ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാൻ്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസിലൂടെയുള്ള എണ്ണ വിതരണം ഇറാൻ ദുരുപയോഗം ചെയ്യുകയാണെന്നും അന്താരാഷ്ട്ര കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള നീക്കം നിലവിലെ ധാരണകളുടെ ലംഘനമാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ നടപടികൾ അങ്ങേയറ്റം അപമാനകരമാണെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ടാങ്കറുകളിൽ നിന്ന് ഇറാൻ പണം ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ട്രംപ് കുറിച്ചു. ആഗോള എണ്ണ വിപണിയിൽ നിർണ്ണായകമായ ഈ പാതയിൽ ഇറാൻ കാണിക്കുന്ന നിയന്ത്രണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് വൈറ്റ് ഹൗസ്.
സ്തംഭനാവസ്ഥ തുടരുന്നു
ട്രംപ് ഈ ആഴ്ച പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ലെന്നാണ് കപ്പൽ ട്രാക്കിംഗ് ഡാറ്റകൾ സൂചിപ്പിക്കുന്നത്. സംഘർഷത്തിന് മുൻപ് പ്രതിദിനം 130 മുതൽ 140 വരെ കപ്പലുകൾ കടന്നുപോയിരുന്ന ഈ പാതയിലൂടെ വ്യാഴാഴ്ച വെറും നാല് ടാങ്കറുകളും മൂന്ന് ബൾക്ക് കാരിയറുകളും മാത്രമാണ് സഞ്ചരിച്ചത്. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ 12 കപ്പലുകൾ മാത്രമാണ് ഈ പാത പിന്നിട്ടതെന്ന് ഡാറ്റാ ഏജൻസിയായ കെപ്ലർ (Kpler) വെളിപ്പെടുത്തി.
ഗൾഫ് മേഖലയ്ക്കുള്ളിൽ നൂറുകണക്കിന് ടാങ്കറുകളും ചരക്ക് കപ്പലുകളുമാണ് പുറത്തുകടക്കാനാവാതെ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി അവസാനം സംഘർഷം രൂക്ഷമായത് മുതൽ ആരംഭിച്ച ഈ പ്രതിസന്ധി ആഗോള എണ്ണ വിതരണ ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഇറാൻ തീരത്തോട് ചേർന്നുള്ള പ്രത്യേക ഇടനാഴികളിലൂടെ മാത്രം സഞ്ചരിക്കാൻ ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) കപ്പലുകൾക്ക് നിർദ്ദേശം നൽകുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.
ടോൾ വിവാദം
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ഇറാൻ ഏകപക്ഷീയമായി ടോൾ ഈടാക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ജലപാതകളിൽ ഇത്തരത്തിൽ ചുങ്കം പിരിക്കാൻ നിയമപരമായ ചട്ടക്കൂടുകളില്ല. എന്നാൽ, മേഖലയിൽ തങ്ങളുടെ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കാനാണ് ഇറാൻ ഇത്തരം നീക്കങ്ങൾ നടത്തുന്നത്.
അടുത്തിടെ ഇന്ത്യൻ പതാക ഘടിപ്പിച്ച ‘പൈൻ ഗ്യാസ്’ എൽപിജി ടാങ്കർ ഇറാന്റെ ലാറക് ദ്വീപിന് ചുറ്റുമുള്ള അസാധാരണമായ റൂട്ടിലൂടെ സഞ്ചരിച്ച് പുറത്തുകടന്നിരുന്നു. ഈ കപ്പൽ ഇറാനിലെ ഉദ്യോഗസ്ഥർ പരിശോധിക്കുകയോ ടോൾ ഈടാക്കുകയോ ചെയ്തിട്ടില്ലെങ്കിലും, ഭീഷണി ഒഴിവാക്കാൻ പല കപ്പലുകളും പുതിയ പാതകൾ തേടുകയാണ്. ഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചാൽ പോലും നിലവിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ തിരക്ക് ഒഴിവാക്കാൻ ആഴ്ചകളോളം സമയം വേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.







