
ഹൈദരാബാദ്: ഇൻഫ്ലുവൻസ, കോവിഡ്-19 തുടങ്ങിയ വൈറൽ അണുബാധകൾ ഗുരുതരമായ നാഡീസംബന്ധമായ രോഗങ്ങൾക്ക് കാരണമായേക്കാമെന്ന് പഠനം. വൈറസുകളുമായുള്ള ആവർത്തിച്ചുള്ള സമ്പർക്കം പാർക്കിൻസൺസ് രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ഹൈദരാബാദിലെ സെൻ്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ (CCMB) ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ പറയുന്നു.
തലച്ചോറിൽ യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നത്?
ആർഎൻഎ (RNA) വൈറസുകളാണ് ഇൻഫ്ലുവൻസയ്ക്കും കൊവിഡ്-19നും കാരണമാകുന്നത്. സാധാരണയായി, പാർക്കിൻസൺസ് രോഗം ബാധിച്ചവരുടെ തലച്ചോറിൽ ‘ആൽഫ-സിനുക്ലിയൻ’ (alpha-synuclein) എന്ന പ്രോട്ടീൻ അസാധാരണമായി കൂട്ടമായി (clumps) അടിഞ്ഞുകൂടുന്നു. ഇത് നാഡീകോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തെ തടസപ്പെടുത്തുന്നു.
ആർഎൻഎ വൈറസുകളിൽ RG4s എന്ന് വിളിക്കപ്പെടുന്ന ത്രിമാന ഘടനകൾ അടങ്ങിയിട്ടുണ്ട്. ഈ വൈറസുകൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ, അവയിലെ ഘടനകൾ തലച്ചോറിലെ ആൽഫ-സിനുക്ലിയൻ പ്രോട്ടീനുമായി ബന്ധിപ്പിക്കുകയും ‘അമിലോയിഡ് ക്ലംപ്‌സ്’ (amyloid clumps) വേഗത്തിൽ രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത് പാർക്കിൻസൺസ് രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.
പ്രകൃതിദത്തമായ പ്രതിരോധ സംവിധാനം
വൈറസ് ശരീരത്തിൽ പ്രവേശിക്കുന്ന സമയത്ത് സജീവമാകുന്ന ഒരു കോശ-പ്രതിരോധ സംവിധാനത്തെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി കോശത്തിനുള്ളിലെ ന്യൂക്ലിയസിൽ കാണപ്പെടുന്ന DDX39A എന്ന പ്രോട്ടീൻ, വൈറസിലെ RG4-കളുമായും ആൽഫ-സിനുക്ലിയനുമായും ബന്ധിപ്പിക്കുന്നതിനായി ഇവ ചലിക്കുന്നു.
ഇത് വൈറസിലെ RG4 ഘടനകളെ തകർക്കുകയും അതുവഴി വൈറസിൻ്റെ വ്യാപനം തടയുകയും ചെയ്യുന്നു. ഈ പ്രക്രിയ വൈറസിൻ്റെ അളവ് (viral load) കുറയ്ക്കുക മാത്രമല്ല, ആൽഫ-സിനുക്ലിയൻ അമിലോയിഡ് ക്യാപ്‌സുകളായി മാറുന്നതിൻ്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനത്തിലെ പ്രധാന ഗവേഷകയായ അഞ്ചൽ വിശദീകരിച്ചു.
ജൈവരാസപ്രവർത്തനങ്ങളിലെ മാറ്റങ്ങൾ
എല്ലാ വൈറസ് അണുബാധകളും പാർക്കിൻസൺസ് രോഗത്തിലേക്ക് നയിക്കില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. സ്വാസ്‌തി റേ ചൗധരി വ്യക്തമാക്കി. എന്നിരുന്നാലും, ആവർത്തിച്ചുള്ള അണുബാധകൾ ഉണ്ടാകുമ്പോൾ രോഗസാധ്യത ഗണ്യമായി വർധിക്കുമെന്നും അവർ വെളിപ്പെടുത്തി. കോശങ്ങൾക്ക് സംരക്ഷണ സംവിധാനങ്ങൾ ഉണ്ടെങ്കിലും, സാഹചര്യത്തിനനുസരിച്ച് ജൈവ രാസപ്രവർത്തനങ്ങളിൽ മാറ്റങ്ങൾ സംഭവിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.
ഈ ഗവേഷണത്തിൻ്റെ കണ്ടെത്തലുകൾ ‘സെൽ റിപ്പോർട്ട്സ്’ (Cell Reports) എന്ന പ്രശസ്‌തമായ അന്താരാഷ്ട്ര ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണ വൈറൽ അണുബാധകൾ ഭാവിയിൽ പാർക്കിൻസൺസ് രോഗത്തിന് എങ്ങനെ വഴിയൊരുക്കാം എന്നതിനെക്കുറിച്ച് സംഘം ഇപ്പോൾ കൂടുതൽ ആഴത്തിലുള്ള ഗവേഷണം നടത്തിവരികയാണ്.





