നീറ്റ് യുജി 2026: പരീക്ഷ മെയ് 3ന് വിജ്ഞാപനം ഫെബ്രുവരിയിൽ വന്നേക്കും,,

0
53

രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി) വിജ്ഞാപനം ഫെബ്രുവരിയിൽ വന്നേക്കും. പരീക്ഷയുടെ രജിസ്ട്രേഷൻ വിജ്ഞാപനത്തോടൊപ്പം പരീക്ഷാ തീയതികളും മുൻകൂട്ടി പ്രഖ്യാപിക്കും. മുൻ വർഷങ്ങളെ അടിസ്ഥാനമാക്കി, മെയ് മാസത്തിലെ ഒരു ഞായറാഴ്‌ചയായിരിക്കും പരീക്ഷ നടക്കുക. അതിനാൽ, ഈ വർഷം മെയ് മൂന്ന് അല്ലെങ്കിൽ പത്ത് തീയതികളിൽ പരീക്ഷ നടത്താൻ സാധ്യതയുണ്ട്.

2025 ലെ നീറ്റ് പരീക്ഷ എഴുതാൻ 22.76 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്‌തിരുന്നു. നീറ്റ് യുജി സിലബസിൽ വലിയ മാറ്റങ്ങളൊന്നുമില്ലെന്ന് സ്വകാര്യ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ കരിയർ കൗൺസിലിങ് വിദഗ്‌ധൻ പരിജാത് മിശ്ര പറഞ്ഞു. ‘കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, പ്രായോഗിക വിജ്ഞാന ഘടകം മാത്രമേ പുതിയതായി ഉൾപ്പെടുത്തിയിട്ടൂള്ളൂ. രണ്ട് വിഷയങ്ങളിൽ നിന്ന് കുറച്ച് ഭാഗങ്ങൾ നീക്കം ചെയ്‌തിട്ടുണ്ട്. ഈ വർഷം സിലബസിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല’ അദ്ദേഹം പറഞ്ഞു.

പരീക്ഷാ തീയതിക്ക് ഏകദേശം നാല് മുതൽ അഞ്ച് മാസം മുമ്പ് ദേശീയ മെഡിക്കൽ കമ്മിഷൻ സിലബസ് പുറത്തിറക്കുമെന്ന് മിശ്ര പറഞ്ഞു. ‘2020 മുതൽ 2023 വരെ സിലബസിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. 2024 ൽ കൊവിഡ് സമയത്ത് നീറ്റ് സിലബസിലെ പ്രധാനപ്പെട്ട കുറച്ച് ഭാഗങ്ങൾ വെട്ടിക്കുറച്ചു. അതായത് 11, 12 ക്ലാസുകളിലെ സിലബസിൽ നിന്ന് എൻസിഇആർടി നീക്കം ചെയ്‌ത വിഷയങ്ങൾ 2024 ൽ നീറ്റ് യുജി സിലബസിൽ നിന്ന് നീക്കം ചെയ്‌തു. ഇതിന് പകരമായി, ഒരു പ്രായോഗിക വിജ്ഞാന ഘടകം സിലബസിൽ കൂട്ടി ചേർത്തു. 2024, 2025 പരീക്ഷകൾ ഒരേ സിലബസിലാണ് നടത്തിയത്. 2026 ലെ പരീക്ഷയുടെ സിലബസിലും മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല’ മിശ്ര പറഞ്ഞു.
നീറ്റ് യുജി പരീക്ഷ സാധാരണയായി മെയ് മൂന്നിനും പത്തിനും ഇടയിലുള്ള ഒരു ഞായറാഴ്‌ചയാണ് നടക്കാറുള്ളതെന്നും പരിജത് മിശ്ര പറഞ്ഞു. ‘സാധാരണയായി ഈ കാലയളവിൽ ആദ്യ ഞായറാഴ്‌ചയാണ് പരീക്ഷ നടക്കാറുള്ളതെങ്കിലും ഈ സമയപരിധിക്കുള്ളിൽ രണ്ട് ഞായറാഴ്‌ചകൾ ഉണ്ടെങ്കിൽ, മിക്കവാറും രണ്ടാമത്തെ ഞായറാഴ്‌ചയായിരിക്കും പരീക്ഷ നടത്തുക. 2025ൽ മെയ് നാലിനും 2024ൽ മെയ് അഞ്ചിനുമാണ് പരീക്ഷ നടന്നത്. അതിനുമുമ്പ്, 2023ൽ മെയ് ഏഴിനും 2022ൽ മെയ് എട്ടിനും നടന്നു. 2022ൽ മെയ് ഒന്ന് ഒരു ഞായറാഴ്‌ചയായിരുന്നു, പക്ഷേ പരീക്ഷാ തീയതി നിശ്ചയിച്ചത് മെയ് എട്ടിന്. 2026 ൽ, മെയ് മാസത്തിലെ ആദ്യത്തെ രണ്ട് ഞായറാഴ്‌ചകൾ മെയ്‌ മൂന്നിനും പത്തിനും ആണ്. അതിനാൽ, പരീക്ഷ ഈ ദിവസങ്ങളിൽ ഏതെങ്കിലും ഒന്നിൽ നടത്തിയേക്കാം. എന്നിരുന്നാലും, 2026 മെയ് മൂന്നിന് (ഞായർ) പരീക്ഷ നടക്കാനുള്ള സാധ്യത കൂടുതലാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here