കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊൻകുന്നത്തിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ചെറുവള്ളി ദേവീക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ആദിപരാശക്തിയും ജഗദീശ്വരിയുമായ ശ്രീ ഭദ്രകാളിയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഗണപതി, പരമശിവൻ, പാർവ്വതി, ദുർഗ്ഗ, മഹാവിഷ്ണു, അയ്യപ്പൻ, സുബ്രഹ്മണ്യൻ, കൊടുംകാളി, വീരഭദ്രൻ, നാഗദൈവങ്ങൾ, യക്ഷിയമ്മ, ബ്രഹ്മരക്ഷസ്സ്, ജഡ്ജിയമ്മാവൻതുടങ്ങിയ പ്രതിഷ്ഠകൾ ഇവിടെ ഉപദേവതകളായുണ്ട്. ഇവരിൽ ഏറ്റവും പ്രസിദ്ധമായ ഉപപ്രതിഷ്ഠയാണ് ജഡ്ജിയമ്മാവൻ.
തിരുവിതാംകൂറിലെ സത്യസന്ധനും നീതിമാനുമായിരുന്ന ഒരു ജഡ്ജിയെയാണ് ഈ പേരിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. വെള്ളിയാഴ്ചകളിൽ രാത്രി ദേവിയുടെ നടയടച്ചശേഷമാണ് ഇവിടെ നടതുറന്ന് പൂജ നടത്തുന്നത്. ആ സമയങ്ങളിൽ വന്നുതൊഴുതാൽ കേസുകളിൽ നിന്ന് മോചനമുണ്ടാകും എന്നാണ് ഭക്തജനവിശ്വാസം. മീനമാസത്തിലെ ഉത്രം നാളിൽ ആറാട്ടായി നടക്കുന്ന എട്ടുദിവസത്തെ ഉത്സവവും അതിനിടയിൽ വരുന്ന പൂരം നാളുമാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആണ്ടുവിശേഷങ്ങൾ. കൂടാതെ നവരാത്രി, തൃക്കാർത്തിക തുടങ്ങിയവയും ഇവിടെ അതിവിശേഷമായി ആചരിച്ചുവരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ചെറുവള്ളി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണ് ജഡ്ജിയമ്മാവൻ എന്ന പേരുള്ള ഉപപ്രതിഷ്ഠ. നാലമ്പലത്തിനുപുറത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് അറുകൊല സങ്കല്പത്തിലുള്ള ഈ പ്രതിഷ്ഠ. ദേവീസന്നിധിയിൽ മോക്ഷം പ്രാപിച്ച തിരുവല്ല രാമവർമ്മപുരത്തുമഠത്തിലെ ഗോവിന്ദപ്പിള്ളയെയാണ് ഈ പേരിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തിരുവിതാംകൂർ രാജാവായിരുന്ന ധർമ്മരാജയുടെ കോടതിയിലെ ജഡ്ജിയായിരുന്നു അദ്ദേഹം. സത്യസന്ധനും നീതിമാനുമായിരുന്ന അദ്ദേഹം മികച്ച രീതിയിൽ ശിക്ഷകൾ നടപ്പാക്കി കഴിഞ്ഞുപോന്നു. എന്നാൽ ഒരിയ്ക്കൽ, എന്തോ തെറ്റിദ്ധാരണയുടെ പേരിൽ സ്വന്തം അനന്തരവനായ പദ്മനാഭപിള്ളയെ അദ്ദേഹത്തിന് വധശിക്ഷയ്ക്ക് വിധിയ്ക്കേണ്ടിവന്നു. അനന്തരവൻ നിരപരാധിയാണെന്ന് പറഞ്ഞപ്പോൾ സ്വന്തം വധശിക്ഷ നടപ്പാക്കാൻ അദ്ദേഹം ധർമ്മരാജയോട് അഭ്യർത്ഥിച്ചു. ധർമ്മരാജ മനസ്സില്ലാമനസ്സോടെ അത് നടപ്പാക്കി. ഇങ്ങനെ ദുർമരണം സംഭവിച്ച ജഡ്ജിയുടെ പ്രേതം പല സ്ഥലങ്ങളിലും അലഞ്ഞുതിരിഞ്ഞുനടന്ന് ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ, പ്രശ്നവിധിപ്രകാരം അദ്ദേഹത്തെ ചെറുവള്ളി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചപ്പോൾ പ്രശ്നങ്ങളൊഴിഞ്ഞു.
രാത്രി പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഇവിടെ നടതുറക്കുന്നത്. ഭക്തർ തന്നെയാണ് ഇവിടെ പൂജകൾ നടത്തുന്നതും. നാളികേരവും പൂവും പഴവുമാണ് പൂജാവസ്തുക്കൾ. വിവിധ കേസുകളിൽ പെട്ടുവലയുന്നവർ ഇവിടെ വന്ന് പൂജകൾ നടത്താറുണ്ട്.








