ഭോപ്പാൽ: മധ്യപ്രദേശിൽ ഓയിൽ മില്ലിൽ വൻ തീപിടിത്തം. മില്ല് ജീവനക്കാരായ ഒരാൾ വെന്തുമരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ (മെയ് 18) രാത്രി എട്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ദിലാവർ സിങ് (45) എന്നയാളാണ് അപകടത്തിൽ മരിച്ചത്. മെഷീൻ ഓപ്പറേറ്ററായ മുന്നൂ കെവാട്ട് ഗുരുതരപരിക്കുകളോടെ ആശുപത്രിൽ കഴിയുന്നു.
സത്‌ന അമർപട്ടൺ ബൈപാസിൽ ദീർഘനാളായി പ്രവർത്തിച്ചുവന്നിരുന്ന വിദ്യാ ശ്രീ റൈസ് ആൻഡ് ഓയിൽ മില്ലിലാണ് വൻ അപകടം നടന്നത്. മില്ലിൽ തീപടർന്നതിനെത്തുടർന്ന് ജോലിചെയ്‌തുകൊണ്ടിരുന്ന ദിലാവർ സിങ് രക്ഷപ്പെടാൻ പറ്റാത്ത വിധം കുടുങ്ങിപ്പോകുകയായിരുന്നു. അതേസമയം, മുന്നൂ കെവാട്ട് എന്നയാള്‍ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ പൊള്ളലേറ്റു. പിന്നീട് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. റൈസ് മില്ലിൻ്റെ മതിൽ തകർത്തതിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടന്നത്.
ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടിത്തം എന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിൻ്റെ പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കും.
അതേസമയം, പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മില്ലിൽ നിന്ന് അഗ്നിസുരക്ഷാ സംവിധാനങ്ങളൊന്നും കണ്ടെത്താനായില്ല എന്ന് സിഎസ്‌പി ദേവേന്ദ്ര സിങ്ങ് ചൗഹാൻ പറഞ്ഞു. സത്‌നയിലെ കോട്‌വാലി പ്രദേശത്ത് നടന്ന തീപിടിത്തത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതുവരെ ലഭിച്ച പ്രാഥമിക വിവരങ്ങളനുസരിച്ച് സംഭവത്തിൽ മുന്നൂ കെവാട്ട് എന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. അയാൾ ആശുപത്രിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ചയാളുടെ മൃതദേഹം നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. റിഫൈനറി ഓപ്പറേറ്ററായിരുന്നു മരിച്ച ദിലാവർ സിങ്. അഗ്നിശമന സേന ഇപ്പോഴും പ്രദേശത്തുണ്ട്. തീ പൂർണമായും അണച്ചതിന് ശേഷം മറ്റ് നടപടികൾ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധം നിയന്ത്രണവിധേയം
സംഭവത്തിന് പിന്നാലെ മരിച്ചയാളുടെ കുടുംബക്കാർ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധക്കാര്‍ അമർപട്ട് റോഡ് ഉപരോധിച്ചു. ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നെച്ചൊല്ലി എസ്‌ഡിഎം (സബ് ഡിവിഷൻ മജിസ്‌ട്രേറ്റ്) രാഹുൽ സിലാഡിയയും ഗ്രാമവാസികളും തമ്മിൽ വാക്കേറ്റമുണ്ടായി. സ്ഥിതി ഉന്തും തള്ളലിലേയ്‌ക്കും എത്തി. തുടർന്ന് സിഎസ്‌പിയും ടിഐയും സമയബന്ധിതമായി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.







