തിരുവനന്തപുരം നഗരസഭ മുൻ മേയറും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ആര്യ രാജേന്ദ്രൻ രാഷ്ട്രീയ പ്രവർത്തന മണ്ഡലം കോഴിക്കോട്ടേക്ക് മാറ്റാൻ പാർട്ടി നേതൃത്വത്തിന്റെ അനുമതി തേടി. ഇതുസംബന്ധിച്ച് ആര്യ നൽകിയ അപേക്ഷ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറി.
വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആര്യ പ്രവർത്തന കേന്ദ്രം മാറ്റാൻ അപേക്ഷ നൽകിയത്. ഭർത്താവും മുൻ ബാലുശ്ശേരി എംഎൽഎയുമായ കെ.എം. സച്ചിൻ ദേവിന്റെ വീട് കോഴിക്കോടാണ്. കുടുംബത്തോടൊപ്പം താമസിക്കുന്നതിനും സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ സൗകര്യപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുമാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ആര്യയുടെ അപേക്ഷ പരിഗണിച്ചത്. ജില്ലാ കമ്മിറ്റി അപേക്ഷ തുടർനടപടികൾക്കായി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ ആര്യയുടെ രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട്ടേക്ക് മാറും.
നിലവിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ രാജേന്ദ്രൻ. ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിലെ സംഘടനാ പരിപാടികളിൽ നേരത്തേ തന്നെ സജീവമാണ്.
തിരുവനന്തപുരം നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായും പിന്നീട് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായും ശ്രദ്ധ നേടിയ വ്യക്തിയാണ് ആര്യ. ഏറ്റവും ഒടുവിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആര്യ മത്സരിച്ചിരുന്നില്ല.








