അമീർ ഹംസയ്ക്ക് ലാഹോറിൽ വെടിയേറ്റു; ആക്രമിച്ചത് അജ്ഞാത സംഘം

0
77

ലഷ്കർ-ഇ-തൊയ്ബയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ ഭീകരൻ അമീർ ഹംസയ്ക്ക് ലാഹോറിൽ വെടിയേറ്റു. അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ നിലവിൽ അതീവ ഗുരുതരാവസ്ഥയിലാണ്.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ലാഹോറിലെ ഒരു വാർത്താ ചാനൽ ഓഫീസിന് പുറത്ത് വച്ചാണ് അജ്ഞാതരായ അക്രമി സംഘം ഇയാൾക്കെതിരെ വെടിയുതിർത്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമീർ ഹംസയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

ഹംദർദ് ചൗക്കിൽ തെഹ്‌രീക്-ഇ-ഹുർമത്ത്-ഇ-റസൂൽ പാകിസ്ഥാൻ’ ചെയർമാന്റെ വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്ത സംഭവത്തിൽ പോലീസ് നടപടി സ്വീകിരച്ചതായി ലാഹോർ പോലീസ് ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ അറിയിച്ചു. പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വെടിയുതിർത്ത സംഘത്തെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി.ആരാണ് അമീർ ഹംസ?

ഭീകരൻ ഹാഫിസ് സയീദിനൊപ്പമാണ് അമീർ ഹംസ ലഷ്കർ-ഇ-തൊയ്ബ സ്ഥാപിച്ചത്. ഇന്ത്യയിൽ നടന്ന വിവിധ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി തീവ്രവാദ പ്രവർത്തനങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ട്. അഫ്ഗാൻ മുജാഹിദ്ദീൻ സംഘത്തിലെ പഴയകാല അംഗമാണ് അമീർ ഹംസ. പ്രകോപനപരമായ പ്രസംഗങ്ങൾക്കും എഴുത്തുകൾക്കും കുപ്രസിദ്ധി നേടിയ ഇയാൾ ലഷ്കർ-ഇ-തൊയ്ബയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘മജല്ലത്തുൽ ദഅ്‌വ’യുടെ എഡിറ്ററായിരുന്നു. 2022-ൽ പുറത്തിറങ്ങിയ ഖാഫില ദഅ്‌വത് ഔർ ഷഹാദത്ത്  (Caravan of Proselytising and Martydom) ഉൾപ്പെടെ നിരവധി പുസ്തകങ്ങളും ഇയാൾ രചിച്ചിട്ടുണ്ട്.

അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്‌മെന്റ് ലഷ്‌കർ-ഇ-തൊയ്ബയെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും അമീർ ഹംസയെ ഉപരോധം ഏർപ്പെടുത്തിയ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലഷ്‌കർ ഇ തൊയ്ബയുടെ കേന്ദ്ര കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്ന ഇയാൾ സംഘടനയുടെ ഫണ്ട് ശേഖരണം, റിക്രൂട്ട്‌മെന്റ്, തടവിലാക്കപ്പെട്ട തീവ്രവാദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ എന്നിവയിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നതായി കരുതപ്പെടുന്നു.

ഭീകരപ്രവർത്തനങ്ങൾ

2018-ൽ, ലഷ്‌കർ അനുബന്ധ സംഘടനകളായ ജമാഅത്തുദ്ദഅ്‌വ, ഫലാഹ്-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ എന്നിവയ്‌ക്കെതിരെ പാകിസ്ഥാൻ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ഹംസ ലഷ്‌കറിൽ നിന്ന് അകന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് ഭീകരപ്രവർത്തനങ്ങൾ തുടരുന്നതിനായി ‘ജയ്ഷ്-ഇ-മൻഖാഫ’ എന്ന പേരിൽ ഒരു വിമത ഗ്രൂപ്പ് ഇയാൾ സ്ഥാപിച്ചതായും ആരോപണമുണ്ട്.

ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഈ സംഘം പാകിസ്ഥാനിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും ലഷ്‌കറുമായി ഹംസ ഇപ്പോഴും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും കരുതപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here