മറ്റ് കലകളിലുണ്ടാകുന്ന പ്രധാന മാറ്റങ്ങളും അവയുടെ കോശങ്ങൾ തമ്മിൽ ഇടപഴകുന്ന രീതിയും കണ്ടെത്താൻ ജാക്സൺ ലബോറട്ടറി സംഘത്തിന് സാധിച്ചു.
ആൺ-പെൺ ഹൃദയങ്ങളിലെ വ്യത്യസ്തമായ വാർധക്യ രീതികൾ
പ്രായമാകുന്നത് ആൺ എലികളുടെയും പെൺ എലികളുടെയും ഹൃദയങ്ങളിൽ ഒരേപോലെയുള്ള തന്മാത്രാ മാറ്റങ്ങളല്ല ഉണ്ടാക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ആൺ എലികളിൽ, പ്രായമാകുന്ന ഫൈബ്രോബ്ലാസ്റ്റുകൾ ഫൈബ്രോസിസുമായി (തഴമ്പ് രൂപപ്പെടൽ) ബന്ധപ്പെട്ട ജൈവ പ്രക്രിയകളോട് കൂടുതൽ ശക്തമായ ബന്ധം കാണിച്ചു. എന്നാൽ പെൺ എലികളിൽ, ഇതിന് സമാനമായ മാറ്റങ്ങൾ ഹൃദയത്തിൻ്റെ വികാസവും പ്രോട്ടീൻ ഉത്പാദനവുമായി ബന്ധപ്പെട്ട പ്രക്രിയകളോടാണ് കൂടുതൽ അടുത്തുനിന്നിരുന്നത്.
ഈ കണ്ടെത്തലുകൾ പ്രായമാകുന്ന ഹൃദയങ്ങളെ സംരക്ഷിക്കാൻ സഹായിക്കുമോ?
ഈ ഗവേഷണം പുതിയൊരു ചികിത്സാരീതി ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്രായമാകുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ എവിടെയാണ് സംഭവിക്കുന്നതെന്നും ഏതൊക്കെ കോശങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും ശാസ്ത്രജ്ഞർക്ക് കൂടുതൽ വിശദമായി മനസ്സിലാക്കാൻ സഹായിക്കുന്നു.
ഈ കോശങ്ങളുടെ പ്രവർത്തനരീതികൾ വെളിപ്പെടുത്തുന്നതിലൂടെ, പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം നിലനിർത്തുന്നതിനും, വാർധക്യകാലത്ത് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഭാവി പഠനങ്ങൾക്ക് ഈ കണ്ടെത്തലുകൾ വഴികാട്ടിയായേക്കാം.
വ്യായാമം, ഭക്ഷണം, രോഗങ്ങൾ എന്നിവ രോഗപ്രതിരോധ കോശങ്ങളും കണക്റ്റീവ് ടിഷ്യൂ കോശങ്ങളും തമ്മിലുള്ള പരസ്പര പ്രവർത്തനങ്ങളെ എങ്ങനെ മാറ്റുന്നു എന്ന് റൊസെന്താലിൻ്റെ ടീം ഇപ്പോൾ പരിശോധിച്ചുവരികയാണ്.



