നമ്മുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലും തുടങ്ങി വരുംതലമുറയുടെ ആരോഗ്യത്തിലേക്ക് വരെ ഇരുണ്ട നിഴലായി പ്രമേഹം പടർന്നുകയറുകയാണ്. പുറത്ത് വരുന്നതാകട്ടെ, കേരളത്തിൽ പ്രമേഹരോഗ വ്യാപനത്തിൻ്റെ ഗൗരവം വ്യക്തമാക്കുന്ന വിവരങ്ങളാണ്. നാല് വര്‍ഷം മുന്‍പ് ജ്യോതിദേവ്സ് ഡയബറ്റിസ് റിസര്‍ച്ച് സെന്റര്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് മുന്‍പ് പ്രമേഹം ഉണ്ടോ എന്നറിയുന്നതിന് ടെസ്റ്റുകള്‍ ചെയ്യാന്‍ പറഞ്ഞിരുന്ന പ്രായം 35 വയസ് ആണ്. എന്നാല്‍ ഇപ്പോഴത് 25 വയസ് ആണ്.
ഈ 25 വയസ് അധികം താമസിക്കാതെ 15 വയസിലേക്ക് താഴ്ത്തും. ഇപ്പോള്‍ 12 വയസ് മുതല്‍ ടൈപ്പ് 2 പ്രമേഹം കുട്ടികളില്‍ കണ്ടെത്തുകയാണെന്ന് പ്രമേഹരോഗ വിദഗ്ധനും ജ്യോതിദേവ്സ് ഡയബറ്റിസ് റിസര്‍ച്ച് സെൻ്റര്‍ ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവ് ഇടിവി ഭാരതിനോട് പറഞ്ഞു.
കുട്ടികളിലെ അമിതവണ്ണം പലപ്പോഴും മാതാപിതാക്കള്‍ തിരിച്ചറിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അമിതവണ്ണത്തെ ‘ഹെല്‍ത്തി’ ആയി കാണുന്ന കുടുംബശീലങ്ങളും ആഹാരരീതിയിലുണ്ടായ ദോഷകരമായ മാറ്റങ്ങളുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. കേരളത്തിൻ്റെ ആരോഗ്യമേഖല വളരെ ഗൗരവ പൂര്‍വം സമീപിക്കേണ്ട ഒരു വിഷയം തന്നെയാണ് ചെറിയ പ്രായത്തിലെ ഈ പ്രമേഹാവസ്ഥ.
’ഏർലി ആക്ഷൻ ഓൺ ഡയബറ്റിസ്’: ഈ വർഷത്തെ പ്രമേഹദിന സന്ദേശം
Early Action on diabetes എന്നതാണ് ഈ വര്‍ഷത്തെ ലോക പ്രമേഹദിന സന്ദേശം. പ്രമേഹം കണ്ടെത്തുമ്പോഴേക്കും പലരുടെയും ജീവിതത്തില്‍ ഏഴ് മുതല്‍ എട്ട് വര്‍ഷം വരെ നഷ്ടപ്പെട്ടിട്ടുണ്ടാകാം. ഈ താമസം മൂലം പ്രമേഹത്തിൻ്റെ സങ്കീര്‍ണതകള്‍ നേരത്തെ തന്നെ ശരീരത്തെ ബാധിക്കുകയും ചെയ്യും. പ്രാരംഭാവസ്ഥയിലാണെങ്കില് പോലും പ്രമേഹം കണ്ടെത്തിയാല്‍ ഉടൻ തന്നെ ഡയറ്റും വ്യായാമവും ഉറപ്പാക്കണം. ഇതുകൊണ്ട് നിയന്ത്രിക്കാനാവാത്ത അവസ്ഥയാണെങ്കിൽ, അനാവശ്യമായി സമയം കളയാതെ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയിലേക്ക് കടക്കേണ്ടതാണ്.
മാറിവരുന്ന ചികിത്സാ രീതികളും ‘ഷെയേര്‍ഡ് ഡിസിഷനും’
കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രമേഹ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ഔഷധങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും വ്യത്യാസം വന്നു. നേരത്തെ ഷുഗര്‍ കുറയ്ക്കാന്‍ രണ്ട് ഗുളികകള്‍ ഉണ്ടായിരുന്നു. ഗ്ലൂക്കോസ് കുറയ്ക്കാനായി ഇന്‍സുലിനുകളും ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് വ്യക്തിഗത സാഹചര്യങ്ങള്‍ പരിഗണിച്ചാണ് മരുന്നുകള്‍ തെരഞ്ഞെടുക്കുന്നതെന്ന് ഡോ. ജ്യോതിദേവ് പറയുന്നു. രോഗിക്ക് അമിതവണ്ണമുണ്ടോയെന്നും ഹൃദ്രോഗ-വൃക്കരോഗ സാധ്യതകളുണ്ടോയെന്നും പരിശോധിക്കും. ഒപ്പം രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കുറഞ്ഞുപോകുന്ന അവസ്ഥയും ശരീരഭാരം തീരെ കുറഞ്ഞ് പോകാതിരിക്കാനുള്ള സാധ്യതയും വിലയിരുത്തും. സാമ്പത്തിക സ്ഥിതിയും കുടുംബത്തിൻ്റെ പിന്തുണയും കണക്കിലെടുക്കും. ഇങ്ങനെ ഏകദേശം ഏഴോളം സാഹചര്യങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ഇപ്പോള്‍ ഔഷധങ്ങള്‍ നല്‍കുന്നത്. ഇന്നത്തെ പ്രമേഹ ചികിത്സ ഏകപക്ഷീയമല്ല, മറിച്ച് ‘ഷെയേര്‍ഡ് ഡിസിഷൻ’ (Shared Decision) ആണ്. രോഗിയോടും കൂടെയുള്ളവരോടും സംസാരിച്ച്, പാര്‍ശ്വഫലങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി, അവരുടെ തൊഴില്‍പരമായ സൗകര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് അനുയോജ്യമായ മരുന്ന് നിര്‍ദേശിക്കുന്നത്.
അമിതവണ്ണവും പ്രമേഹവും: അടുത്തകാലത്തെ പ്രധാന മാറ്റം
പ്രമേഹത്തോടൊപ്പം ചികിത്സിക്കേണ്ട മറ്റൊരു പ്രധാന രോഗമായി അമിതവണ്ണം മാറിക്കഴിഞ്ഞു. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള എല്ലാ ശാസ്ത്ര സംഘടനകളും അമിതവണ്ണത്തെ ഒരു വലിയ രോഗമായി അംഗീകരിച്ചിട്ടുണ്ട്. ഗര്‍ഭിണികളോ പെണ്‍കുട്ടികളോ ആവട്ടെ, പണ്ടൊക്കെ വണ്ണം കുറച്ചിട്ട് വരിക എന്ന് ഉപദേശിച്ച് മടക്കുകയായിരുന്നു പതിവ്. എന്നാല്‍ എങ്ങനെ കുറയ്ക്കണമെന്ന് ശാസ്ത്രീയമായി നിര്‍ദേശിച്ചിരുന്നില്ല. 10 മുതല്‍ 30 കിലോഗ്രാം വരെ അധികഭാരമുള്ളവര്ക്ക് കേവലം ഡയറ്റ് കൊണ്ട് മാത്രം ഇത് കുറയ്ക്കാനാകില്ല. ഇതിനായി ഇന്ന് ഫലപ്രദമായ ഔഷധങ്ങളുണ്ട്. അമിതവണ്ണം മൂലം മുന്നൂറിലധികം കോപ്ലിക്കേഷനുകള്‍ ഉണ്ടാകാം, അതില്‍ ഒന്ന് മാത്രമാണ് പ്രമേഹം. ഇത് മൂലം ഇരുന്നൂറോളം സങ്കീര്‍ണതകള്‍ വേറെയുമുണ്ട്. ശരീരത്തിലെ അമിതമായ കൊഴുപ്പ് എത്രയെന്ന് കൃത്യമായി കണ്ടെത്തി ചികിത്സിച്ചാല്‍ ഇവയെല്ലാം ഒരു പരിധി വരെ ഒഴിവാക്കാം.
ഭാവിയിലെ ചികിത്സാ ലക്ഷ്യങ്ങൾ
പ്രമേഹത്തിനായി നടക്കാനിരിക്കുന്ന പുതിയ ക്ലിനിക്കല്‍ ട്രയലുകളിലെ മരുന്നുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. രക്തത്തിലെ പഞ്ചസാര കുറയ്ക്കുക എന്നത് മാത്രമായിരിക്കില്ല ഇനി ലക്ഷ്യം. കൊഴുപ്പ് കുറച്ച് കരളിനെ സംരക്ഷിക്കുക, ലിവര്‍ ട്രാന്സ്പ്ലാന്റേഷന് ഒഴിവാക്കുക, കാന്‍സര്‍ പ്രതിരോധിക്കുക, ഹാര്‍ട്ട് ഫെയിലിയറും കിഡ്നി ഫെയിലിയറും തടയുക എന്നിവയാണ് ഭാവിയിലെ മരുന്നുകളുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിലൂടെ പ്രമേഹചികിത്സ തികച്ചും പുതിയൊരു ദിശയിലേക്ക് സഞ്ചരിക്കുകയാണ്.







