ചലച്ചിത്ര നിർമാതാവ് എൻഎം ബാദുഷ ബിജെപിയിലേക്ക് . വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായേക്കും. കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും. ഒരു ദേശീയ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കെ നിൽക്കവെയാണ് ബാദുഷ രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്നത്.
‘പുതിയ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ട്. മിക്കവാറും ഒരു ദേശീയ രാഷ്ട്രീയത്തിലേക്ക് ഞാൻ പോകുന്നതിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്’ എൻഎം ബാദുഷ ന്യൂസ് 18 കേരളത്തോട് പറഞ്ഞു. ബിജെപിയാണെന്ന് പറയാൻ കഴിയുമോ എന്ന ചോദ്യത്തിന് അത് ഞാൻ ഇപ്പോൾ പറയുന്നില്ല.
കുറച്ച് സമയം വേണം, ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിനും ചർച്ചകൾ നടക്കുന്നുണ്ടെന്നായിരുന്നു മറുപടി.കോൺഗ്രസ് അനുഭാവിയായിരുന്ന എൻഎം ബാദുഷ നേരത്തെ പ്രാദേശിക തലത്തിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. യൂത്ത് കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ച വ്യക്തിയാണ് താനെന്നും ബാദുഷ പറഞ്ഞു.
സംസ്ഥാന ബിജെപിയിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കവെയാണ് ബാദുൽ ബിജെപിയിലേക്കെന്ന വാർത്തകൾ പുറത്തുവരുന്നത്. മുപ്പതോളം മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളുടെ സാധ്യതാപട്ടിക തയ്യാറായിട്ടുണ്ട്. പ്രധാനനേതാക്കളെ ഉൾപ്പെടുത്തിയുള്ള പട്ടിക തിരുവനന്തപുരത്തുചേർന്ന തെരഞ്ഞെടുപ്പ് സമിതിയും ചർച്ചചെയ്തു. ഇത് കേന്ദ്രത്തിന് കൈമാറും.









