തിരുവനന്തപുരം: കേരളക്കരയിൽ വീണ്ടും പെയ്ത്തുക്കാലം സജീവമായിരിക്കുകയാണ്. ഇടമുറിയാതെ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനം മുഴുവൻ ഇപ്പോൾ തണുത്തു വിറച്ചു നിൽക്കുന്നു. വരും ദിവസങ്ങളിലും മഴ കൂടുതൽ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെ ഫലമായി വടക്കൻ കേരളത്തിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതയ്ക്കാൻ സാധ്യത. മഴ അതിതീവ്രമാകാൻ സാധ്യതയുള്ളതിനാൽ വടക്കൻ കേരളത്തിലെ മൂന്ന് പ്രധാന ജില്ലകളിൽ ഇന്ന് (ജൂണ്‍ 9) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 204 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്. കനത്ത മഴ കണക്കിലെടുത്ത് ഈ മൂന്ന് ജില്ലകളിലെയും സ്‌കൂളുകൾക്കും കോളജുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റു മധ്യ-തെക്കൻ ജില്ലകളിൽ യെല്ലോ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്.
മഞ്ഞ അലർട്ട്
09/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
10/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
11/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
12/06/2026: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
നദികൾ നിറയുന്നു; മലയോരങ്ങളിൽ നിയന്ത്രണം
തുടർച്ചയായി പെയ്യുന്ന മഴ കാരണം പുഴകളിലും തോടുകളിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. തിരുവനന്തപുരത്ത് അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തിക്കഴിഞ്ഞു. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ വലിയ ജാഗ്രതയാണ് നിർദേശിച്ചിട്ടുള്ളത്. ഇതിൻ്റെ ഭാഗമായി പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു.
ഇടുക്കി ഉൾപ്പെടെയുള്ള മലയോര റോഡുകളിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കടൽ വളരെ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്ന് അധികൃതർ കർശനമായി പറഞ്ഞിട്ടുണ്ട്.
നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (സുരക്ഷാ നിർദ്ദേശങ്ങൾ)
മഴക്കാലത്ത് നമ്മുടെ സുരക്ഷ ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കു
താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മാറുക: വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
യാത്രകൾ ഒഴിവാക്കുക: മലയോര മേഖലകളിലേക്കുള്ള വിനോദയാത്രകളും രാത്രിയാത്രകളും പൂർണ്ണമായും ഒഴിവാക്കുക.
പുഴകളിൽ ഇറങ്ങരുത്: ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിലോ തോടുകളിലോ കുളിക്കാനോ ഇറങ്ങാനോ പാടില്ല.
സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വയ്‌ക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസിലാക്കി വയ്‌ക്കേണ്ടതുമാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.









