എല്‍പിജിക്ക് ക്ഷാമത്തിന് പിന്നാലെ ആശങ്കയിൽ ആരോഗ്യ മേഖലയും. ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകള്‍. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം രണ്ടാം ആഴ്‌ച കടന്നതോടെയാണ് മരുന്നുകളുടെ ക്ഷാമവും പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. പ്രധാനമായും വിതരണത്തിനും കയറ്റുമതിക്കുമാണ് തടസങ്ങള്‍ നേരിടുന്നത്. ഇതോടെ മരുന്നുകളുടെ വിലയും കുത്തനെ കൂടുമെന്ന് വ്യവസായ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മാര്‍ച്ച് അവസാനത്തോടെ മരുന്നുകളുടെ വില 10-20% വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ബഫർ സ്റ്റോക്കുകൾ കുറയുകയും ലോജിസ്റ്റിക്‌സ് ചെലവുകൾ വർധിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെയാണ് ഇന്ത്യയിലെ ഔഷധ മേഖലയിലും യുദ്ധം ബാധിച്ചത്. കടലിടുക്ക് അടച്ചതോടെ ഇന്ത്യയുടെ ഔഷധ വിതരണ ശൃംഖലയെയും കയറ്റുമതിയെയും യുദ്ധം താറുമാറാക്കി. അസംസ്‌കൃത എണ്ണയ്ക്കും പശ്ചിമേഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും ലഭിക്കുന്ന പ്രധാന ഔഷധ മരുന്നുകളുടെയും വിതരണ മേഖലയാണ് ഹോര്‍മുസ് കടലിടുക്ക്.
“ഇത് മറ്റൊരു കൊവിഡ്”
സംഘര്‍ഷ സഹചര്യത്തിലെ ഈ ക്ഷാമത്തെ ഗവേഷണ മേധാവി അനിന്ദ്യ ബാനർജി കൊവിഡ് കാലവുമായി ഉപമിക്കുന്നു. “ഇത് മറ്റൊരു അജൈവ കൊവിഡ് ആണെന്ന്” അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. വിലനിർണയം, ലഭ്യത, വിതരണ ശൃംഖലകളിലെ തടസം എന്നിവയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം സാഹചര്യത്തെ കൊവിഡിനോട് ഉപമിച്ചത്.
യുദ്ധത്തെ തുടര്‍ന്ന് ആഗോള ക്രൂഡ് ഓയിൽ വില സമീപ ദിവസങ്ങളിൽ കുത്തനെ ഉയർന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഹ്രസ്വമായി ഇളവ് വരുത്തിയ ശേഷം, വ്യാഴാഴ്‌ച ബ്രെന്‍ഡ് ക്രൂഡ് ഓയിൽ വീണ്ടും ബാരലിന് 100 ഡോളറായി ഉയർന്നു.
ഉയർന്ന ഇന്ധന വില ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നുകളുടെ ഉല്‍പദനത്തിന് ഉപയോഗിക്കുന്ന ചേരുവകളുടെ വില വര്‍ധനവിനെ നേരിട്ട് ബാധിച്ചു. നിർമ്മാണത്തിലുടനീളം ഉപയോഗിക്കുന്ന പെട്രോകെമിക്കൽ ഡെറിവേറ്റീവുകളുടെ വില വര്‍ധനവിന് ഇത് കാരണമായി.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മിക്ക ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നുകളുടെയും ചേരുവകളുടെ 15-16% യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു, പല കയറ്റുമതികളും ഹോർമുസ് കടലിടുക്ക് വഴിയാണ്. കൂടാതെ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന കീ സ്റ്റാർട്ടിങ് മെറ്റീരിയലുകളും (കെഎസ്എം) ലായകങ്ങളും ഇപ്പോള്‍ കൂടുതല്‍ ചെലവേറിയതാണ്.
- സിറപ്പുകൾക്കുള്ള പ്ലാസ്റ്റിക് കുപ്പികളുടെയും ടാബ്‌ലെറ്റ് പാക്കേജിങിൻ്റെയും വില വർധിച്ചു കൊണ്ടിരിക്കുകയാണ്.
- ഉൽപ്പാദനത്തിൽ ഉപയോഗിക്കുന്ന വ്യാവസായിക വാതകങ്ങളുടെ ലഭ്യത കുറയുന്നു.
- എൽപിജി, സിഎൻജി റേഷനിങ് ഉൽപ്പാദനത്തെയും വിതരണത്തെയും ബാധിക്കുന്നു.
- ചരക്ക്, ഷിപ്പിങ് നിരക്കുകൾ കുതിച്ചുയരുന്നു.
പെട്രോളിയം ഉപോൽപ്പന്നങ്ങൾ ഇതിനകം തന്നെ വില കൂടിയിട്ടുണ്ടെന്ന് ഓൾ ഫുഡ് ആൻഡ് ഡ്രഗ് ലൈസൻസ് ഹോൾഡേഴ്‌സ് ഫൗണ്ടേഷൻ്റെ ദേശീയ പ്രസിഡൻ്റ് അഭയ് പാണ്ഡെ പറഞ്ഞു. “പ്ലാസ്റ്റിക് പാക്കേജിങിനെ ബാധിക്കുകയും വിതരണം മന്ദഗതിയിലാവുകയും ചെയ്‌തു. മാർച്ച് അവസാനത്തിനുശേഷം കഫ് സിറപ്പുകൾ, ഗ്ലിസറിൻ, മാസ്‌കുകൾ എന്നിവയുടെ വില ഉയരും. മൂന്ന് മാസത്തെ ബഫർ സ്റ്റോക്ക് ഉണ്ട്. പക്ഷേ റേഷനിങും ഉയർന്ന ഇൻപുട്ട് ചെലവുകളും വിലകൾ വർധിപ്പിക്കും” അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
ഗതാഗത പരിമിതികൾ ഏറ്റവും വലിയ തടസം സൃഷ്‌ടിക്കുന്നുവെന്ന് മഹാരാഷ്ട്ര രജിസ്റ്റേർഡ് ഫാർമസിസ്റ്റ് അസോസിയേഷൻ പ്രസിഡൻ്റ് കൈലാസ് ടണ്ടേൽ പറഞ്ഞു. “റേഷൻ സിഎൻജിയും വർധിച്ചുവരുന്ന ഇന്ധനച്ചെലവും ഉൽപ്പാദനത്തെയും വിതരണത്തെയും തടസപ്പെടുത്തുന്നു. മരുന്നുകളുടെ വിലയിൽ 10-20% വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്” ടാൻഡേൽ ഇടിവി ഭാരതിനോട് പറഞ്ഞു.
അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ ഫാർമസ്യൂട്ടിക്കൽസ് കയറ്റുമതിക്കാരാണ് ഇന്ത്യ. യുദ്ധം രൂക്ഷമായതോടെ ഇന്ത്യ കയറ്റുമതി വെല്ലുവിളികൾ നേരിടുന്നു. ഇന്ത്യൻ മരുന്നുകള്‍ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ (യുഎസ്എഫ്‌ഡിഎ) അംഗീകരിക്കുകയും ഗൾഫ്, ആഫ്രിക്കൻ വിപണികളിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.
ഹോർമുസ് കടലിടുക്ക് തടസപ്പെട്ടതോടെ, ദുബായ്, ഒമാൻ തുടങ്ങിയ കേന്ദ്രങ്ങളിലേക്കും നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി കാലതാമസവും വഴിതിരിച്ചുവിടൽ ചെലവുകളും നേരിടുന്നു. “ഇതര ഷിപ്പിങ് റൂട്ടുകൾ ഉയർന്ന ചരക്ക്, ഇൻഷുറൻസ്, കൈകാര്യം ചെയ്യൽ ചെലവുകൾ അർത്ഥമാക്കുന്നു, ഇത് കയറ്റുമതിക്കാരിൽ സമ്മർദ്ദം വർധിപ്പിക്കുന്നുവെന്നും ടാൻഡേൽ അഭിപ്രായപ്പെട്ടു.
യുദ്ധത്തിൻ്റെ ആഘാതം മൂന്ന് തലങ്ങളില്‍ ബാധിച്ചു
പശ്ചിമേഷ്യന്‍ യുദ്ധം മൂന്ന് തലങ്ങളില്‍ ആഘാതം സൃഷ്‌ടിച്ചെന്ന വ്യക്തമാക്കി അനിന്ദ്യ ബാനർജി. “ആദ്യത്തേത് വിലനിർണയമാണ്. കാരണം അന്താരാഷ്ട്ര വിപണികളിൽ എണ്ണ, വാതക വിലകളിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നു. അതിൻ്റെ ആഘാതം ആഭ്യന്തരമായി കാണപ്പെടും. രണ്ടാമത്തേത് എണ്ണ, വാതകം, പെട്രോളിയം ഉൽപ്പന്നങ്ങൾ, അനുബന്ധ ഉൽപ്പന്നങ്ങൾ, വളം, രാസവസ്‌തുക്കൾ എന്നിവയുടെ ലഭ്യതയാണ്. അവസാനമായി വിതരണ ശൃംഖലയിലെ ആഘാതം” അനിന്ദ്യ പറയുന്നു.
ദിനംപ്രതിയുള്ള ആഗോള എണ്ണ വിതരണത്തിലെ കുറവ് വില സമ്മർദ്ദം വഷളാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുവരെ ഇത് നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഫർ സ്റ്റോക്കുകൾ താൽക്കാലിക ആശ്വാസം നൽകുന്നു
നിർമ്മാതാക്കൾ നിലവിൽ ഏകദേശം മൂന്ന് മാസത്തേക്ക് ബഫർ സ്റ്റോക്കുകൾ കൈവശം വച്ചിട്ടുണ്ടെന്ന് വ്യവസായ സ്ഥാപനങ്ങൾ പറയുന്നു. എന്നിരുന്നാലും, നീണ്ടുനിൽക്കുന്ന അനിശ്ചിതത്വം ഉൽപാദനത്തെ ബാധിക്കും.








