അഞ്ച് വിദേശ രാജ്യങ്ങളുടെ ഔദ്യോഗിക പര്യടനത്തിന്റെ അവസാന ഘട്ടമായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റോമിൽ ഊഷ്മളമായ സ്വീകരണം. “റോമിലേക്ക് സ്വാഗതം എന്റെ സുഹൃത്തേ” എന്ന വാക്കുകളോടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോനി അദ്ദേഹത്തെ നേരിട്ടെത്തി സ്വീകരിക്കുകയും റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിന് മുന്നിൽ വെച്ച് ഇരുവരും സൗഹൃദം പങ്കുവെക്കുകയും ചെയ്തു.
റോമിലെ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി മോദിയെ ഇറ്റലിയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ അന്റോണിയോ താജാനി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഇറ്റലി സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദി ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി ജോർജ്ജിയ മെലോനിയുമായും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തും.റോമിന്റെ ഹൃദയഭാഗത്ത് രാത്രിയിലെ വെളിച്ചത്തിൽ പ്രകാശിച്ചു നിൽക്കുന്ന ചരിത്രപ്രസിദ്ധമായ കൊളോസിയത്തിന് മുന്നിൽ വെച്ച് പ്രധാനമന്ത്രി മോദിയും മെലോനിയും ഒന്നിച്ച് നിൽക്കുന്ന ചിത്രം ഇതിനോടകം തന്നെ ഡിജിറ്റൽ ലോകത്ത് വലിയ രീതിയിൽ തരംഗമായി മാറിയിട്ടുണ്ട്. ഇതിനോടകം തന്നെ പതിനഞ്ച ലക്ഷത്തിലധികം ആളുകൾ കണ്ട ഈ ചിത്രത്തിന് താഴെ ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വരുന്നത്.
സോഷ്യൽ മീഡിയയിൽ വീണ്ടും ‘മെലോഡി’ തരംഗം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണിയും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ചകളും ചിത്രങ്ങളും എപ്പോഴും അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടാറുണ്ട്. ഇരുനേതാക്കളുടെയും പേരുകൾ കൂട്ടിച്ചേർത്തുകൊണ്ട് ‘മെലോഡി’ (Melodi) എന്ന പേരിലാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഇവരുടെ സൗഹൃദത്തെ വിശേഷിപ്പിക്കാറുള്ളത്. മുൻപ് നടന്ന കൂടിക്കാഴ്ചകളിൽ മെലോനി തന്നെ ഈ വാക്ക് തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഉപയോഗിച്ചിരുന്നു.
ഇറ്റലിയിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി മോദി എക്സിൽ (X) കുറിപ്പ് പങ്കുവെച്ചിരുന്നു. “ഇറ്റലിയിലെ റോമിൽ ഇറങ്ങി. ഞാൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയെയും പ്രധാനമന്ത്രി ജോർജ്ജിയ മെലോനിയെയും കണ്ട് ചർച്ചകൾ നടത്തും,” അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-ഇറ്റലി സഹകരണം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിലായിരിക്കും ഈ സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പ്രത്യേകിച്ച് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോറിന് (IMEC) ഇതിൽ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ‘ജോയിന്റ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ 2025-2029’ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. റോമിലുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (FAO) ആസ്ഥാനവും പ്രധാനമന്ത്രി സന്ദർശിക്കും. ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം അവിടെ ആവർത്തിക്കും.
തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കും
മോദിയുടെ ഈ സന്ദർശനത്തോടെ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ ഒരു പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് (Special Strategic Partnership) ഉയർത്തുമെന്നാണ് ഇറ്റാലിയൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിലെ ആഗോള ഭൗമരാഷ്ട്രീയ മാറ്റങ്ങൾക്കിടയിൽ പല യൂറോപ്യൻ രാജ്യങ്ങളെയും പോലെ ഇറ്റലിയും ഇന്ത്യയെ വളരെ പ്രധാനപ്പെട്ട ഒരു പങ്കാളിയായാണ് നോക്കിക്കാണുന്നത്.
അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും തങ്ങളുടെ തന്ത്രപ്രധാന പങ്കാളിത്തം വൈവിധ്യവത്കരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി ദീർഘകാലമായി നിലനിന്നിരുന്ന വ്യാപാര കരാർ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദർശനം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2024-ൽ ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിലും മൂന്ന് വർഷം മുൻപ് നടന്ന ജി20 ഉച്ചകോടിയിലും പങ്കെടുത്തതിന് ശേഷം പ്രധാനമന്ത്രി മോദി ഇറ്റലിയിലേക്ക് നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ഉഭയകക്ഷി (Bilateral) സന്ദർശനമാണിത്.







