ധനകാര്യ വിദഗ്‌ധൻ കെ.കെ. കൃഷ്‌ണകുമാർ അന്തരിച്ചു,

0
39

എറണാകുളം: കേരളത്തിലെ പ്രമുഖ ധനകാര്യ വിദഗ്‌ധനും സാമൂഹിക-സാമ്പത്തിക ഗവേഷണ രംഗത്തെ സജീവ സാന്നിധ്യവുമായ കെ.കെ. കൃഷ്‌ണകുമാർ (56) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പെരുമ്പാവൂർ പനിച്ചയത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം 5.30-ന് വീട്ടുവളപ്പിൽ നടക്കും.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻ്റർ ഫോർ സോഷ്യോ എക്കണോമിക്‌ ആൻ്റ് എൻവയോൺമെൻ്റൽ സ്‌റ്റഡീസിൻ്റെ (CSES) സ്ഥാപക സെക്രട്ടറിയും സീനിയർ ഫെല്ലോയുമാണ് പനിച്ചയം കോളശ്ശേരി വീട്ടിൽ കെ.കെ. കൃഷ്‌ണകുമാർ. അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം കേരളത്തിലെ അക്കാദമിക്-ഗവേഷണ മേഖലയ്ക്ക് വലിയ നഷ്‌ടമാണ് സൃഷ്‌ടിച്ചിരിക്കുന്നത്.

ഗവേഷണ രംഗത്തെ മൂന്ന് പതിറ്റാണ്ടുകൾ
പൊതുധനകാര്യം, അധികാര വികേന്ദ്രീകരണം, സുതാര്യമായ ഭരണനിർവ്വഹണം തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ മുപ്പത് വർഷമായി അദ്ദേഹം സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. കേരളത്തിൻ്റെ സാമ്പത്തിക അടിത്തറയെയും പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങളെയും സംബന്ധിച്ച നിർണ്ണായകമായ പല പഠനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) സിണ്ടിക്കേറ്റ് അംഗമായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കൂടാതെ, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് രൂപീകരിച്ച റിസോഴ്സസ് ആൻഡ് പ്ലാൻ ഇംപ്ലിമെൻ്റേഷൻ വിദഗ്‌ധ സമിതിയിലെ അംഗമെന്ന നിലയിൽ സംസ്ഥാനത്തിൻ്റെ ആസൂത്രണ പ്രക്രിയകളിൽ തൻ്റെ വൈദഗ്ധ്യം അദ്ദേഹം പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനങ്ങൾ
കേരളത്തിലും ലക്ഷദ്വീപിലുമായി നടന്ന നിരവധി ദേശീയ-അന്തർദ്ദേശീയ സർവേകളുടെ അമരക്കാരനായിരുന്നു കൃഷ്ണകുമാർ. ഡി.എൽ.എച്ച്.എസ്-ആർ.സി.എച്ച് (DLHS-RCH) സർവേകൾ, ഗ്ലോബൽ അഡൾട്ട് ടൊബാക്കോ സർവേ, ഇന്ത്യ ഹ്യൂമൻ ഡെവലപ്മെൻ്റ് സർവേ എന്നിവ ഇതിൽ ചിലതുമാത്രം. ലക്ഷദ്വീപിലെ കവരത്തി ദ്വീപിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളും, കേരള ലോക്കൽ ഗവണ്‍മെൻ്റ് സർവീസ് ഡെലിവറി പ്രോജക്റ്റും അക്കാദമിക് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്.

പ്ലാനിംഗ് ബോർഡിനായി അദ്ദേഹം നടത്തിയ സമഗ്ര ശിക്ഷ പദ്ധതിയിലെ ഫണ്ട് വിനിയോഗ പഠനം വിദ്യാഭ്യാസ മേഖലയിലെ പോരായ്‌മകൾ പരിഹരിക്കാൻ സഹായിക്കുന്നതായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുട്ടികളുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്ന പ്ലാൻ ഫണ്ടുകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പഠനം അധികാര വികേന്ദ്രീകരണത്തിലെ സുപ്രധാന ചുവടുവയ്പ്പാ‌യിരുന്നു. സി.എസ്.ഇ.എസ് ചെയർമാനായിരുന്ന അന്തരിച്ച ഡോ. കെ.കെ. ജോർജിനൊപ്പമുള്ള അദ്ദേഹത്തിൻ്റെ അക്കാദമിക് കൂട്ടുകെട്ട് നിരവധി മികച്ച ഗവേഷണ പ്രബന്ധങ്ങൾക്കും ലേഖനങ്ങൾക്കും ജന്മം നൽകി.

എടത്തല ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയായ ജീജ (മലയാറ്റൂർ മാണിയാലിൽ കുടുംബാംഗം) ആണ് ഭാര്യ. മക്കൾ: മീനാക്ഷി (കാസർകോഡ് സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർഥിനി), കമൽ കൃഷ്ണ (കാലടി ആദിശങ്കര എൻജിനിയറിങ് കോളജ് വിദ്യാർത്ഥി). കെ.കെ. കൃഷ്ണകുമാറിൻ്റെ നിര്യാണത്തിൽ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.

അനുശോചിച്ച് മന്ത്രി രാജീവ്

വിദ്യാർത്ഥി ജീവിതകാലം മുതലുള്ള അടുത്ത സൗഹൃദമുണ്ടെന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള സ്‌നേഹമായിരുന്നു കൃഷ്ണകുമാറിൻ്റേതെന്നും മന്ത്രി പി രാജീവ് കുറിച്ചു. “കൃഷ്‌ണകുമാർ വിടവാങ്ങി. വിദ്യാർത്ഥി ജീവിതകാലം മുതലുള്ള അടുത്ത സൗഹൃദം. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള സ്‌നേഹമായിരുന്നു കൃഷ്ണകുമാറിൻ്റേത്. കമ്പ്യൂട്ടർ സയൻസ് അത്ഭുതമായി കടന്നുവന്ന കാലത്ത് തൃശ്ശൂർ എഞ്ചിനീയറിംഗ് കോളജിൽ പ്രവേശനം നേടിയ മിടുക്കനായ വിദ്യാർത്ഥി. അവിടെ എസ്എഫ്ഐ ഭാരവാഹി.

അതു കഴിഞ്ഞ് കൊച്ചി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് മാനേജ്മെൻ്റ് സ്‌റ്റഡീസിൽനിന്നും എംബിഎ. പ്രലോഭിപ്പിക്കുന്ന തൊഴിലവസരങ്ങൾ പലതുമുണ്ടായിട്ടും അതിനൊന്നും പുറകെ പോകാതെ ഡോക്‌ടർ കെ കെ ജോർജ്ജിൻ്റെ നേതൃത്വത്തിൽ സി എസ്ഇഎസ് രൂപീകരിച്ചപ്പോൾ അതിൻ്റെ സെക്രട്ടറിയായി. ആ സംഘത്തിൽ തുടക്കകാലത്ത് കൂടാൻ കഴിഞ്ഞത് ബന്ധങ്ങൾ ദൃഢമാക്കി. എല്ലാ കാര്യങ്ങളിലും തൻ്റേതായ അഭിപ്രായമുണ്ടായിരുന്നു.

വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി, വിശകലനം നടത്തി നിഗമനങ്ങളിലേക്ക് എത്താൻ സവിശേഷ കഴിവുണ്ടായിരുന്നു. ഇത്തവണ ഒഴികെ മത്സരിച്ച തെരഞ്ഞെടുപ്പിലെല്ലാം വിശ്രമരഹിതനായി ഒപ്പമുണ്ടായിരുന്നു. വിദ്യാർത്ഥികാല സൗഹൃദങ്ങളെ ഏകോപിപ്പിച്ചത് കൃഷ്ണകുമാറായിരുന്നു. അസാധാരണ മനക്കരുത്തോടെയാണ് കൃഷ്‌ണൻ രോഗത്തെ നേരിട്ടത്. രോഗം തിരിച്ചെറിഞ്ഞ ശേഷം ബന്ധപ്പെട്ട എല്ലാ ഡോക്‌ടമാരും കുറഞ്ഞസമയം മാത്രമാണ് ബാക്കിയായി കണ്ടത്. പക്ഷേ, ചികിത്സയുടെ ഘട്ടങ്ങളിൽ അചഞ്ചലമായി നിന്ന കൃഷ്ണകുമാർ പ്രതീക്ഷകൾ നൽകി. എന്നാൽ, അത് അധികനാൾ നീണ്ടുനിന്നില്ല. ഒടുവിൽ കാണുമ്പോൾ കൈകളിൽ പിടിച്ച് എന്തോ പറയാൻ ശ്രമിച്ചു, പക്ഷേ… എത്രയും പ്രിയനായ സഖാവേ, വിട…” മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here