മമ്മൂട്ടി നായകനായ നസ്രാണി സിനിമയിൽ കലാഭവൻ മണിയുടെ പ്രശസ്തമായ ഒരു ഡയലോഗ് ഉണ്ട്. ‘ഇച്ചായാ.. വ്യാജന.. കംപ്ലീറ്റ് വ്യാജനാ…’ അത് ഇപ്പോൾ ഇന്റര്‍നെറ്റ് ലോകം ലോകം കംപ്ലീറ്റ് വ്യാജനാണ്.
സൂര്യ നായകനായി എത്തിയ ‘സീന്‍’, രണ്‍ബിര്‍ കപൂര്‍- സായ് പല്ലവി- യഷ് പ്രധാന വേഷത്തിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ തുടങ്ങിയ ചിത്രങ്ങളൊക്കെ ദീപാവലി റിലീസായി കഴിഞ്ഞ ദിവസങ്ങളിലാണ് തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
കുപ്രസിദ്ധ സിനിമ പൈറസി വെബ്സൈറ്റ് ആയ തമിഴ് റോക്കേഴ്സ് ആണ് ‘സീനും’ ‘രാമായണയും’ അടക്കം ഈയാഴ്ച തന്നെ തിയേറ്ററുകളിൽ എത്തിയ നിരവധി സിനിമകൾ മദർ വെബ്സൈറ്റിലൂടെയും അനുബന്ധ വെബ്സൈറ്റുകളിലൂടെയും പ്രചരിപ്പിക്കുന്നത്.
‘Ramayana’, ‘Scene’ Movies Leaked Online (Photo: Screen shot)
റിലീസിന്റെ ആദ്യദിനം തന്നെ മികച്ച പ്രേക്ഷക പിന്തുണയുള്ള ചിത്രങ്ങൾ എങ്ങനെ തിയേറ്റർ സ്ക്രീനിൽ നിന്നും ക്യാമറ ഉപയോഗിച്ച് പകർത്തുന്നു എന്നുള്ളത് ഒരു ചോദ്യചിഹ്നമായി തുടരുന്നു. ഇതിനോടകം ‘സീൻ’, ‘രാമായണ’ തുടങ്ങിയ സിനിമകളുടെ ഇരുപതിനായിരത്തിലധികം ഡൗൺലോഡുകളും സംഭവിച്ചു കഴിഞ്ഞു.
ഐടി വിദഗ്ധരുടെ നിരീക്ഷണം
വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ശൃംഖലയാണ് സിനിമ വൈറസി വെബ്സൈറ്റുകൾ ഉള്ളത്. പലപ്പോഴും തമിഴ് റോക്കേഴ്സ് അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തു എന്നുള്ള വാർത്തകൾ കേൾക്കാറുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇത്തരം വെബ്സൈറ്റുകൾക്ക് തടയിടാൻ സാധിക്കുന്നില്ല. വിവിധ രാജ്യങ്ങളിലായി ഒന്നിലധികം അഡ്മിനുകൾ ആണ് ഇത്തരം വെബ്സൈറ്റുകൾ നിയന്ത്രിക്കുന്നത്. ഇവർക്കെല്ലാം പരസ്പരം പരിചയമുണ്ടോ എന്നുള്ള കാര്യത്തിൽ പോലും സംശയമാണ്. എല്ലാവരെയും നിയന്ത്രിക്കുന്ന ഒരു പ്രധാനിയും ഉണ്ടാകാം.
പൊതുവേ പോലീസ് പിടിയിൽ അകപ്പെടുന്നത് ഫീഡേഴ്സ് എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ്. അതായത് സിനിമ തിയേറ്ററുകളിൽ നിന്ന് ക്യാമറ ഉപയോഗിച്ച് പകർത്തുകയും അത് പൈറസി വെബ്സൈറ്റുകൾക്ക് നൽകുകയും ചെയ്യുന്ന ഒരു കൂട്ടം. ഒരുപക്ഷേ ഇവരാകാം തമിഴ് റോക്കേഴ്സ് പോലെയുള്ള വമ്പൻ വെബ്സൈറ്റുകളുടെ അനുബന്ധ പ്രാദേശിക സൈറ്റുകൾ കൈകാര്യം ചെയ്യുന്നത്.
ഇത്തരം വെബ്സൈറ്റുകൾ നിയന്ത്രിക്കുക കഠിനമാണ്. ഒരു വെബ്സൈറ്റ് അധികൃതർ തടയിട്ടാൽ തൊട്ടടുത്ത നിമിഷം തന്നെ പ്രോക്സി അഡ്രസ്സിൽ ചെറിയ മാറ്റങ്ങളോടെ വെബ്സൈറ്റ് വീണ്ടും പ്രത്യക്ഷപ്പെടും. ഇത് ആയിരക്കണക്കിന് തവണ ആവർത്തിക്കപ്പെടുന്ന രീതിയിൽ എഐ സംവിധാനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്നു. വിവിധ പേരുകളിൽ അനുബന്ധ വെബ്സൈറ്റുകളും ഇത്തരം പൈറസി വെബ്സൈറ്റുകൾക്ക് ഉണ്ട്.
‘
ഉപരിതല വെബ്സൈറ്റുകളാണ് ഇവ. അതായത് വളരെ ലളിതമായി സെർച്ച് ചെയ്തു നമുക്ക് ഈ വെബ്സൈറ്റിലേക്ക് പ്രവേശിക്കാം. വിപിഎൻ പോലെയുള്ള സൗകര്യങ്ങളുടെ ആവശ്യം പോലുമില്ല. ഇന്ത്യയിൽ തന്നെ നിരോധിക്കപ്പെട്ട പരസ്യങ്ങളും, പ്രോഡക്റ്റ് പ്രമോഷനുകളും ആണ് ഇത്തരം വെബ്സൈറ്റുകളുടെ പ്രധാന വരുമാന മാർഗം. പണം നൽകുന്ന ഏതൊരു പ്രോഡക്റ്റിന്റെയും വെബ്സൈറ്റിന്റെയും പ്രമോഷൻ ഇത്തരം പൈറസി വെബ്സൈറ്റുകൾ ഏറ്റെടുക്കും.
ഒരു സിനിമ ഡൗൺലോഡ് ചെയ്യാനായി വ്യാജ വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളുടെ ഫോണിനെ അപകടകരമായ ഒരു ലോകത്തേക്ക് കയറ്റി വിടുകയാണ്. ഫോൺ ഹാക്കിങ്ങിലൂടെ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാം. വിവിധ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് സിനിമ ഡൗൺലോഡ് ചെയ്യേണ്ടതുള്ളതുകൊണ്ടുതന്നെ പല വെബ്സൈറ്റുകളിലേക്ക് റീഡയറക്റ്റ് ചെയ്ത ശേഷം ആകും സിനിമ ഡൗൺലോഡ് ചെയ്യാൻ സാധിക്കുക. പ്രമോഷൻ ചെയ്യുന്ന വെബ്സൈറ്റുകൾ കുഴപ്പക്കാർ ആണെങ്കിൽ ഉറപ്പായും ഫോൺ ഹാക്ക് ചെയ്യപ്പെടും.
സിനിമകളുടെ ഗുണനിലവാരവും പുതിയകാലത്ത് വിജയ ഘടകമാണ്. ടെലഗ്രാം പോലെയുള്ള ആപ്ലിക്കേഷനുകളിൽ നിന്ന് സിനിമ ഡൗൺലോഡ് ചെയ്യുന്നവർ പോലും ഏറ്റവും റസലൂഷൻ കൂടിയ ഫയലുകളാണ് ഡൗൺലോഡ് ചെയ്യാറുള്ളത്. അപ്പോൾ പിന്നെ ഒട്ടും ഗുണനിലവാരമില്ലാത്ത ഇത്തരം തിയേറ്റർ പ്രിന്റുകള്‍ ഒരുതരത്തിലുമുള്ള സിനിമ ആസ്വാദനം നൽകുകയില്ല.
‘
കോടിക്കണക്കിന് രൂപയും നൂറുകണക്കിന് ആളുകളുടെ കഠിനാധ്വാനവും ആണ് ഇത്തരം പൈറസി വെബ്സൈറ്റുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. അവരെ പിന്തുണയ്ക്കുന്നത് ആകട്ടെ തെറ്റാണെന്ന് അറിഞ്ഞിട്ടും ആ വെബ്സൈറ്റിലൂടെ സിനിമ ഡൗൺലോഡ് ചെയ്യുന്ന സാധാരണക്കാരുമാണ്.






