ചിലപ്പോള്‍ നിങ്ങള്‍ക്കുമുണ്ടാകും ഡൂം സ്‌ക്രോളിങ് അഡിക്‌ഷൻ! കാത്തിരിക്കുന്നത് വലിയ അപകടം,

0
15

അമിതമായ സ്‌മാർട്ട് ഫോണ്‍ ഉപയോഗം മാനസികവും ശാരീരികവുമായ പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. ഡൂം സ്‌ക്രോളിങ് അഡിക്‌ഷനുള്ളവർ ഈ ശീലങ്ങൾ പിന്തുടരൂ.

ലിയൊരു ശതമാനം ആളുകളുടെയും ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് സ്‌മാര്‍ട്ട് ഫോണും ഡിജിറ്റൽ ഉപകരണങ്ങളും. മൊബൈല്‍ ഫോണുകളോടുള്ള അതിരുകടന്ന ആസക്തിയിൽ ദിവസം മുഴുവൻ ഫോൺ സ്ക്രോള്‍ ചെയ്‌തു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഡൂം സ്‌ക്രോളിങ്. ആവശ്യമില്ലാത്തതും നെഗറ്റീവ് വാർത്തകളിലും അധിക സമയം ചെലവഴിക്കുന്നതും ഡൂം സ്‌ക്രോളിങ് അഡിക്ഷനാണ്.

ഓരോ അഞ്ച് മിനിറ്റിലും ഫോൺ പരിശോധിക്കാൻ നിങ്ങൾ താത്‌പര്യപ്പെടുകയും ആവശ്യമില്ലെങ്കിൽ പോലും സോഷ്യൽമീഡിയയിൽ സമയം ചെലവഴിക്കുകയും ചെയ്യുന്നു. ഇതൊരു സ്വാഭാവിക പ്രക്രിയയായി മാറിയിരിക്കുകയാണ് പലരിലും. കൊവിഡിന് ശേഷമാണ് പലരിലും ഡൂം സ്‌ക്രോളിങ് പ്രകടമായിവരുന്നത്. ഇത് മൂലം മാനസിക, ശാരീരിക ആരോഗ്യത്തിനും ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ഉത്കണ്‌ഠ, വിഷാദം, പരിഭ്രാന്തി, ഒസിഡി എന്നിവയ്‌ക്കും കാരണമായേക്കാം.

ഡൂം സ്‌ക്രോളിങ് അഡിക്‌ഷനുള്ളവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിൽ നിന്നും മോചനം നേടാം. ദിവസേന ഈ ശീലങ്ങൾ പിന്തുടർന്നാൽ പ്രകടമായ മാറ്റങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടും. അതിനായി ഈ ശീലങ്ങൾ പിന്തുടരൂ.

1. ഉറങ്ങാൻ പോകുന്നതിനു മുൻപ് നിങ്ങളുടെ ഫോൺ മാറ്റിവയ്‌ക്കുക

ഫോൺ ഉപയോഗത്തിന് സ്വയം അതിരുകൾ നിശ്ചയിക്കുക. എല്ലാ ദിവസവും കൃത്യമായ ഒരു സമയം ഉറക്കത്തിനായി ഷെഡ്യൂൾ ചെയ്യുക. എല്ലാ ദിവസവും രാത്രി 10 മണിക്ക് കിടക്കുകയോ അല്ലെങ്കിൽ ഏഴ് മണിക്കൂർ കൃത്യമായി ഉറക്കം ലഭിക്കുന്നുണ്ടെന്നോ ഉറപ്പുവരുത്തുക. കിടക്കയിൽ ഫോൺ വയ്‌ക്കാതിരിക്കുക. കിടക്കാൻ പോകുന്നതിന് മുൻപ് ഫോൺ മുറിക്ക് പുറത്തുവച്ചാൽ ഇടയ്‌ക്കിടെ ഫോൺ നോക്കുന്ന ശീലം കുറച്ചുകൊണ്ട് വരാം. അലാറാം വയ്‌ക്കേണ്ട കാരണത്താലാണ് ഫോൺ കിടക്കുന്നതിന് അടുത്ത് വയ്‌ക്കുന്നതെങ്കിൽ അലാറം ക്ലോക്ക് ഉപയോഗിക്കുക.

2. പുതിയ ശീലങ്ങൾ

ഒഴിവു സമയങ്ങളിൽ ഫോൺ നോക്കുന്ന ശീലം കുറച്ച് പ്രാക്‌ടിക്കലായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. പരിചയമില്ലാത്ത സ്ഥലങ്ങളിൽ നിൽക്കുമ്പോഴാണ് കൂടുതൽ ആളുകളും ഫോണിൽ വ്യാപൃതരാകുന്നത്. പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലെങ്കിലും തിരക്കിനിടയിൽ ഫോൺ നോക്കികൊണ്ടേയിരിക്കും. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമായി നിങ്ങൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാം. പുതിയ സ്ഥലങ്ങൾ കാണുകയോ പുതിയ ആളുകളെ പരിചയപ്പെടുകയോ ലൈബ്രറി സന്ദർശിക്കുകയോ ഡയറി എഴുതുകയോ തുടങ്ങിയ കാര്യങ്ങൾ ചെയ്യുക. ഇത് സ്‌ക്രീൻ ടൈം കുറച്ച് നിങ്ങളെ കൂടുതൽ പ്രൊഡക്‌റ്റീവ് ആക്കും.

3. ഫോൺ മോഡിഫിക്കേഷൻ

നിങ്ങളുടെ ഡിസ്പ്ലേ ഒരു ഗ്രേ കളർ തീമിൽ ആക്കുന്നത് വഴി ഫോണിനോടുള്ള ആകർഷണം കുറയ്‌ക്കാം. ഓരോ ഉപയോഗത്തിന് ശേഷവും സോഷ്യൽ മീഡിയയിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക. എൻ്റർടെയ്‌ൻമെൻ്റ് ആപ്പുകൾ ഹോം സ്‌ക്രീനിൽ നിന്ന് മാറ്റി ഇടുക. ഇത് ആവർത്തിച്ചുള്ള ഫോൺ ഉപയോഗം നിയന്ത്രിക്കും.

4. ടൈം ഷെഡ്യൂൾ ചെയ്യുക

ടൈം ട്രാക്ക് ചെയ്യുന്ന ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യുക. നിരവധി ആപ്പുകൾ പ്ലേ സ്‌റ്റോറിൽ ലഭ്യമാണ്. ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത് ഫോൺ ഉപയോഗ സമയം സെറ്റ് ചെയ്യുക. ആ സമയം കഴിയുമ്പോൾ ഒരു അലേർട്ട് ലഭിക്കും. ഇത് ഫോണിന്‍റെ ഉപയോഗം കുറയ്ക്കാൻ സഹായകമാകും.

5. ഫോൺ-ഫ്രീ സോണുകൾ

നിങ്ങളുടെ ആദ്യ ചിന്ത നിങ്ങളുടേതായിരിക്കട്ടെ. രാവിലെ ഉണർന്ന ഉടനെ ഫോൺ നോക്കാതിരിക്കുക. ഫോൺ ഉപയോഗത്തിന് സ്വയം അതിരുകൾ നിശ്ചയിക്കുക. ഉദാഹരണത്തിന് തീന്‍ മേശക, കിടപ്പുമുറി, ബാത്ത്‌റൂം തുടങ്ങിയ ഇടങ്ങൾ ഫോൺ രഹിത മേഖലകളാക്കുക. ഈ രീതി ആദ്യം അൽപ്പം ബുദ്ധിമുട്ടായി തോന്നുമെങ്കിലും തുടർച്ചയായി പിന്തുടർന്നാൽ അതൊരു ശീലമായി മാറും.

6. ഓഫ്‌ലൈൻ ജീവിതം

ഹെഡ്‌ഫോണില്ലാതെ നടക്കാൻ പോകുക. ഫോണുകൾ ഇല്ലാതെ പുറത്ത് സമയം ചെലവഴിക്കുക. ഒഴിവു സമയങ്ങളിൽ ഭക്ഷണം പാചകം ചെയ്യുക. സുഹൃത്തുക്കളുമായി സോഷ്യൽമീഡിയ കണ്ടൻ്റുകൾ ചർച്ചചെയ്യുക. ഹോബികളിൽ മുഴുകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ക്രമേണ ഫോൺ അഡിക്ഷനിൽ നിന്ന് പതിയെ പുറത്തു കടക്കാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here