ശനിയാഴ്ച ഇന്ത്യയിലുടനീളം പെട്രോൾ – ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 0.87 രൂപയും ഡീസലിന് 0.91 രൂപയും വർധിച്ചു. ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വിലയിലെ വർധനവും പശ്ചിമേഷ്യൻ സംഘർഷങ്ങളും മൂലമുള്ള നിരന്തരമായ സമ്മർദ്ദങ്ങൾക്കിടയിലാണ് എണ്ണക്കമ്പനികൾ ഇന്ധന വിലയിൽ മൂന്നാമത്തെ വർധനവ് വരുത്തിയത്.
ഹൈലൈറ്റ്:
- രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി.
- പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിച്ചു.
- വില വർധന മൂന്നാമത്തെ തവണ.
ഇന്ത്യയിൽ ആവശ്യത്തിന് പെട്രോൾ, ഡീസൽ വിതരണമുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ വർധന. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ മാസം ആദ്യം പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 പൈസ വർധിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇന്ധന നിരക്കിൽ രണ്ടാമത്തെ വർധനവാണിത്.
പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷവും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണം താറുമാറാകുകയും തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുകയും ചെയ്തതിനാൽ പെട്രോൾ – ഡീസൽ വില ആദ്യം മൂന്ന് രൂപ വർധിപ്പിച്ചിരുന്നു.
“രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യത്തിന് ലഭ്യത ഇന്ത്യയിലുണ്ട്. പരിഭ്രാന്തി ഒഴിവാക്കി യഥാർഥ ആവശ്യാനുസരണം മാത്രം ഇന്ധനം വാങ്ങാൻ പൗരന്മാരോട് നിർദേശിക്കുന്നു. ചില റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ താൽക്കാലിക സമ്മർദം എണ്ണ മാർക്കറ്റിങ് കമ്പനികളുടെ തുടർച്ചയായ വിതരണ നിരീക്ഷണത്തിലൂടെയും ഏകോപിപ്പിച്ച വിതരണ ശ്രമങ്ങളിലൂടെയും പരിഹരിക്കപ്പെടുന്നു” – എന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.
2022 ഏപ്രിൽ മുതൽ പെട്രോൾ – ഡീസൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 2024 മാർച്ചിൽ ലിറ്ററിന് 2 രൂപയുടെ കുറവ് വരുത്തുകയും ചെയ്തു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെത്തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിപണികളിലുണ്ടാകുന്ന വില ചാഞ്ചാട്ടത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി 2022 ൽ ദിവസേനയുള്ള ഇന്ധന വില പരിഷ്കരണങ്ങൾ നിർത്തിവച്ചിരുന്നു.
എന്നാൽ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ഫെബ്രുവരിയിൽ ബാരലിന് ശരാശരി 69 ഡോളറായിരുന്നു വിലയെങ്കിൽ സമീപ മാസങ്ങളിൽ ബാരലിന് ഏകദേശം 113 – 114 ഡോളറായി ഉയർന്നു. അസംസ്കൃത എണ്ണയുടെ 90 ശതമാനത്തോളം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
നഗരാടിസ്ഥാനത്തിലുള്ള പെട്രോൾ – ഡീസൽ വിലകൾ
ഡൽഹി
പെട്രോൾ: 99.51 രൂപ (+0.87)
ഡീസൽ: 92.49 രൂപ (+0.91)
കൊൽക്കത്ത
പെട്രോൾ: 110.57 രൂപ (+0.87)
ഡീസൽ: 96.04 രൂപ (+0.91)
മുംബൈ
പെട്രോൾ: 107.56 രൂപ (+0.87)
ഡീസൽ: 94.05 രൂപ (+0.91)
ചെന്നൈ
പെട്രോൾ: 104.54 രൂപ (+0.87)
ഡീസൽ: 96.16 രൂപ (+0.91)
ഗുരുഗ്രാം
പെട്രോൾ: 100.38 രൂപ (+0.87)
ഡീസൽ: 92.92 രൂപ (0.91)
നോയിഡ
പെട്രോൾ: 98.78 രൂപ (0.87)
ഡീസൽ: രൂ. 93.12 (0.91)








