
ബോളിവുഡ് താരം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. താരത്തിന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട താരം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആരാധകരെ വലിയ രീതിയില്‍ ആശങ്കയില്‍ ആഴ്‌ത്തിയിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് 83 കാരനായ അമിതാഭ് ബച്ചന്‍ ഞായറാഴ്‌ച മുംബൈയിലെ ജല്‍സ ബംഗ്ലാവില്‍ ആരാധകര്‍ക്ക് മുന്നില്‍ ബിഗ് ബി പ്രത്യക്ഷപ്പെട്ടു. എല്ലാ ഞായറാഴ്ചയും പതിവായി ആരാധകരെ കാണാനെത്തുന്ന ജല്‍സയ്ക്ക് മുന്നിലെ ‘സണ്‍ഡേ ദര്‍ശന്‍’ പരിപാടിയിലാണ് അമിതാഭ് ബച്ചന്‍ പങ്കെടുത്തത്.
താരത്തെ നേരില്‍ കണ്ടതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. ഏറെ ഊര്‍ജ്വസ്വലനായി വെള്ള വസ്‌ത്രം ധരിച്ച് ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്ന താരത്തിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
തന്‍റെ പ്രിയപ്പെട്ട ആരാധകരെ കണ്ട അമിതാഭ് ബച്ചന്‍ നിറഞ്ഞ ചിരിയോടെ അവര്‍ക്ക് കൈവീശി കാണിച്ചു. അവര്‍ക്ക് ഫ്ലയിങ് കിസുകള്‍ നല്‍കുകയും ചെയ്‌തു. കൈകൂപ്പി നന്ദി അറിയിക്കുകയും ചെയ്‌തു. പതിറ്റാണ്ടുകളായി ബിഗ് ബി മുടങ്ങാതെ ചെയ്യുന്ന കൂടിക്കാഴ്‌ചയാണിത്.
എന്നാല്‍ ഇത് മാത്രല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വീണ്ടും താന്‍ ജോലിത്തിരക്കുകളിലേക്ക് മടിയെത്തിയതായും താരം തന്‍റെ ബ്ലോഗിലൂടെ അറിയിച്ചു.
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് താരം ആരാധകര്‍ക്ക് പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുന്നത്. “Work work work.. and work more” എന്ന കുറിപ്പോടെയായിരുന്നു അമിതാഭ് ബച്ചന്‍റെ പോസ്റ്റ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമിതാഭ് ബച്ചന്‍റെ ആരോഗ്യനിലയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആരാധകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിരുന്നു. അത് പതിവ് ആരോഗ്യ പരിശോധന മാത്രമാണെന്നും ആരോഗ്യനിലയില്‍ ഗുരുതര പ്രശ്നങ്ങളില്ലെന്നും താരം അറിയിച്ചു.
ഇപ്പോള്‍ വീണ്ടും ജോലിയില്‍ സജീവമായിരിക്കുന്നതിന്‍റെ സൂചന നല്‍കി അമിതാഭ് ബച്ചന്‍ പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രത്തില്‍ പതിവ് സ്റ്റൈലില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന താരത്തെ കാണാം. നിരവധി ആരാധകരും സിനിമാ പ്രവര്‍ത്തകരും പോസ്റ്റിന് താഴെ ആശംസകളും സ്‌നേഹവും അറിയിക്കുന്നുണ്ട്.
അതേസമയം റിഭു ദാസ് ഗുപ്ത സംവിധാനം ചെയ്യുന്ന അമിതാഭ് ബച്ചന്‍റെ അടുത്ത വലിയ പ്രൊജക്‌ടായ സെക്ഷൻ 84 റിലീസിനായി ഒരുങ്ങുകയാണ്. കോർട്ട്‌റൂം ഡ്രാമയായ ഈ ചിത്രം 2026 നവംബർ 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.
കൽക്കി 2, ബ്രഹ്മാസ്ത്ര പാർട്ട് 2: ദേവ് തുടങ്ങിയ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളും നടന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.




