രാജ്യത്ത് ഡെങ്കിപ്പനിയും കുഷ്ഠരോഗവും വർധിക്കുന്നു;

0
14

ന്യൂഡൽഹി: ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന പകർച്ചവ്യാധികളെ നേരിടുന്നതിൽ ഇന്ത്യയ്ക്ക് മികച്ച നേട്ടമെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട്. 2021-2025 കാലയളവിൽ മൂന്ന് രോഗങ്ങളെ പൂർണമായും നിർമാർജനം ചെയ്യാൻ രാജ്യത്തിന് സാധിച്ചു. എന്നാൽ ഡെങ്കിപ്പനി, കുഷ്ഠരോഗം എന്നിവ വർധിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

2021-2030 കാലയളവിലെ ആഗോള മാർഗരേഖയുടെ ഇടക്കാല വിലയിരുത്തൽ പ്രകാരം, 2025 ഡിസംബറോടെ തെക്കുകിഴക്കൻ ഏഷ്യയിലെ എട്ട് രാജ്യങ്ങൾ കുറഞ്ഞത് ഒരു രോഗമെങ്കിലും നിർമാർജനം ചെയ്തു. ഇതിൽ മൂന്ന് രോഗങ്ങളെ ഇല്ലാതാക്കി ഇന്ത്യയാണ് മുന്നിൽ നിൽക്കുന്നത്. ബംഗ്ലാദേശ് രണ്ട് രോഗങ്ങളെയും മറ്റ് ആറ് രാജ്യങ്ങൾ ഓരോ രോഗങ്ങളെയും നിർമാർജനം ചെയ്തു. 2024ൽ ട്രാക്കോമയെ ഒരു പൊതുജനാരോഗ്യ പ്രശ്നമെന്ന നിലയിൽ നിന്ന് പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞതാണ് ഇന്ത്യയുടെ പ്രധാന നേട്ടം. കൂടാതെ, കാലാ അസാർ എന്നറിയപ്പെടുന്ന വിസറൽ ലീഷ്മാനിയാസിസ് 2023ഓടെ എല്ലാ ബ്ലോക്കുകളിൽ നിന്നും നിർമാർജനം ചെയ്യാനും ഇന്ത്യയ്ക്ക് സാധിച്ചു. നേപ്പാൾ 2024ൽ ഈ നേട്ടം കൈവരിച്ചപ്പോൾ, 2023ൽ കാലാ അസാർ നിർമാർജനം ചെയ്തതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച ആദ്യ രാജ്യമായി ബംഗ്ലാദേശ് മാറി.

കൂട്ടായ മരുന്ന് വിതരണം, സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വിരനശീകരണ പരിപാടികൾ, രോഗാധിഷ്ഠിത ചികിത്സ, ശക്തമായ നിരീക്ഷണം എന്നിവയിലൂടെ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലിൽ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ലോകാരോഗ്യ സംഘടന മുൻഗണന നൽകുന്ന 21 രോഗങ്ങളിൽ 16 എണ്ണവും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലുണ്ട്. 2011ൽ 102 കോടിയായിരുന്ന രോഗബാധിതരുടെ എണ്ണം 2024ൽ 64.7 കോടിയായി കുറഞ്ഞു. 2010നെ അപേക്ഷിച്ച് 36 ശതമാനത്തിൻ്റെയും 2020നെ അപേക്ഷിച്ച് 24 ശതമാനത്തിൻ്റെയും കുറവാണിത്. എന്നാൽ, 2030ഓടെ ഈ സംഖ്യ 10.2 കോടിയായി കുറച്ചാൽ മാത്രമേ ആഗോള ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

വെല്ലുവിളിയായി മന്ത് രോഗം
മികച്ച പുരോഗതി കൈവരിച്ചെങ്കിലും മന്ത് രോഗം (ലിംഫാറ്റിക് ഫൈലേറിയാസിസ്) ഇന്ത്യ, മ്യാൻമർ, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് ഇപ്പോഴും വലിയ വെല്ലുവിളിയാണ്. പ്രതിരോധ ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം 2020ലെ 48 കോടിയിൽ നിന്ന് 2024ൽ 31.9 കോടിയായി കുറഞ്ഞിട്ടുണ്ട്. ചികിത്സാ വ്യാപ്തി 43 ശതമാനത്തിൽ നിന്ന് 82 ശതമാനമായി ഉയർന്നു. ബംഗ്ലാദേശും തിമോർ ലെസ്റ്റെയും യഥാക്രമം 2023ലും 2024ലും ഈ രോഗം നിർമാർജനം ചെയ്തതിനുള്ള അംഗീകാരം നേടി. മാലിദ്വീപ്, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളും തങ്ങളുടെ നേട്ടം നിലനിർത്തി. എന്നാൽ, വിദൂര പ്രദേശങ്ങളിലും കുടിയേറ്റക്കാർക്കിടയിലും രോഗവ്യാപനം തുടരുന്നത് ആശങ്കാജനകമാണ്. വളർന്നുവരുന്ന സൂനോട്ടിക് ബ്രൂഗിയൻ ഫൈലേറിയാസിസും രോഗനിർണയ പരിമിതികളും അധിക വെല്ലുവിളികളായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഡെങ്കിപ്പനിയും കുഷ്ഠരോഗവും വർധിക്കുന്നു
മേഖലയിൽ ഡെങ്കിപ്പനിയും കുഷ്ഠരോഗവും വർധിക്കുന്നതിൽ റിപ്പോർട്ട് കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനവും ദ്രുതഗതിയിലുള്ള നഗരവത്കരണവും കൊതുക് നശീകരണ പ്രവർത്തനങ്ങളുടെ അപര്യാപ്തതയും കാരണം ഡെങ്കിപ്പനി കേസുകൾ 2020ലെ 1,50,412ൽ നിന്ന് 2024ൽ 5,41,419 ആയി ഉയർന്നു. കുഷ്ഠരോഗികളുടെ എണ്ണം 74,514ൽ നിന്ന് 1,09,597 ആയും വർധിച്ചു. കുട്ടികളിലെ രോഗബാധയും വൈകിയുള്ള രോഗനിർണയവും സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു. പേവിഷബാധ മൂലമുള്ള മരണങ്ങൾ 374ൽ നിന്ന് 178 ആയി കുറഞ്ഞെങ്കിലും നായ്ക്കളുടെ വാക്സിനേഷൻ്റെ പോരായ്മകൾ, ദുർബലമായ നിരീക്ഷണം, മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യ സേവനങ്ങൾ തമ്മിലുള്ള പരിമിതമായ ഏകോപനം എന്നിവ തിരിച്ചടിയാണ്. പാമ്പുകടിയേൽക്കുന്നവർക്ക് ഗുണനിലവാരമുള്ള ആൻ്റിവെനം ലഭ്യമല്ലാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ഇന്ത്യയുടെ പങ്കും 2030ലെ ലക്ഷ്യങ്ങളും
അതിർത്തി കടന്നുള്ള രോഗനിർമാർജന പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് നേപ്പാളുമായുള്ള സഹകരണത്തിൽ ഇന്ത്യയുടെ പങ്ക് ലോകാരോഗ്യ സംഘടന പ്രത്യേകം എടുത്തുകാണിച്ചു. മലേറിയ, കാലാ അസാർ, മന്ത് രോഗം എന്നിവ നിയന്ത്രിക്കുന്നതിനായി ഇരു രാജ്യങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതികൾ മാതൃകാപരമാണ്. ഡെങ്കിപ്പനി, കുഷ്ഠരോഗം, പേവിഷബാധ എന്നിവ നിരീക്ഷിക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

2026-2030 കാലയളവിൽ ഇന്ത്യ, മ്യാൻമർ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ മന്ത് രോഗ നിർമാർജനം വേഗത്തിലാക്കാനാണ് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നത്. രോഗങ്ങൾ കുറയുമ്പോൾ ഫണ്ട് വെട്ടിക്കുറയ്ക്കുന്ന പ്രവണത ഒഴിവാക്കണമെന്നും, ആഭ്യന്തര ആരോഗ്യ ബജറ്റുകൾ വർധിപ്പിക്കണമെന്നും 350ലധികം വിദഗ്ധർ ഉൾപ്പെട്ട സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here