തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ കനത്ത താഴുകളിട്ടു പൂട്ടിയ സമരഗേറ്റു തുറന്ന് ‘പ്രിയദർശിനി ട്രാവൽസി’ലെ രണ്ട് കെഎസ്ആർടിസി ബസുകൾ ദർബാർ ഹാളിനു മുന്നിലെത്തിയപ്പോൾ യുഡിഎഫ് സർക്കാർ കുറിച്ചത് പുതിയ ചരിത്രം. സെക്രട്ടേറിയറ്റിൽ കെഎസ്ആർടിസി ബസിൽ വന്നിറങ്ങിയ മുഖ്യമന്ത്രിയെന്ന വിശേഷണവും വിഡി സതീശന് സ്വന്തം.
ബസിൽ വന്നിറങ്ങിയ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രി സിപി ജോണിനെയും ഉത്സവസമാനമായ അന്തരീക്ഷത്തിലാണ് സെക്രട്ടേറിയറ്റ് ജീവനക്കാരും പാർട്ടി പ്രവർത്തകരും വരവേറ്റത്. അവിടെനിന്നും സ്ത്രീകൾക്ക് സൗജന്യയാത്രയൊരുക്കി പെരുമാതുറയിലേക്ക് കെഎസ്ആർടിസി ബസ് ഓടിയെത്തിയത് ചരിത്രദൗത്യം കുറിച്ചാണ്. നിറപുഞ്ചിരിയോടെ ബസിൽ യാത്ര ചെയ്ത് നിരവധി സ്ത്രീകളും. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഓർഡിനറി ബസുകളിൽ സൗജന്യയാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി രാവിലെ തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിലാണ് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്തത്.
മുഖ്യമന്ത്രി എത്തുന്നതിനു മുൻപുതന്നെ തമ്പാനൂരിൽ നിരവധി പാർട്ടി പ്രവർത്തകരും സ്ത്രീകളും നിറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനം എന്നതിനു പുറമേ സ്ത്രീകൾക്കു സർക്കാർ നൽകുന്ന ആദരമായാണ് ഇതിനെ കാണുന്നതെന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയ പേരൂർക്കട സ്വദേശിയായ വീട്ടമ്മ ഇടിവി ഭാരതിനോടു പറഞ്ഞു. സൗജന്യയാത്ര ചെയ്ത് പദ്ധതിയിൽ ഭാഗമാകാൻ മാത്രമായി തമ്പാനൂരിൽ എത്തിയ സ്ത്രീകളുമുണ്ട്.
നിറകണ്ണുകളോടെയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞപ്പോൾ നിറഞ്ഞ സന്തോഷത്തോടെയുള്ള കൈയടികളാണ് വേദിയിൽ ഉയർന്നത്. രണ്ട് ബസുകളാണ് ആദ്യയാത്രക്കായി ഒരുക്കിയിരുന്നത്. ആദ്യബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരായ സിപി ജോണും കെഎ തുളസിയും ട്രാൻസ്‌പോർട്ട് കമ്മിഷണർ ടിവി അനുപമയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കൊപ്പം യാത്രക്കാരും കയറി.
രണ്ടാമത്തെ ബസാണ് പൂർണമായും യാത്രക്കാർക്കായി ഒരുക്കിയത്. നിറഞ്ഞുകവിഞ്ഞ രണ്ട് ബസുകൾ ഒൻപതര കഴിഞ്ഞതോടെ തമ്പാനൂരിൽനിന്നും സെക്രട്ടേറിയറ്റിലേക്കു നീങ്ങി. ആദ്യസീറ്റിലെ ജനാലക്കരികിൽ ഇരുന്ന മുഖ്യമന്ത്രി വിഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും റോഡിനരികിൽ നിന്നവരെ കൈവീശിക്കാണിച്ചുകൊണ്ടാണ് യാത്ര ചെയ്തത്. പത്തുമണിയോടെ രണ്ട് ബസുകളും സെക്രട്ടേറിയറ്റിനുള്ളിൽ കടന്ന് ദർബാർ ഹാളിനു മുന്നിലെത്തി. ജീവനക്കാരുടെയും പാർട്ടി പ്രവർത്തകരുടെയും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മുഖ്യമന്ത്രി തൻ്റെ ഓഫിസിലേക്കു കയറി.
ബസിലുണ്ടായിരുന്നവരെ കണ്ട് വിശേഷങ്ങൾ തിരക്കിയ മന്ത്രി സിപി ജോൺ, വനിത ഡ്രൈവർ വിപി ഷീല, കണ്ടക്ടർ ജയകുമാരി എന്നിവരെ പ്രത്യേകമായി കണ്ട് അനുമോദിച്ചു. കെഎസ്ആർടിസിയിലെയും ഗതാഗത വകുപ്പിലെയും മുതിർന്ന വനിത ഉദ്യോഗസ്ഥരെല്ലാം ബസ് സ്വീകരിക്കാനെത്തിയിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ചെറിയൊരു പരിപാടിയായി നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ജനപിന്തുണ കണ്ടപ്പോൾ വിപുലമാക്കിയതാണെന്ന് മന്ത്രി സിപി ജോൺ മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ ജില്ലകളിലും പദ്ധതിയുടെ ഉദ്ഘാടനം വിവിധ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയെന്നും മന്ത്രി അറിയിച്ചു.









