കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിലെ തങ്ങളുടെ അവസാന പോരാട്ടത്തിൽ എഫ്‌സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ ഗംഭീരമായി അവസാനിപ്പിച്ചു. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കെവിൻ യോക്ക്, ഫാലു എൻഡിയായെ എന്നിവരാണ് കൊമ്പന്മാർക്കായി വലകുലുക്കിയത്.
ഗോവയ്ക്ക് വേണ്ടി മുഹമ്മദ് നെമിൽ സമനില ഗോൾ കണ്ടെത്തിയെങ്കിലും ഒടുവിൽ വിജയം ആതിഥേയർക്കൊപ്പം നിൽക്കുകയായിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്‌ചവെച്ച കെവിൻ യോക്ക് കളിയിലെ താരമായി. ഈ വിജയത്തോടെ തോൽവി അറിയാതെയുള്ള തങ്ങളുടെ കുതിപ്പ് ആറ് മത്സരങ്ങളായി ഉയർത്താൻ ബ്ലാസ്റ്റേഴ്‌സിനു സാധിച്ചു. സീസണിന്‍റെ അവസാനം 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്‌തത്, ഗോവ 20 പോയിന്‍റോടെ ഏഴാം സ്ഥാനത്തും എത്തി.
തുല്യശക്തികളുടെ ആദ്യ പകുതി
ആക്രമണ മനോഭാവത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളി തുടങ്ങിയതെങ്കിലും പിന്നീട് എഫ്‌സി ഗോവ പന്ത് കൈവശം വെച്ച് കളി നിയന്ത്രിക്കുന്നതാണ് സ്റ്റേഡിയം കണ്ടത്. ഗോവയുടെ മുന്നേറ്റ നിര നിരന്തരം ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖം ആക്രമിച്ചെങ്കിലും ഗോൾകീപ്പർ അർഷ് ഷെയ്ഖിന്‍റെ മികച്ച പ്രകടനം ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സിനു തുണയായി. മറുപടിയായി വിബിൻ മോഹനനും നിഹാൽ സുദീഷും മികച്ച ചില അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോവയുടെ പ്രതിരോധ കോട്ട ഭേദിക്കാൻ അവർക്കായില്ല, ഇതോടെ ആദ്യ പകുതി ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
എന്നാൽ രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റുകൾക്കകം കെവിൻ യോക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന ലീഡ് നേടി. 48-ാം മിനിറ്റിൽ ബോക്‌സിന് വെളിയിൽ നിന്നും യോക്ക് തൊടുത്ത മനോഹരമായ ഒരു ലോങ് ഷോട്ട് ഗോവയുടെ ഗോൾകീപ്പറെ നിഷ്പ്രഭനാക്കി വലയുടെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറുകയായിരുന്നു. ലീഡ് വഴങ്ങിയതിന് ശേഷം കൂടുതൽ ശക്തമായി തിരിച്ചടിച്ച ഗോവ 62-ാം മിനിറ്റിൽ കളിയിൽ സമനില പിടിച്ചു. ബ്രൈസൺ ഫെർണാണ്ടസ് നൽകിയ കൃത്യമായ പാസ് ബോക്‌സിനുള്ളിൽ വെച്ച് മുഹമ്മദ് നെമിൽ മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു.
കൊച്ചിയെ ഇളക്കിമറിച്ച വിജയഗോൾ
തുടർന്ന് വിജയം തേടി ഇരുടീമുകളും ആക്രമണം കടുപ്പിച്ചതോടെ മത്സരം കൂടുതൽ ആവേശത്തിലായി. ഒടുവിൽ കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ 81-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വിജയഗോൾ കണ്ടെത്തി. ഫ്രാൻസിസ്കോ എടുത്ത കോർണർ കിക്ക് കൃത്യമായി സ്വീകരിച്ച ഫാലു എൻഡിയായെ ഒരു മികച്ച ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ച് കൊച്ചിയെ ആവേശക്കടലാക്കി മാറ്റി. അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി ഗോവ സർവ്വശക്തിയും എടുത്ത് പോരാടിയെങ്കിലും അച്ചടക്കമുള്ള പ്രതിരോധത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ലീഡ് കാത്തുസൂക്ഷിച്ച് സീസണിലെ അവസാന മൂന്ന് പോയിന്‍റുകള്‍ സ്വന്തമാക്കി.







