മോസ്കോ: റഷ്യയുടെ വടക്കു കിഴക്കൻ ഭാഗത്ത് 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്. വടക്കുകിഴക്കൻ റഷ്യയിലെ കംചത്ക ഉപദ്വീപിന്‍റെ തീരപ്രദേശത്താണ് ഭൂചലനമുണ്ടായത്. പെട്രോപാവ്ലോവ്സ്‌ക്-കംചത്സ്കിയിൽ നിന്ന് 128 കിലോമീറ്റർ കിഴക്കായി, 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്ന് റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സിന്‍റെ ജിയോഫിസിക്കല്‍ സര്‍വേ അറിയിച്ചതായി റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്‌തു. യു.എസ്. ജിയോളജിക്കൽ സർവേയും ഇക്കാര്യം റിപ്പോർട്ട് ചെയ്‌തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
“നിലവിൽ നാശനഷ്‌ടങ്ങളെക്കുറിച്ച് റിപ്പോർട്ടുകളൊന്നും ഇല്ല. എല്ലാവരും ശാന്തരായിരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഉപദ്വീപിന്‍റെ കിഴക്കൻ തീരത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് അപ്പപ്പോൾ മുന്നറിയിപ്പ് നൽകുന്നുണ്ട്”- ഗവർണർ വ്ലാഡിമിർ സോളോഡോവ് അറിയിച്ചു.
പസഫിക് സമുദ്രത്തിന്‍റെ ഭൂരിഭാഗം ഭാഗങ്ങളെയും ചുറ്റപ്പെട്ടിരിക്കുന്ന ‘റിംഗ് ഓഫ് ഫയർ’ എന്നറിയപ്പെടുന്ന ഭൂകമ്പ മേഖലയിലാണ് കംചത്ക ഉപദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത് ഭൂകമ്പ സാധ്യത കൂടുതലുള്ള പ്രദേശമാണ്. ജൂലൈയിൽ, ഈ പ്രദേശത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ വലിയ ഭൂകമ്പം സുനാമിക്ക് കാരണമാവുകയും ഒരു തീരദേശ ഗ്രാമത്തിന്‍റെ ഭാഗം പൂര്‍ണമായും കടലെടുക്കുകയും ചെയ്‌തു.
ഓഗസ്റ്റ് 31ന് അഫ്‌ഗാനിലുണ്ടായ ഭൂകമ്പത്തിൽ 800 ലേറെ പേര്‍ക്ക് ജീവന്‍ നഷ്‌ടമായിരുന്നു. 2,500 ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പ്രാദേശിക സമയം രാത്രി 11.47 നാണ് കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.
നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിന് 27 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കാണ് പ്രഭവകേന്ദ്രത്തെ കണ്ടെത്തിയതെന്ന് സെൻ്റർ ഫോർ സീസ്‌മോളജി അറിയിച്ചു. എട്ട് കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം കണ്ടെത്തിയത്. ഇത്തരം ഭൂകമ്പങ്ങളിൽ കൂടുതൽ നാശനഷ്‌ടം വരാൻ സാധ്യതയുണ്ടെന്നും സെൻ്റർ ഫോർ സീസ്‌മോളജി കൂട്ടിച്ചേർത്തു. എന്നാൽ പ്രധാന ഭൂകമ്പത്തിന് ഇരുപത് മിനിറ്റുകൾക്ക് ശേഷം അതേയിടത്ത് രണ്ടാമത്തെ ഭൂകമ്പം ഉണ്ടായി. റിക്‌ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂകമ്പം ഇരുപത് മിനിറ്റുകൾക്ക് ശേഷം അതേയിടത്ത് ഉണ്ടായതായി ഭൗമ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഭൂകമ്പം തകര്‍ത്ത അഫ്‌ഗാന് ഇന്ത്യ സഹായങ്ങള്‍ വാഗ്‌ദാനം ചെയ്‌തിരുന്നു.






