നാവികസേനാ ദിനാഘോഷം; രാഷ്ട്രപതി നാളെ കേരളത്തില്‍,

0
63

നാളെ രാവിലെ 10 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വായുസേനയുടെ പ്രത്യേക വിമാനത്തിലാകും രാഷ്ട്രപതിയെത്തുക

തിരുവനന്തപുരം: 54ാമത് നാവിക ദിനാഘോഷ പരിപാടികളുടെ ഭാഗമായുള്ള ഇന്ത്യന്‍ നേവിയുടെ ശക്തിപ്രകടനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നാളെ തിരുവനന്തപുരത്തെത്തും. നാളെ രാവിലെ 10 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വായുസേനയുടെ പ്രത്യേക വിമാനത്തിലാകും രാഷ്ട്രപതിയെത്തുക.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി ജയതിലക് എന്നിവരുള്‍പ്പെട്ട സംഘമാകും രാഷ്ട്രപതിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുക. തിരുവനന്തപുരത്ത് ആദ്യമായി സംഘടിപ്പിക്കുന്ന നാവികസേനാ ദിനോഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയും നാളെ തിരുവനന്തപുരത്ത് എത്തുന്നുണ്ട്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെ അത്യാധുനിക യുദ്ധക്കപ്പലുകളും ഹെലികോപ്റ്ററുകള്‍ക്കും പുറമേ ഇന്ത്യന്‍ നേവിയുടെ മുഖമുദ്രയായ ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് തല്‍വാര്‍ എന്നീ പടക്കപ്പലുകളുമുള്‍പ്പെടെ അണിനിരക്കുന്ന പ്രൗഢ ഗംഭീര അഭ്യാസപ്രകടനത്തില്‍ നേവിയുടെ പാരമ്പര്യം പ്രകടിപ്പിക്കുന്ന പായ്ക്കപ്പലുകളായ ഐഎന്‍എസ് തരംഗിണിയും ഐഎന്‍എസ് സുദര്‍ശിനിയും ശക്തിപ്രകടനത്തിന്‍റെ ഭാഗമാകും.

മിസൈല്‍ കില്ലര്‍ ബോട്ടുകളും അന്തര്‍വാഹിനിയും ചേര്‍ന്ന് തീരക്കടലില്‍ വിസ്മയ കാഴ്ചയൊരുക്കും. വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തില്‍നിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററില്‍നിന്നുള്ള എയര്‍ ലിഫ്റ്റിങ്ങും പാരാഗ്ലൈഡിങ്ങഉം ഉള്‍പ്പെടെയുള്ള അഭ്യാസ പ്രകടനങ്ങളും ശംഖുമുഖം തീരത്ത് അരങ്ങേറും. സീ കേഡറ്റ് അവതരിപ്പിച്ച ഹോണ്‍ ആന്‍ഡ് പൈപ് ഡാന്‍സും ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here