ഒരൊറ്റ രക്തപരിശോധനയിലൂടെ 50-ലധികം കാൻസറുകൾ കണ്ടെത്താം;

0
4

 കാൻസർ ബാധിക്കുന്ന ആളുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇത് അങ്ങേയറ്റം വേദനാജനകമായ അനുഭവമാണ് സമ്മാനിക്കുന്നത്. കാൻസർ ചികിത്സകൾ പലപ്പോഴും ശരീരത്തിന് കടുത്ത ആഘാതം ഏൽപ്പിക്കുന്നവയാണ്. പ്രായം കൂടിയ ആളുകള്‍ക്ക് പുറമെ ചെറുപ്രായത്തിലുള്ളവരിലും ഈ രോഗം കണ്ടുവരുന്ന പ്രവണത വർധിച്ചുവരുന്നു. കാൻസറിനെ അതിജീവിച്ചവരും അതിനോട് പോരാടി ജീവന്‍ നഷ്ടപ്പെട്ടവരും നമുക്ക് മുന്നിലുണ്ടായിട്ടുണ്ട്.

അതേസമയം രോഗലക്ഷണങ്ങള്‍ വരുന്നതിന് മുന്‍പ് തന്നെ 50ലധികം കാന്‍സറുകള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന പുതിയ രക്തപരിശോധനയെ കുറിച്ചുളള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. വിവിധ തരം കാന്‍സറുകളുടെ സാന്നിദ്ധ്യം പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഗലേറി ബ്ലഡ് ടെസ്റ്റ് അമേരിക്കന്‍ ബയോടെക് കമ്പനിയായ ഗ്രെയ്ൽ ആണ് വികസിപ്പിച്ചെടുത്തത്.

അത്യാധുനിക മള്‍ട്ടി കാന്‍സര്‍ ഏര്‍ലി ഡിറ്റക്ഷന്‍ ബ്ലഡ് ടെസ്റ്റാണിത്. ഗലേറി വലിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ക്ലിനിക്കൽ പരീക്ഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത് കാൻസർ അതിൻ്റെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിൽ ഈ പരിശോധനയ്ക്ക് പരിമിതികളുണ്ടെന്നാണ്. രോഗികളും ഡോക്ടർമാരും പ്രതീക്ഷിക്കുന്നതുപോലെ എല്ലാവർക്കും ഉപയോഗിക്കാവുന്ന ഒരു നിർണായക കണ്ടെത്തലായി ഗലേറി ടെസ്റ്റ് മാറിയിട്ടില്ല.

എന്താണ് ഗലേറി ടെസ്റ്റ്? ഇത് എങ്ങനെയാണ് നടത്തുന്നത്?

നമ്മുടെ ശരീരത്തിലെ കോശങ്ങൾ നശിക്കുമ്പോൾ അവയുടെ ഡിഎൻഎ അവശിഷ്ടങ്ങൾ രക്തത്തിലേക്ക് പുറന്തള്ളപ്പെടാറുണ്ട്. സാധാരണ കോശങ്ങളുടെ ഡിഎൻഎയും കാൻസർ കോശങ്ങളുടെ ഡിഎൻഎയും തമ്മിൽ വ്യത്യാസമുണ്ടാകും. കാൻസർ കോശങ്ങളിൽ നിന്നുള്ള ഡിഎൻഎയിലെ രാസമാറ്റങ്ങൾ അത്യാധുനിക മെഷീൻ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഗലേറി ടെസ്റ്റ് വിശകലനം ചെയ്യുന്നു.

രക്തത്തിൽ കാൻസറിൻ്റെ സാന്നിധ്യം കണ്ടെത്തിയാൽ അത് ശരീരത്തിലെ ഏത് അവയവത്തിൽ നിന്നാണ് ഉടലെടുത്തതെന്ന് ഏകദേശം 90% കൃത്യതയോടെ പ്രവചിക്കാന്‍ ഈ ടെസ്റ്റിന് സാധിക്കും. സ്‌തനാർബുദ പരിശോധനയ്ക്കുള്ള മാമോഗ്രഫി അല്ലെങ്കിൽ പ്രോസ്റ്റേറ്റ് കാൻസർ പരിശോധനയ്ക്കുള്ള പി.എസ്.എ ടെസ്റ്റ് എന്നിവ പോലെ ഇതൊരു സ്ക്രീനിംഗ് പരിശോധനയാണ്. എന്നാൽ ഒരേസമയം പലതരം കാൻസറുകളെ കണ്ടെത്താൻ ഈ ടെസ്റ്റിന് സാധിച്ചേക്കാം എന്നതാണ് ഗലേറിയുടെ പ്രത്യേകത.

ഗുണങ്ങൾ എന്തൊക്കെ?

ശ്വാസകോശ കാൻസർ, പാൻക്രിയാറ്റിക് കാൻസർ തുടങ്ങി കാൻസർ മൂലമുണ്ടാകുന്ന മരണങ്ങളിൽ മൂന്നിൽ രണ്ട് ഭാഗത്തിനും കാരണമാകുന്ന 12 പ്രധാന കാൻസറുകൾ ഉൾപ്പെടെ 50-ലധികം തരം കാൻസറുകളെ സൂചിപ്പിക്കുന്ന ഡി.എൻ.എ സിഗ്നലുകൾ ഗലേറി ടെസ്റ്റിലൂടെ കണ്ടെത്താൻ സാധിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ട്യൂമർ ഏത് അവയവത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളും ഇത് നൽകുന്നു എന്നതാണ്. നിലവിൽ ശുപാർശ ചെയ്യപ്പെടുന്ന കാൻസർ സ്ക്രീനിങ് പരിശോധനകൾ പ്രധാനമായും നാല് തരം കാൻസറുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഗലേറി ടെസ്റ്റ് കണ്ടെത്തുന്ന പലതരം കാൻസറുകളും നിലവിൽ പതിവ് സ്ക്രീനിംഗ് പരിശോധനകളിൽ ഉൾപ്പെടുന്നില്ല. കൂടാതെ, ഈ പരിശോധനയ്ക്ക് ‘ഫോൾസ് പോസിറ്റീവ്’ നിരക്ക് വളരെ കുറവാണ്. അതായത് പരിശോധനയ്ക്ക് വിധേയരാകുന്നവരിൽ ഏകദേശം 0.5% ആളുകൾക്ക് അതായത് ഓരോ 200 പരിശോധനകളിൽ ഒരാൾക്ക് തെറ്റായി കാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നു. കാൻസർ ഉണ്ടെന്ന് പറയപ്പെടുകയും എന്നാൽ യഥാർഥത്തിൽ കാൻസർ ഇല്ലാതിരിക്കുകയും ചെയ്യുന്നവരുടെ ശതമാനമാണ് ‘ഫോൾസ് പോസിറ്റീവ്’ നിരക്ക്. ഇത്തരം സാഹചര്യങ്ങളിൽ രോഗികൾക്ക് കൂടുതൽ പരിശോധനകൾക്ക് വിധേയരാകേണ്ടി വരുന്നു. ഇത് ചെലവേറിയതും, ചിലപ്പോൾ അപകടസാധ്യതയുള്ളതും, പലപ്പോഴും മാനസിക സമ്മർദമുണ്ടാക്കുന്നതുമാകാം.

ശരീരത്തിൽ അർബുദം എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് വളരെ കൃത്യമായി പ്രവചിക്കാനും ഗലേറി ടെസ്റ്റിന് സാധിക്കും. 50 വയസോ അതിൽ കൂടുതലോ പ്രായമുള്ള 32,000 അമേരിക്കകാരായ മുതിർന്ന ആളുകളില്‍ നടത്തിയ ഒരു പഠനത്തിൽ ഗലേറി രക്തപരിശോധനയിലൂടെ ഏകദേശം 0.5% ആളുകളിൽ അതായത് 173 പേരിൽ കാൻസർ കണ്ടെത്തി. ഇവരില്‍ 91% കേസുകളിലും, കാൻസർ ഏത് തരത്തിലുള്ളതാണെന്ന് കൃത്യമായി തിരിച്ചറിയാൻ ഈ പരിശോധനയ്ക്ക് സാധിച്ചു. ശരീരത്തിൻ്റെ ഏത് ഭാഗത്താണ് കാൻസർ എന്ന് തിരയുന്നതിന് പകരം കൂടുതൽ കൃത്യമായ പരിശോധനകൾ തിരഞ്ഞെടുക്കാൻ ഈ ഫലം ഡോക്ടർമാരെ സഹായിക്കും.

ഗലേറി ടെസ്റ്റിൻ്റെ പരിമിതികൾ

ഇത് അന്തിമ രോഗനിർണയമല്ല എന്നതാണ് ഗലേറി ടെസ്റ്റിൻ്റെ പ്രധാന പോരായ്‌മകളിലൊന്ന്. ഈ ടെസ്റ്റില്‍ കാന്‍സര്‍ സിഗ്നൽ പോസിറ്റീവ് ആയി കാണിച്ചാൽ നിങ്ങൾക്ക് കാന്‍സര്‍ ഉണ്ടെന്ന് ഉറപ്പിക്കാനാകില്ല. രോഗം സ്ഥിരീകരിക്കാൻ സിടി സ്കാൻ, ബയോപ്‌സി തുടങ്ങിയ മറ്റ് തുടർപരിശോധനകൾ ആവശ്യമാണ്. അപൂർവമായി കാൻസർ ഇല്ലാത്തവരിലും പോസിറ്റീവ് ഫലമോ, കാൻസർ ഉള്ളവരിൽ നെഗറ്റീവ് ഫലമോ കാണിക്കാനും സാധ്യതയുണ്ട്. എല്ലാ തരം കാൻസറുകളും കണ്ടെത്താനാകില്ല എന്നതാണ് മറ്റൊരു പോരായ്‌മ. രക്തത്തിലേക്ക് ഡിഎൻഎ പുറന്തള്ളാത്ത ചില തരം കാൻസറുകൾ (ഉദാഹരണത്തിന് ചില മസ്‌തിഷ്‌ക കാൻസറുകൾ) കണ്ടെത്താൻ ഈ ടെസ്റ്റിന് കഴിഞ്ഞെന്ന് വരില്ല.

ഇത് ആർക്കൊക്കെയാണ് ശുപാർശ ചെയ്യുന്നത്?

സാധാരണയായി 50 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കും കാൻസർ വരാൻ ഉയർന്ന സാധ്യതയുള്ള (കുടുംബ പാരമ്പര്യം ഉള്ളവർ) മുതിർന്നവർക്കുമാണ് ഡോക്‌ടർമാർ ഈ ടെസ്റ്റ് നിർദേശിക്കുന്നത്. ഗർഭിണികൾക്കും നിലവിൽ കാൻസർ ചികിത്സയിൽ ഇരിക്കുന്നവർക്കും ഇത് സാധാരണയായി ചെയ്യാറില്ല. നിലവിലുള്ള സാധാരണ കാൻസർ സ്ക്രീനിംഗ് ടെസ്റ്റുകൾക്ക് (Mammogram, Pap smear മുതലായവ) പകരക്കാരനല്ല ഗലേറി ടെസ്റ്റ്. മറിച്ച് അവയോടൊപ്പം അധികമായി ചെയ്യാവുന്ന ഒരു പരിശോധന മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here