2025: ഇന്ത്യന്‍ വ്യോമയാനമേഖലയുടെ കറുത്ത വര്‍ഷം,

0
44

ന്യൂഡല്‍ഹി: നമ്മെ ആകെ ഉലച്ചു കളഞ്ഞ, ദുരന്തം, മുന്‍പില്ലാത്ത വിധത്തില്‍ വിമാന സര്‍വീസുകളിലുണ്ടായ പ്രശ്‌നങ്ങള്‍, കുതിച്ചുയര്‍ന്ന ടിക്കറ്റ് നിരക്ക്, തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് നമ്മുടെ വ്യോമയാന മേഖല 2025ല്‍ സാക്ഷ്യം വഹിച്ചെങ്കിലും 2025 അവസാനിക്കുമ്പോഴേക്കും ഈ മേഖലയില്‍ അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് നാം.

ജൂണില്‍ അഹമ്മദാബാദില്‍ 260 ജീവനെടുത്ത എയര്‍ ഇന്ത്യ വിമാന ദുരന്തം മുതല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ തലനാരിഴയ്ക്ക് വഴി മാറിയ ദുരന്തത്തിനും പതിനായിരങ്ങളെ പെരുവഴിയിലാക്കിയ ഇന്‍ഡിഗോ വിമാന കമ്പനിയുടെ അയ്യായിരത്തിലേറെ സര്‍വീസുകളിലുണ്ടായ പാളിച്ചകളും മറ്റും മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാരുടെ വിനിയോഗം, സുരക്ഷാ മാനദണ്ഡങ്ങള്‍, കുത്തക തുടങ്ങിയവ അതീവ സൂക്ഷ്‌മ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിരിക്കുന്നു. 1180 ലക്ഷം ആഭ്യന്തര യാത്രികരുള്ള ഈ മേഖല എത്രമാത്രം അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നത് എന്ന വലിയ ചോദ്യമാണ് ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തുന്നത്.

171 എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ദുരന്ത പതനം

പതിവുപോലെ തന്നെയായിരുന്നു 2025 ജൂണ്‍ പന്ത്രണ്ട് വരെ നമ്മുടെ വ്യോമയാന മേഖല. എന്നാല്‍ ജൂണ്‍ പന്ത്രണ്ട് ഈ മേഖലയെ ആകെ മാറ്റി മറിച്ചു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാഡ്‌വിക്കിലേക്ക് പോകാനായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ 171 എ ബോയിങ് ഡ്രീം ലൈനര്‍ 32 സെക്കന്‍റുകള്‍ക്കുള്ളില്‍ വന്‍തീഗോളമായി നിലംപതിച്ചു.

230 യാത്രികരു 12 ജീവനക്കാരുമക്കം 242 പേരാണ് വിമാനത്തിനള്ളിലുണ്ടായിരുന്നത്. മെഘാനി നഗറിലെ ബി ജെ മെഡി്കല്‍ കോളജ് ഹോസ്റ്റലിന് മുകിലേക്കാണ് ആ അഗ്നിഗോളം പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ ബാക്കിയെല്ലാവരും ഹോസ്റ്റലിലും പരിസരങ്ങളിലുമുണ്ടായിരുന്ന 19 പേരും അടക്കം 260 ജീവനുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിയമര്‍ന്നു. വിമാനത്തില്‍ നിന്ന് എങ്ങനെയോ പുറത്ത് കടന്ന രമേഷ് വിശ്വാസ് കുമാര്‍ എന്ന ബ്രിട്ടീഷ് പൗരന് മാത്രം ജീവന്‍ തിരിച്ച് കിട്ടി.

2011ന് ശേഷം ബോയിങ് 787നുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്. ജൂലൈയില്‍ എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ9എഎഐബി)യുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നു. വിമാനം പറന്നുയര്‍ന്ന് സെക്കന്‍റുകള്‍ക്കകം ഇന്ധനവിതരണം നിലയ്ക്കുകയായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. റണ്‍ മോഡിന് പകരം കട്ട് ഓഫ് മോഡിലേക്ക് ഇന്ധന നിയന്ത്രണ സ്വിച്ച് നീങ്ങി.

എന്തിനാണ് സ്വിച്ച് ഓഫ് ചെയ്യുന്നതെന്ന് ഒരു വൈമാനികന്‍ സഹവൈമാനികനോട് ചോദിക്കുന്നത് കോക്ക്പിറ്റിലെ വോയ്‌സ് റെക്കോര്‍ഡറിലുണ്ട്. എന്നാല്‍ മറ്റേയാള്‍ ഇത് നിഷേധിക്കുന്നതും കേള്‍ക്കും. ഉടന്‍ തന്നെ സ്വിച്ച് ഓണ്‍ ചെയ്യാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഇതിനിടെ കാര്യത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ സഹവൈമാനികന്‍ മെയ് ഡേ അലര്‍ട്ട് നല്‍കുന്നുമുണ്ട്.

ഉരുത്തിരിഞ്ഞ സിദ്ധാന്തങ്ങള്‍

വൈമാനികന്‍റെ പിഴവ്, യന്ത്രത്തകരാര്‍, ഇലക്‌ട്രോണിക് വീഴ്‌ച? എന്നാല്‍ കാലാവസ്ഥ പ്രശ്‌നം ആദ്യമേ തന്നെ തള്ളപ്പെട്ടിരുന്നു. പക്ഷി ഇടിക്കല്‍, ഭാര-സന്തുലന പ്രശ്‌നങ്ങള്‍, ഇന്ധനത്തിലെ മായം, എന്‍ജിന്‍ തകരാര്‍ തുടങ്ങി പല കാര്യങ്ങളും പരിഗണിക്കപ്പെട്ടു. നേരത്തെ വിമാനത്തിന് അഹമ്മദാബാദില്‍ ഇറങ്ങാനും ബുദ്ധിമുട്ടുണ്ടായിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നു. തുടര്‍ന്ന് എന്‍ജിനീയര്‍മാര്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ തകരാറുകളൊന്നും കണ്ടെത്താനായില്ല.

ആറ് മാസത്തിന് ശേഷം ഡിസംബറില്‍ എഎഐബി അധികൃതര്‍ എന്‍ടിഎസ്‌ബിയുടെയും ബോയിങിന്‍റെയും പ്രതിനിധികളുമായി വാഷിങ്ടണില്‍ കൂടിക്കാഴ്‌ച നടത്തി. ബ്ലാക്ക് ബോക്‌സ് വിശകലനം ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്‌ച. അന്വേഷണ തുടരുകയാണ്. അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നു.

ദുരന്തത്തിന് ശേഷം ഡിജിസിഎ എയര്‍ ഇന്ത്യയുടെ 787/789വിമാനങ്ങളില്‍ പരിോധന നടത്തി. ഇവയുടെ എന്‍ജിനുകളും ഇന്ധന വിതാന നിരീക്ഷണവും ഇലക്‌ട്രോണിക് എന്‍ജിന്‍ നിയന്ത്രണ പരിശോധനകളും ഇന്ധന വിതരണ യന്ത്രങ്ങളും വിമാനം പറന്നുയരല്‍ സംവിധാനങ്ങളും , വിമാന നിയന്ത്രണ പരിശോധനയും ദ്വൈവാര പ്രകടന വിലയിരുത്തലുകളും എല്ലാം നടന്നു.

പ്രിയപ്പെട്ടവരെ നഷ്‌ടമായ കുടുംബങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം നല്‍കല്‍ വൈകി. ഈ കുടുംബങ്ങളുടെ മാനസിക പ്രതിസന്ധികള്‍ അമേരിക്കന്‍ അറ്റോര്‍ണി മൈക്ക് ആന്‍ഡ്രൂസ് ഉയര്‍ത്തിക്കാട്ടി. ഓരോ ദിവസവും പോരാട്ടമായി മാറി ഇവര്‍ക്ക്. ഇവരുടെ വൈകാരിക പ്രതിസന്ധിയും ദീര്‍ഘകാല മാനസിക ആഘാതവും വലിയ ആശങ്കയായിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഐ 171, എഐ, 172 വിഭാഗങ്ങളിലെ വിമാനങ്ങളുടെ സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തി. വൈഡ് ബോഡി ഓപ്പറേഷനുകളും താത്ക്കാലികായി വെട്ടിച്ചുരുക്കി. 2025 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റയും രാജ്യാന്തര സര്‍വീസുകള്‍ ഇന്‍ഡിഗോയ്ക്ക് കൈമാറി. 2025 ഡിസംബറില്‍ വ്യോമയാന മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്‍ഡിഗോ 4.136 ദശലക്ഷം യാത്രികരെ വഹിച്ചു. എയര്‍ ഇന്ത്യ ഗ്രൂപ്പ് സാധാരണഗതിയില്‍ 4.1 മുതല്‍ 4.11 ദശലക്ഷം വരെ യാത്രികരെയാണ് കൊണ്ടു പോകാറുള്ളത്.

ഇന്‍ഡിഗോയുടെ ഡിസംബറിലെ വീഴ്‌ച; കനത്ത പ്രവര്‍ത്തന പ്രതിസന്ധി

ജൂണില്‍ ദുരന്തമായിരുന്നെങ്കില്‍ ഡിസംബറില്‍ ആശയക്കുഴപ്പങ്ങള്‍ക്കായിരുന്നു വ്യോമയാന രംഗം സാക്ഷ്യം വഹിച്ചത്. ആഭ്യന്തര വിപണയുടെ 63ശതമാനവും (സെപ്റ്റബറിലെ കണക്കുകള്‍ പ്രകാരം) സീറ്റിങ് ക്ഷമതയുടെ 53.4ശതമാനവും(ഐഎടിഎയുടെ ജൂണിലെ വിവരങ്ങള്‍ പ്രകാരം) കൈവശം വച്ചിട്ടുള്ള ഇന്‍ഡിഗോ അയ്യായിരത്തോളം വിമാനങ്ങള്‍ റദ്ദാക്കി. അവധി, വിവാഹ കാലത്തുള്ള ഈ റദ്ദാക്കല്‍ പതിനായിരങ്ങളെ പെരുവഴിയിലാക്കി.

ഡിസംബര്‍ രണ്ടിനാണ് പ്രതിസന്ധി ആരംഭിച്ചത്. ഡിസംബര്‍ മൂന്നിന് 150ലേറെ വിമാനങ്ങള്‍ റദ്ദാക്കിയതോടെ പ്രതിസന്ധി മൂര്‍ച്ഛിച്ചു. ഡിസംബര്‍ നാലിന് 1200ലേറെയും നാലിന് 1600ലധികവും വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ പ്രതിസന്ധി പിന്നെയും കൂടി ഡിസംബര്‍ അഞ്ചോടെ പ്രതിസന്ധി മൂര്‍ദ്ധന്യത്തിലെത്തി.

പ്രധാന വിമാനത്താവളങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളുരു, ഹൈദരാബാദ് തുടങ്ങിയിടങ്ങില്‍ ജനങ്ങള്‍ അനന്തമായി കാത്തിരുന്നു. ഇവര്‍ക്ക് പലര്‍ക്കും പങ്കെടുക്കേണ്ടിയിരുന്ന പല പരിപാടികളും നഷ്‌ടമായി. വിമാനടിക്കറ്റ് വില്‍പ്പന നാല് ശതമാനത്തിലേക്ക് കൂപ്പുകുത്തി.

2024 ജനുവരിയില്‍ വന്ന നിയമപ്രകാരം പ്രധാനമായും വിമാന ജോലി സമയത്തിലുണ്ടായ പരിമിതപ്പെടുത്തലുകള്‍ വൈമാനികരിലുണ്ടാക്കിയ ആശങ്കയാണ് ആശയക്കുഴപ്പങ്ങളിലേക്ക് വഴി വച്ചത്. വിശ്രമം, രാത്രികാല ഡ്യൂട്ടി തുടങ്ങിയവയിലുണ്ടായ മാറ്റങ്ങളും വൈമാനികരുടെ എണ്ണം ചുരുക്കി. അതും കൂടുതല്‍ ആവശ്യമുള്ള മൂടല്‍ മഞ്ഞ് കാലത്ത്.

മൂടല്‍മഞ്ഞ്, സാങ്കേതിക തകരാര്‍, തുടങ്ങിയ കാരണങ്ങളാല്‍ ആദ്യം ഇന്‍ഡിഗോ 706 വിമാനങ്ങള്‍ റദ്ദാക്കി. തൊട്ടടുത്ത ദിവസം 1565ഉം, അതിനടുത്ത ദിവസം 1650 വിമാനങ്ങളും റദ്ദാക്കപ്പെട്ടു.

വ്യോമയാന വകുപ്പിന്‍റെ തീവ്ര ഇടപെടല്‍

ഡിസംബര്‍ ആറിന് വ്യോമയാന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ശൈത്യകാല സര്‍വീസില്‍ പത്ത് ശതമാനം വെട്ടിച്ചുരുക്കി. ഡിസംബര്‍ 12ന് നാല് ഇന്‍സ്‌പെക്‌ടര്‍മാരെ പിരിച്ച് വിട്ടു. പ്രതിദിനം നാനൂറ് അഞ്ഞൂറ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. ഇത് 81000 യാത്രികരെ ബാധിച്ചു.

റദ്ദാക്കിയ വിമാനങ്ങളില്‍ ബുക്ക് ചെയ്‌തവര്‍ക്ക് പണം തിരികെ നല്‍കി. വൈസ്‌ചെയര്‍മാന്‍ വിക്രം സിങ് മെഹ്‌ത്ത യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമാപണം നടത്തി.

നിയമന നടപടികള്‍ മരവിപ്പിച്ച നടപടി വൈമാനികരുടെ അസോസിയേഷന്‍ അപലപിച്ചു. ഇത് കരുതിക്കൂട്ടിയുള്ള നടപടിയാണെന്ന് വ്യോമയാന വിദഗ്ദ്ധന്‍ ക്യാപ്റ്റന്‍ അമിത് സിങ് പറയുന്നു. ശൈത്യകാല ഷെഡ്യൂള്‍ നേരത്തെ നിശ്ചയിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക തിരിച്ചടി

2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ മൊത്തം നഷ്‌ടം 161 ശതമാനം വര്‍ദ്ധിച്ച് 2,582 കോടി രൂപായി. (വരുമാനത്തില്‍ 9.3ശതമാനം നഷ്‌ടം അതായത് 18,55 കോടി രൂപയുടെ ഇടിവ്, ചെലവില്‍ പത്ത് മടങ്ങ് വര്‍ദ്ധന, അതായത് 2,892 കോടി രൂപ)മാര്‍ക്കറ്റ് ക്യാപ് 2.076 ലക്ഷം കോടിയായി. (215ശതമാനം അഞ്ച് വര്‍ഷ വളര്‍ച്ച).

ഉയര്‍ന്ന വിമാനനിരക്കും സര്‍ക്കാര്‍ ഇടപെടലും

റദ്ദാക്കലുകള്‍ തുടര്‍ക്കഥയായതോടെ വിമാനനിരക്കില്‍ വന്‍ വര്‍ദ്ധനയുണ്ടായി. ഇതോടെ വ്യോമയാന മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടു. ദൂരം അടിസ്ഥാനമാക്കി നിരക്ക് നിര്‍ണയം നടത്തി.

  • അഞ്ഞൂറ് കിലോമീറ്ററിന്- 7500 രൂപ വരെ
  • അഞ്ഞൂറ് മുതല്‍ ആയിരം കിലോമീറ്ററിന് 12000 രൂപ
  • ആയിരം മുതല്‍ ആയിരത്തഞ്ഞൂറ് കിലോമീറ്ററിന് 15000 രൂപ
  • 1500 കിലോമീറ്ററിന് മുകളില്‍ 18,000 രൂപ.

ഈ നിരക്കുകള്‍ എല്ലാ ബുക്കിങ് പ്ലാറ്റ്ഫോമുകള്‍ക്കും ബാധകമാക്കി. ബിസിനസ് ക്ലാസുകളും ആര്‍സിഎസ്, ഉഡാന്‍ വിമാനങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

റീഷെഡ്യൂളിങിനും റദ്ദാക്കലുകള്‍ക്കും അധിക ഫീസ് ഈടാക്കരുതെന്നും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഡിസംബര്‍ ഏഴിനകം റീഫണ്ട് ചെയ്യണമെന്നും ഉത്തരവിട്ടു. ബാഗേജുകള്‍ 48 മണിക്കൂറിനക തിരികെ നല്‍കണമെന്നും ഇന്‍ഡിഗോയോട് നിര്‍ദ്ദേശിച്ചു.

ജനുവരി മുതല്‍ നവംബര്‍ വര എയര്‍സേവയില്‍ 16,591 പരാതികള്‍ കിട്ടി. ഇതില്‍ 16,309 പരാതികള്‍ പരിഹരിക്കപ്പെട്ടു.

ശൈത്യകാല ഷെഡ്യൂള്‍, പ്രതിസന്ധികള്‍ക്കിടയിലും വളര്‍ച്ച

2025 ഒക്‌ടോര്‍ 26 മുതല്‍ 2026 മാര്‍ച്ച് 28 വരെയുള്ള 2025ലെ ശൈത്യകാല ഷെഡ്യൂള്‍പരിശോധിച്ചാല്‍ ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന ശൃംഖലയില്‍ വളര്‍ച്ച ഉണ്ടായതായി കാണാം. പ്രതിവാരം 26495 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. തൊട്ടു മുമ്പത്തെ വേനല്‍ക്കാല സര്‍വീസുകളില്‍ നിന്ന് 3.46ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

പുതിയ പ്രാദേശിക കണക്‌ടിവിറ്റികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമരാവതി, ഹിസാര്‍, പൂര്‍ണിയ, രൂപ്‌സി പോലുള്ളവയെ കൂട്ടിച്ചേര്‍ത്തപ്പോള്‍ ചെറിയ വിമാനത്താവളങ്ങളായ അലിഗഡ്, മൊറാദാബാദ്, ചിത്രകൂട്, ഭാവ്‌നഗര്‍, ലുധിയാന, പാക്യോങ്, ശ്രാവസ്തി തുടങ്ങിയവയിലേക്കുള്ള സര്‍വീസുകള്‍ താത്ക്കാലികമായി ഒഴിവാക്കിയിട്ടുമുണ്ട്.

ഇന്‍ഡിഗോയാണ് ഏറ്റവും കൂടുതല്‍ പ്രതിവാര സര്‍വീസുകള്‍ നടത്തുന്നത്. 15,014 സര്‍വീസുകള്‍ നടത്തി വിപണിയിലെ 56.7ശതമാനവും അവര്‍ കയ്യടക്കിയിരിക്കുന്നു. കഴിഞ്ഞ കൊല്ലത്തേതില്‍ നിന്നും 6.05 ശതമാനവും 2024ല്‍ നിന്ന് 9.66 ശതമാനവും വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഡിസംബര്‍ പ്രതിസന്ധിയെ തുടര്‍ന്ന് വ്യോമയാന അധികൃതര്‍ പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

നിര്‍ണായക നേട്ടമുണ്ടാക്കിയ ചെറു വിമാനക്കമ്പനികള്‍

ചെലവ് കുറഞ്ഞ വിമാനക്കമ്പനികായ സ്‌പൈസ് ജെറ്റും ഫ്ലൈ 91ഉം നിര്‍ണായക നേട്ടമുണ്ടാക്കിയിട്ടുണ്ട്. 26.45 ശതമാനം വര്‍ദ്ധനയാണ് സ്‌പൈസ് ജെറ്റിന് ഉണ്ടായിട്ടുള്ളത്. ഫ്ലൈ 91ന് 59.35 ശതമാനം വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്.

ജീവനക്കാരുടെ ജോലി സമയം, വിമാന സമയക്രമം, മതിയായ ആശയവിനിമയം ഇല്ലായ്‌മ തുടങ്ങിയവ സംബന്ധിച്ച കെടുകാര്യസ്ഥതയില്‍ ഇന്‍ഡിഗോയെ കുറ്റപ്പെടുത്തി വ്യോമയാന മന്ത്രി കിന്‍ജാരപ്പു രാം മോഹന്‍ നായിഡു രംഗത്തെത്തി. ഏറെ തിരക്കുള്ള ശൈത്യകാലത്ത് വിമാനക്കമ്പനി എങ്ങനെയാണ് ദേശ വ്യാപക പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആകാശമാറ്റങള്‍, 2026ല്‍ ഇന്ത്യയുടെ വ്യോമയാന മേഖല പ്രതീക്ഷിക്കുന്നത്

ഇന്ത്യയുടെ വ്യോമയാന മേഖല ഏറെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ദീര്‍ഘകാലമായി ആസൂത്രണം ചെയ്യുന്ന മാറ്റങ്ങള്‍ 2026ല്‍ യാത്രികര്‍ക്ക് അനുഭവവേദ്യമാകാന്‍ പോകുകയാണ്. വിമാനക്കമ്പനികള്‍ പൂര്‍ണ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു, കുറഞ്ഞ നിരക്കും പുതിയ ആളുകളും ഈ രംഗത്തേക്ക് കടന്ന് വരുന്നു. സേവനങ്ങള്‍ വിപുലീകരിക്കുന്നു, വിമാനങ്ങള്‍ നവീകരിക്കുന്നു, രാജ്യാന്തര വിതരണ ശൃംഖല ചുരുങ്ങിയിട്ടുണ്ടെങ്കിലും കഴിയാവുന്നത്ര വേഗത്തില്‍ വളരാന്‍ ശ്രമിക്കുകയാണ്.

എയര്‍ ഇന്ത്യയാണ് ഏറെ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. 2022ല്‍ സ്വകാര്യവത്ക്കരിച്ചതിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്‌ത കമ്പനി എയര്‍ ഇന്ത്യയാണ്. 570 വിമാനങ്ങള്‍ക്കാണ് ഇവര്‍ ഓര്‍ഡര്‍ നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷവും ഇവര്‍ അടിത്തറ പുനഃസൃഷ്‌ടിക്കാനാണ് ശ്രമിച്ചത്. ഐടി സംവിധാനത്തെ ആധുനീകരിക്കാനും ജീവനക്കാരെ പരിശീലിപ്പിക്കാനും പ്രവര്‍ത്തന സംവിധാനങ്ങള്‍ പരിഷ്ക്കരിക്കാനും ഉള്ള ശ്രമവും നടത്തി വന്നു. 2026ഓടെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തുമെന്നാണ് വിലയിരുത്തല്‍. 2025 ഒക്‌ടോബര്‍ വരെ വിമാനങ്ങളുടെ നാരോ ബോഡി മെച്ചപ്പെടുത്തല്‍ പൂര്‍ത്തിയാക്കി. 82 ശതമാനം വിമാനങ്ങളുടെയും ഇന്‍റീരീയര്‍ മെച്ചപ്പെടുത്തലും പൂര്‍ത്തിയായി. 2026 അവസാനത്തോടെ 96ശതമാനം ആഭ്യന്തര വിമാനങ്ങളും പുതുപുത്തനാക്കിയാകും സര്‍വീസ് നടത്തുക.

വിശാലമായ ബോഡിയുള്ളവ അതിസങ്കീര്‍ണമാണ്. എങ്കിലും അത് പോലെ തന്നെ പ്രാധാന്യവും അവയ്ക്കുണ്ട്. എയര്‍ഇന്ത്യയുടെ അഭിമാനമായ ബോയിങ് 77-8 വിഭാഗത്തിലുള്ള സര്‍വീസ് നടത്തുന്ന 26വിമാനങ്ങളും പൂര്‍ണമായും നവീകരിക്കല്‍ നടപടികള്‍ നടത്തുന്നുണ്ട്. ഇതില്‍ മുക്കാല്‍ ഭാഗവും 2026 അവസാനത്തോടെ പൂര്‍ത്തിയാകും. ആറ് പുത്തന്‍ വൈഡ് ബോഡി വിമാനങ്ങളും ബോയിങ് 787-9കളും എയര്‍ബസ് എ 350-1000വും 2026ല്‍ കമ്പനിയുടെ ഭാഗമാകും. അതിന് ശേഷം എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര യാത്രയ്ക്കുള്ള അറുപത് ശതമാനം വൈഡ് ബോഡി വിമാനങ്ങളും പൂര്‍ണമായും ആധുനീകരിക്കുകയോ പുതുക്കുകയോ ചെയ്യുമെന്ന് എയര്‍ ഇന്ത്യയുടെ കോര്‍പ്പറേറ്റ് അഫയേഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് പി ബാലാജി ഇടിവി ഭാരതിനോട് പറഞ്ഞു. യാത്രികര്‍ക്ക് പുനഃക്രമീകരിച്ച കാബിനുകള്‍ കാണാനാകും. മെച്ചപ്പെട്ട വിമാന അകത്തളങ്ങളും വിനോദവും എല്ലാ ക്ലാസിലും നല്ല സൗകര്യങ്ങളും ഓരോ മാസവും അനുഭവിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വ്യോമയാന രംഗത്ത് ആധിപത്യം തുടരാന്‍ ഇന്‍ഡിഗോയും ശ്രമം തുടരും. നാനൂറിലേറെ വിമാനങ്ങള്‍ കമ്പനിയുടേതായി സര്‍വീസ് നടത്തുന്നുണ്ട്. 900 എണ്ണത്തിന് കൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ എ32 നിയോ, എ321 നിയോ, എ321എക്‌സ് എല്‍ ആര്‍, എ350-900 വൈഡ് ബോഡീസ് എന്നിവയുണ്ട്. ഒക്‌ടോബറില്‍ ഇന്‍ഡിഗോയുടെ 30 വാങ്ങലുകള്‍ എ 350-900 ഓര്‍ഡറുകളാക്കി മാറ്റിയിരുന്നു. ഇതോടെ ഇവരുടെ വൈഡ് ബോഡി അംഗസംഖ്യ അറുപതാകും. ഇവര്‍ 2025ല്‍ പ്രതിദിനം 2,200 സര്‍വീസുകളാണ് നടത്തിയത്. 1180 ലക്ഷ യാത്രികര്‍ സഞ്ചരിച്ചു. മാഞ്ചസ്റ്റര്‍, ആംസ്റ്റര്‍ഡാം തുടങ്ങിയ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തി ചെലവ് കുറഞ്ഞ രാജ്യാന്തര സര്‍വീസ് എന്ന ഖ്യാതിയും ഇവര്‍ നേടി.

അക്‌സ എയറും ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്നു. 226 ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഇവര്‍ ഓര്‍ഡര്‍ നല്‍കി. ഇതില്‍ 31 എണ്ണ കമ്പനിക്ക് കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ളവ 2032ഓടെ എത്തും. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വിമാനക്കമ്പനി പതിയെ തങ്ങളുടെ വളര്‍ച്ചാ ശേഷി വര്‍ദ്ധിപ്പിക്കുകയാണ്.

ആഗോളതലത്തില്‍ വളര്‍ച്ച തടസപ്പെടുന്നുണ്ട്. ലോകമെമ്പാടും 5300 വിമാനങ്ങള്‍ ഇനിയും കൈമാറാനുണ്ടെന്നാണ് ഐഎടിഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 17000ത്തിലേറെ വിമാനങ്ങളുടെ ഓര്‍ഡറുകള്‍ ഇനിയും അവശേഷിക്കുന്നുണ്ട്.

ഏതായാലും പുതുപുത്തന്‍ വിമാനങ്ങള്‍, മികച്ച ക്യാബിനുകള്‍, മെച്ചപ്പെട്ട കണക്‌ടിവിറ്റി, മെച്ചപ്പെട്ട പറക്കല്‍ അനുഭവങ്ങള്‍ തുടങ്ങിയവയാകും 2026ല്‍ യാത്രികരെ കാത്തിരിക്കുന്നത്. വര്‍ഷങ്ങളായുള്ള തയാറെടുപ്പിലൂടെ ഇത് കേവലം ആസൂത്രണമല്ലാതെ ആയി മാറിയിരിക്കുന്നു. അവസാനം ഇത് യാഥാര്‍ത്ഥ്യമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here