മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഇന്ന് മുംബൈയിൽ യോഗം ചേരും. പോളിസി നിരക്കുകൾ തീരുമാനിക്കുന്നതും മറ്റും യോഗത്തിൽ ചർച്ച ചെയ്യും. പലിശ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയായിരിക്കും ഒക്‌ടോബർ ഒന്നിന് പണനയ ഫല പ്രഖ്യാപനം നടത്തുക.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം നയ പ്രഖ്യാപനത്തിൽ പോളിസി നിരക്കുകൾ 25 ബേസിസ് പോയിൻ്റ് (ബിപിഎസ്) കുറയുമെന്നാണ് വിലയിരുത്തൽ. പണപ്പെരുപ്പം കുറയുന്ന സാഹചര്യവും വളർച്ചയ്ക്ക് മുൻഗണന നൽകേണ്ട ആവശ്യകതയും കണക്കിലെടുത്തായിരിക്കും പുതിയ നടപടി. അമേരിക്കയുടെ താരിഫ് നീക്കങ്ങൾ ആഗോള തലത്തിൽ സൃഷ്‌ടിക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കേണ്ടതും അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആർബിഐയുടെ ബൂസ്‌റ്റർ കട്ട് ആയി കാണുന്നുവെന്നും റിപ്പോ നിരക്ക് കുറയ്ക്കുമെന്നുമാണ് പ്രതീക്ഷ. വരും മാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞ നിലയിൽ തുടരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എംപിസി കമ്മിറ്റി നിരക്കുകൾ കുറയ്ക്കുമോ അതോ സ്ഥിരമായി നിലനിർത്തുമോ എന്ന കാര്യത്തിൽ വിപണികൾ ചർച്ചകൾ നടത്തിവരികയാണ്.
2026 സാമ്പത്തിക വർഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനങ്ങളിൽ വീണ്ടും കുത്തനെയുള്ള കുറവ് വരുമെന്നാണ് കരുതുന്നത്. ഇപ്പോൾ 2.5 ശതമാനത്തിനടുത്താണ് നിരക്ക്. 2025 ഒക്ടോബർ മുതൽ പണപ്പെരുപ്പത്തിൽ ചരക്ക് സേവന നികുതി (ജിഎസ്‌ടി) ചെലുത്തുന്ന ഏകദേശം 60 ബേസിസ് പോയിൻ്റ് സ്വാധീനവും ഈ പരിഷ്‌കരണത്തിൽ ഉൾപ്പെടുന്നുണ്ട്. ആർബിഐ നിരക്ക് കുറയ്ക്കൽ താത്‌കാലികമായി നിർത്തിവച്ചിരുന്നു.
എന്നാൽ ബോണ്ട് മാർക്കറ്റിലൂടെയും ബാങ്ക് വായ്‌പാ നിരക്കുകളിലൂടെയും ആനുകൂല്യങ്ങൾ കൈമാറുന്നതിനും മറ്റും സാധിക്കും. യുഎസ് ഫെഡിൻ്റെ റിസ്‌ക് കൈകാര്യം ചെയ്യുന്നതിനായി നേരത്തെ പ്രഖ്യാപിച്ച നിരക്ക് കുറയ്ക്കലിൽ നിന്ന് വ്യത്യസ്‌തമാണ് ഇത്തവണ. ആർബിഐയുടെ നിരക്ക് കുറയ്ക്കൽ പ്രധാനമായും വിപണി ഉയർത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ അവസാന സമയത്ത് ഇത്തരം നീക്കങ്ങൾ പ്രായസമാണെങ്കിലും 2025 ഡിസംബറോടെ മറ്റൊരു 0.25% കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പണപ്പെരുപ്പത്തിലെ സമീപകാല ഇടിവും ജിഎസ്‌ടി പരിഷ്‌കാരങ്ങളുടെ നേട്ടങ്ങളും ആർബിഐ വ്യക്തമായി തിരിച്ചറിയുകയും താരിഫ് യുദ്ധങ്ങൾ പോലുള്ള ആഗോള വ്യാപാര വെല്ലുവിളികൾ പരിഗണിക്കുകയും ചെയ്യും.
നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ആർബിഐയുടെ തന്ത്രം മനസിലാക്കാൻ ഇത്തരത്തിലുള്ള മാർഗനിർദേശം വിപണികളെ സഹായിക്കും. ഓക്‌ടോബർ ഒന്നിന് റിപ്പോ നിരക്കുകളും മറ്റ് അനുബന്ധ നയ നടപടികളും സംബന്ധിച്ച കമ്മിറ്റിയുടെ തീരുമാനത്തിൽ വ്യക്തത ലഭിക്കും. കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമോ എന്ന് വിപണികളും സാമ്പത്തിക വിദഗ്‌ധരും ഉറ്റുനോക്കുകയാണ്.




