ഇറാന് വീണ്ടും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്,കരാറിലെത്തിയില്ലെങ്കിൽ ശക്തമായ യുദ്ധം’;

0
15

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുമുള്ള സമാധാന കരാർ ഉടൻ യാഥാർഥ്യമാകാൻ സാധ്യത. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണെന്നും കരാറിലെത്തിയില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. പ്രാദേശിക ഉദ്യോഗസ്ഥരും അമേരിക്കൻ പ്രതിനിധികളുമാണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.

ഖത്തറിൽ അന്തിമവട്ട ചർച്ചകൾ
ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ചർച്ചകൾക്കായി തിങ്കളാഴ്ച ഖത്തറിലെത്തി. കഴിഞ്ഞ മാസം പാകിസ്ഥാനിൽ യുഎസ് വൈസ് പ്രസിഡൻ്റെ ജെ.ഡി വാൻസുമായി ഖാലിബാഫ് നേരിട്ട് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഭൂരിഭാഗം വിഷയങ്ങളിലും അനുരഞ്ജനത്തിൽ എത്തിയെങ്കിലും കൂടുതൽ കാര്യങ്ങൾ തീരുമാനിക്കാനുണ്ടെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. കരാർ ഉടൻ ഒപ്പുവയ്ക്കുമെന്ന പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.

ഹോർമുസ് കടലിടുക്കും സമാധാനവും
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിക്കൊണ്ട് അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധത്തിന് 12 ആഴ്ചകൾ പിന്നിടുകയാണ്. ലെബനനിൽ ഇസ്രയേലുമായി പോരാടുന്ന ഹിസ്ബുല്ല ഉൾപ്പെടെ എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ടെഹ്റാൻ ആവശ്യപ്പെടുന്നത്. ഏപ്രിൽ 7 മുതൽ യുഎഇക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിലെ വെടിവയ്പ്പും ഉണ്ടായെങ്കിലും ദുർബലമായ വെടിനിർത്തൽ നിലവിലുണ്ട്. സ്ഥിരമായ ഒരു സമാധാന കരാറിലെത്തിയാൽ ലോകത്തെ മൊത്തം എണ്ണയുടെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ കഴിയും.

കരാറിലെ പ്രധാന വ്യവസ്ഥകൾ
ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുക, മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നിവയാണ് കരട് കരാറിലുള്ളത്. യെമനിലെ ഹൂതികൾ, ഗസയിലെ ഹമാസ്, ഇറാഖിലെ സായുധ സംഘങ്ങൾ എന്നിവർക്കുള്ള ഇറാൻ്റെ പിന്തുണ അവസാനിപ്പിക്കണമെന്നാണ് അമേരിക്ക ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ലെബനനിൽ തുടരുന്ന ഇസ്രയേൽ ആക്രമണങ്ങളെ അമേരിക്ക പിന്തുണക്കുമ്പോൾ ഇറാൻ ഇതിനെ എതിർക്കുന്നു. നിലവിലുള്ള ഭീഷണികളെ പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇറാൻ്റെ ആണവപദ്ധതികൾ ഇല്ലാതാക്കുക, മിസൈൽ നിർമാണം തടയുക തുടങ്ങിയവയാണ് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും പ്രധാന ലക്ഷ്യങ്ങൾ.

ഉപരോധം നീക്കാനും ധാരണ
കരാർ നടപ്പിലാകുന്നതോടെ യുഎസ് ഏപ്രിൽ 17ന് ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കും. ഇത് ഇറാൻ്റെ എണ്ണ കയറ്റുമതി വർധിപ്പിക്കുന്നതിനും പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയെ കരകയറ്റാനും സഹായിക്കും. ഉപരോധത്തിൽ ഇളവ് നൽകുന്നതിലൂടെ മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിൻ്റെ ഫണ്ടുകൾ ലഭ്യമാക്കുന്ന കാര്യത്തിൽ 60 ദിവസത്തെ ചർച്ചകൾക്ക് ഒടുവിലാകും തീരുമാനമെടുക്കുക.

ആണവപദ്ധതികൾ നിർണായകം
പൂർണമായും സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഒഴിവാക്കാൻ ഇറാൻ തയാറാകുമെന്നാണ് പ്രാദേശിക വൃത്തങ്ങൾ നൽകുന്ന സൂചന. ഈ യുറേനിയം റഷ്യ ഉൾപ്പെടെയുള്ള മൂന്നാം രാജ്യങ്ങൾക്ക് കൈമാറുകയോ നിർജീവമാക്കുകയോ ചെയ്യാൻ 60 ദിവസത്തിനകം തീരുമാനമെടുക്കും. യുറേനിയം ശേഖരം ഉപേക്ഷിച്ചില്ലെങ്കിൽ ഉപരോധങ്ങളിൽ ഇളവ് നൽകില്ലെന്നാണ് അമേരിക്കയുടെ കർശന നിലപാട്. എന്നാൽ നിലവിൽ യുദ്ധം അവസാനിപ്പിക്കുന്നതിലാണ് ശ്രദ്ധയെന്നും ആണവ വിഷയങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും ഇറാൻ വക്താവ് ബഖായി അറിയിച്ചു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ കണക്കുപ്രകാരം 60 ശതമാനം ശുദ്ധിയുള്ള 440.9 കിലോഗ്രാം (972 പൗണ്ട്) യുറേനിയം ഇറാൻ്റെ പക്കലുണ്ട്. 90 ശതമാനം പ്രവർത്തനസജ്ജമായാൽ ഇത് ആണവായുധങ്ങൾക്ക് തുല്യമാകും.

ആണവ സാങ്കേതികവിദ്യ തങ്ങളുടെ അവകാശമാണെന്നും ആണവായുധങ്ങൾ നിർമിക്കാൻ ലക്ഷ്യമിടുന്നില്ലെന്നും ഇറാൻ പ്രസിഡൻ്റെ മസൂദ് പെസെഷ്കിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ അമേരിക്കൻ സൈന്യത്തെ മേഖലയിൽ നിന്നും പിൻവലിക്കണമെന്നോ യുദ്ധനഷ്ടപരിഹാരം നൽകണമെന്നോ ഉള്ള ആവശ്യങ്ങളൊന്നും പുതിയ ചർച്ചകളിൽ ഇറാൻ ഉന്നയിച്ചിട്ടില്ല. അന്തിമ തീരുമാനങ്ങൾ വരുന്നതോടെ വൻ വഴിത്തിരിവിനാകും ലോകം സാക്ഷ്യം വഹിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here