പ്രകൃതിദത്തം എന്ന് കരുതി വാങ്ങുന്ന ടൂത്ത് പേസ്റ്റ് പല്ലിന് പണി തരുമോ?

0
7

പ്രകൃതിദത്തവും ഔഷധസസ്യങ്ങള്‍ അടങ്ങിയതും ഓര്‍ഗാനിക്കുമായ ടൂത്ത് പേസ്റ്റുകള്‍ ഇന്ന് കടകളില്‍ സാധാരണയായി കാണപ്പെടുന്നു. സാധാരണ ടൂത്ത് പേസ്റ്റുകള്‍ക്ക് പകരമായി, കൂടുതല്‍ ആരോഗ്യകരം എന്ന നിലയിലാണ് ഇവ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. കറ്റാര്‍വാഴ, വേപ്പ്, ഗ്രീന്‍ ടീ തുടങ്ങിയ ഘടകങ്ങള്‍ ഇവയില്‍ ചിലതില്‍ അടങ്ങിയിട്ടുണ്ടാകാം. എന്നാല്‍, ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് മാറ്റുന്നതിന് മുന്‍പ് അതില്‍ ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് വളരെ പ്രധാനമാണെന്നാണ് ദന്തരോഗ വിദഗ്ധരുടെ അഭിപ്രായം.

പല്ലുകള്‍ കേടുപാടുകള്‍ സംഭവിക്കുന്നതില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒരു ധാതുവാണ് ഫ്ലൂറൈഡ്. പ്രകൃതിദത്തമാണെന്ന് അവകാശപ്പെട്ട് വിപണനം ചെയ്യുന്ന ചില ടൂത്ത് പേസ്റ്റുകളില്‍ ഇത് അടങ്ങിയിട്ടുണ്ട്. എന്നാല്‍ മറ്റ് ചിലതില്‍ ഇത് കാണില്ല. പേസ്റ്റ് കവറിന്‍റെ മുന്‍വശത്ത് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മാത്രം നോക്കി, ഒരു ഉത്പന്നത്തിന് നമ്മുടെ പല്ലുകളെ സംരക്ഷിക്കാന്‍ കഴിയുമോ എന്ന് മനസിലാക്കാന്‍ കഴിയില്ല.

പ്രകൃതിദത്തം, ഹെര്‍ബല്‍, ഓര്‍ഗാനിക് എന്നീ പദങ്ങള്‍ പലപ്പോഴും ഒരേ അര്‍ത്ഥത്തില്‍ മാറിമാറി ഉപയോഗിക്കാറുണ്ടെങ്കിലും, അവ സൂചിപ്പിക്കുന്നത് വ്യത്യസ്ത കാര്യങ്ങളെയാണ്. ‘പ്രകൃതിദത്തം’ (natural) എന്നത് സാധാരണയായി പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ചേരുവകളെ സൂചിപ്പിക്കുന്നു. ‘ഹെര്‍ബല്‍’ (herbal) എന്നത് സസ്യങ്ങളില്‍ നിന്നുള്ള ചേരുവകളെയും, ‘ഓര്‍ഗാനിക്’ (organic) എന്നത് കൃഷിയിലെ പ്രത്യേക മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്പാദിപ്പിച്ച ചേരുവകളെയും സൂചിപ്പിക്കുന്നു. ഈ ലേബലുകള്‍ ഒന്നും തന്നെ, ഒരു ടൂത്ത് പേസ്റ്റിന് പല്ല് നശിക്കുന്നത് തടയാന്‍ കഴിയുമെന്ന് ഉറപ്പുനല്‍കുന്നില്ല.

ടൂത്ത് പേസ്റ്റ് ഉത്പന്നങ്ങളുടെ നിര വളരെ വിപുലമാണ്. 2021-ല്‍ യു.കെയില്‍ നടന്ന ഒരു പഠനത്തില്‍, 95 ബ്രാന്‍ഡുകളിലായി 500-ഓളം ടൂത്ത് പേസ്റ്റുകള്‍ പരിശോധിച്ചു. ഇതില്‍ ടൂത്ത് പൗഡറുകള്‍, ഖരരൂപത്തിലുള്ള ടൂത്ത് പേസ്റ്റ് ടാബ്ലെറ്റുകള്‍ തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിലുള്ള ഉത്പന്നങ്ങളും ഉള്‍പ്പെടുന്നു.

ഇവയില്‍ മൂന്നിലൊന്ന് ഭാഗത്തോളം ഉത്പന്നങ്ങളില്‍ ഫ്ലൂറൈഡ് അടങ്ങിയിരുന്നില്ല. ചിലതില്‍ ഫ്ലൂറൈഡിന്‍റെ അളവ് വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നില്ല. വിപണിയില്‍ ലഭ്യമായ ഉത്പന്നങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത് എന്നതിനാല്‍, എത്രപേര്‍ യഥാര്‍ത്ഥത്തില്‍ ഫ്ലൂറൈഡ് അടങ്ങാത്ത ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയില്ല.

ഫ്ലൂറൈഡ് എങ്ങനെയാണ് വ്യത്യാസം ആകുന്നത്?

പല്ലുകളില്‍ അടിഞ്ഞുകൂടുന്ന ‘ഡെന്‍റല്‍ പ്ലാക്ക്’ (dental plaque) എന്ന ഒട്ടിപ്പിടിക്കുന്ന പാളിയിലുള്ള ബാക്ടീരിയകള്‍, ഭക്ഷണപാനീയങ്ങളിലെ പഞ്ചസാര ഉപയോഗിച്ച് പോഷണം നേടുമ്പോഴാണ് പല്ല് നശിക്കാന്‍ തുടങ്ങുന്നത്. ഈ പ്രക്രിയയില്‍ അവ ആസിഡുകള്‍ ഉത്പാദിപ്പിക്കുന്നു. ഇവ പല്ലിന്‍റെ ഇനാമലിന് (Enamel) കേടുവരുത്തുന്നു. കാലക്രമേണ, ഇത് പല്ലില്‍ ദ്വാരങ്ങള്‍ അഥവാ കേടുപാടുകള്‍ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു.

ആസിഡിനെ ചെറുക്കാനും പല്ലില്‍ കേടായ ഒരു അറ രൂപപ്പെടുന്നതിന് മുന്‍പ് തന്നെ ഇനാമലിന് കേടുപാടുകള്‍ പരിഹരിക്കാനും ഫ്ലൂറൈഡ് സഹായിക്കുന്നു. പതിറ്റാണ്ടുകളായി നടത്തിയ ഗവേഷണങ്ങള്‍ ഈ ഗുണങ്ങളെ പിന്തുണയ്ക്കുന്നു. 96 പഠനങ്ങളുടെ ഫലങ്ങള്‍ സംയോജിപ്പിച്ച 2019 ലെ കോക്രെയ്ന്‍ അവലോകനത്തില്‍, ഫ്ലൂറൈഡ് ഇല്ലാതെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നതിനേക്കാള്‍ ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നത് പല്ലിന്‍റെ ക്ഷയം കുറയ്ക്കുമെന്ന് കണ്ടെത്തി. മൊത്തത്തിലുള്ള തെളിവുകള്‍ വിലയിരുത്തുന്നതിന് ഒന്നിലധികം പഠനങ്ങളില്‍ നിന്നുള്ള കണ്ടെത്തലുകള്‍ അവലോകനങ്ങള്‍ ഒരുമിച്ച് കൊണ്ടുവരുന്നു.

എന്നിരുന്നാലും, പ്രകൃതിദത്ത ചേരുവകള്‍ സുരക്ഷിതമോ ആരോഗ്യകരമോ ആയിരിക്കണമെന്ന് വിശ്വസിക്കുന്നതിനാല്‍ ആളുകള്‍ ചിലപ്പോള്‍ ഫ്ലൂറൈഡ് രഹിത ഉത്പന്നങ്ങളിലേക്ക് മാറുന്നു. 2019-ല്‍ ‘ബ്രിട്ടീഷ് ഡെന്‍റല്‍ ജേണലി’ലേക്ക് അയച്ച ഒരു കത്തില്‍, ഫ്ലൂറൈഡ് അടങ്ങാത്ത ഓര്‍ഗാനിക് ടൂത്ത് പേസ്റ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് പല്ലുകളില്‍ പലയിടത്തായി കേടുപാടുകള്‍ (cavities) ഉണ്ടായതിനെ പറ്റിയും വ്യക്തമാക്കുന്നുണ്ട്.

മധുരപലഹാരങ്ങള്‍ കഴിക്കുന്ന ശീലവും, ദന്തഡോക്ടറെ ആവശ്യസമയത്ത് സന്ദര്‍ശിക്കാത്തതും ഉള്‍പ്പെടെ, പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമായേക്കാവുന്ന പല പ്രവൃത്തികളും ആ വിദ്യാര്‍ഥിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഈ ഒരു സംഭവത്തെ മാത്രം അടിസ്ഥാനമാക്കി, ഓര്‍ഗാനിക് ടൂത്ത് പേസ്റ്റ് ഉപയോഗിച്ചതുകൊണ്ടാണ് പല്ലുകളില്‍ കേടുപാടുകള്‍ ഉണ്ടായതെന്ന് ഉറപ്പിച്ചു പറയാനാവില്ല. എങ്കിലും, ദിവസവും കൃത്യമായി പല്ല് തേക്കുന്നവര്‍ പോലും ടൂത്ത് പേസ്റ്റില്‍ ഫ്ലൂറൈഡ് ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് എന്തുകൊണ്ടും പ്രധാനമാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

ഹെര്‍ബല്‍ ടൂത്ത് പേസ്റ്റ്

ചില ടൂത്ത് പേസ്റ്റുകളിലും മൗത്ത് വാഷുകളിലും സസ്യ സത്ത് അടങ്ങിയിട്ടുണ്ട്. അതില്‍ ഗ്രീന്‍ ടീ, കറ്റാര്‍വാഴ, വേപ്പ് എന്നിവ ഉള്‍പ്പെടുന്നു. പല്ല് തേയ്ക്കുമ്പോള്‍ ചുവപ്പ്, വീക്കം, രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്ന മോണയിലെ ബാക്ടീരിയകളെയും വീക്കത്തെയും നിയന്ത്രിക്കാന്‍ ഈ ചേരുവകള്‍ സഹായിച്ചേക്കാം.

മുന്‍കാല ഗവേഷണങ്ങളെ ആസ്പദമാക്കി 2024-ല്‍ നടത്തിയ ഒരു അവലോകനം സൂചിപ്പിക്കുന്നത്, ചില ഔഷധസസ്യങ്ങളെ അധിഷ്ഠിതമാക്കിയുള്ള ഉത്പന്നങ്ങള്‍ക്ക് (പ്രത്യേകിച്ചും മൗത്ത് വാഷുകള്‍ക്ക്), സാധാരണ ഉത്പന്നങ്ങളെപ്പോലെ തന്നെ ഫലപ്രദമായി പല്ലിലെ പ്ലാക്കും (plaque) മോണവീക്കവും കുറയ്ക്കാന്‍ കഴിയുമെന്നാണ്. എന്നാല്‍, ഇത്തരം പഠനങ്ങളില്‍ പലതും ഹ്രസ്വകാലത്തേക്കുള്ളവയായിരുന്നു. കൂടാതെ അവയുടെ രീതിശാസ്ത്രത്തിലും ഫലങ്ങളിലും വ്യത്യാസങ്ങളുമുണ്ടായിരുന്നു. അതിനാല്‍, കാലക്രമേണ ഇതിലെ പ്രത്യേക ഘടകങ്ങള്‍ എത്രത്തോളം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് കൃത്യമായി മനസിലാക്കുക പ്രയാസമാണ്.

പല്ലിലെ പ്ലാക്കും മോണയിലെ വീക്കവും കുറയ്ക്കുന്നത് ഉപയോഗപ്രദമാണ്, പക്ഷേ ടൂത്ത് പേസ്റ്റ് ദ്വാരങ്ങള്‍ തടയുന്നുവെന്ന് ഇത് തെളിയിക്കുന്നില്ല. പല്ല് നശിക്കുന്നതിനെതിരെയുള്ള ഫ്ലൂറൈഡിന്‍റെ സംരക്ഷണത്തിന് പകരമാകാന്‍ ഹെര്‍ബല്‍ ചേരുവകള്‍ക്ക് കഴിയുമെന്നതിന് മതിയായ തെളിവുകളില്ല. ഒരു ടൂത്ത് പേസ്റ്റില്‍ സസ്യ ചേരുവകളും ഫ്ലൂറൈഡും അടങ്ങിയിരിക്കാം, അതിനാല്‍ ഉപഭോക്താക്കള്‍ അവയ്ക്കിടയില്‍ തിരഞ്ഞെടുക്കേണ്ടതില്ല.

പല്ല് വെളുപ്പിക്കുന്നതിനായി ‘പ്രകൃതിദത്തം’ എന്ന് വിശേഷിപ്പിച്ച് വിപണനം ചെയ്യപ്പെടുന്ന മറ്റൊരു ഉത്പന്നമാണ് ചാര്‍ക്കോള്‍ (കരി) അടങ്ങിയ ടൂത്ത് പേസ്റ്റ്. എന്നാല്‍, മറ്റ് ടൂത്ത് പേസ്റ്റുകളെ അപേക്ഷിച്ച് ചാര്‍ക്കോള്‍ ടൂത്ത് പേസ്റ്റുകള്‍ പല്ലുകള്‍ക്ക് കൂടുതല്‍ വെളുപ്പ് നല്‍കുന്നു എന്നതിന് വളരെ കുറഞ്ഞ തെളിവുകള്‍ മാത്രമേ 2023-ല്‍ നടന്ന ഒരു പഠന അവലോകനത്തില്‍ കണ്ടെത്താനായുള്ളൂ. കൂടാതെ, ഇവ പല്ലിന്‍റെ ഉപരിതലത്തില്‍ കൂടുതല്‍ ഉരച്ചിലുണ്ടാക്കാന്‍ (abrasive) സാധ്യതയുണ്ടെന്നും, അങ്ങനെ പല്ലിന്‍റെ ഉപരിതലത്തിന് തേയ്മാനം സംഭവിക്കാന്‍ ഇടയാക്കിയേക്കാമെന്നും മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നു.

ടൂത്ത് പേസ്റ്റ് എങ്ങനെ തിരഞ്ഞെടുക്കാം?

ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം അതിന്‍റെ പാക്കേജിങ്ങില്‍ ഫ്ലൂറൈഡിന്‍റെ അളവ് (concentration) പരിശോധിക്കുക എന്നതാണ്. മുതിര്‍ന്നവര്‍ കുറഞ്ഞത് 1,350 ppm (parts per million) ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കണമെന്ന് യുകെയിലെ എന്‍.എച്ച്.എസ് (NHS) നിര്‍ദ്ദേശിക്കുന്നു. അതായത്, ഓരോ ദശലക്ഷം ഭാഗം ടൂത്ത് പേസ്റ്റിലും കുറഞ്ഞത് 1,350 ഭാഗം ഫ്ലൂറൈഡ് ഉണ്ടായിരിക്കണം.

കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള അളവിലും വീര്യത്തിലുമുള്ള ടൂത്ത് പേസ്റ്റാണ് വേണ്ടത്. മൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്, വളരെ നേരിയ അളവില്‍ 1,000 ppm എങ്കിലും ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കണമെന്ന് എന്‍.എച്ച്.എസ് ശുപാര്‍ശ ചെയ്യുന്നു. മൂന്ന് മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍, 1,000–1,500 ppm ഫ്ലൂറൈഡ് അടങ്ങിയ, ഒരു കടലമണിയുടെ വലിപ്പത്തിലുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം. ഏഴ് വയസ് മുതല്‍, 1,350–1,500 ppm അളവിലുള്ള ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്.

ദിവസവും രണ്ടുനേരം, രാത്രി ഉറങ്ങുന്നതിന് തൊട്ടുമുന്‍പുള്ളതടക്കം ഏകദേശം രണ്ട് മിനിറ്റ് വീതം പല്ല് തേക്കുന്നത് ഗുണകരമാണ്. പല്ല് തേച്ച ഉടന്‍ വെള്ളം ഉപയോഗിച്ച് വായ കഴുകുന്നതിന് പകരം, അധികമുള്ള ടൂത്ത് പേസ്റ്റ് തുപ്പിക്കളയുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഫ്ലൂറൈഡ് കൂടുതല്‍ നേരം പല്ലുകളില്‍ തങ്ങിനില്‍ക്കുന്നു. പല്ല് നശിക്കുന്നതിനെതിരെ കൂടുതല്‍ സംരക്ഷണം ആവശ്യമുണ്ടോ എന്ന് ഒരു ദന്തഡോക്ടറുടെ ഉപദേശം തേടി മനസ്സിലാക്കാവുന്നതാണ്.

വായുടെയും പല്ലുകളുടെയും സംരക്ഷണത്തില്‍ പ്രകൃതിദത്ത ചേരുവകള്‍ക്ക് ഒരു സ്ഥാനമുണ്ടായേക്കാം. എന്നാല്‍ ഇവയുടെ ഗുണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മികച്ച പഠനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ “പ്രകൃതിദത്തം” (natural), “ഓര്‍ഗാനിക്” (organic) തുടങ്ങിയ ലേബലുകള്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് പകരമാവില്ല. ടൂത്ത് പേസ്റ്റില്‍ മറ്റെന്തൊക്കെ അടങ്ങിയിട്ടുണ്ടെങ്കിലും, പല്ലുകളെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമായ മാര്‍ഗ്ഗങ്ങളിലൊന്നായി ഇപ്പോഴും തുടരുന്നത് കൃത്യമായ അളവിലുള്ള ഫ്ലൂറൈഡിന്‍റെ സാന്നിധ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here