ഇസ്രയേല്‍-ഇറാൻ-അമേരിക്ക യുദ്ധം പരമാവധി രണ്ട് മാസം വരെ നീളും”, സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമോ?

0
6
A man carries an Iranian flag to place on the rubble of a police facility struck during the U.S.–Israeli military campaign in Tehran, Iran, Wednesday, March 4, 2026. (AP Photo/Vahid Salemi)

യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധവും അത് ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതങ്ങളും സാമ്പത്തിക വിദഗ്‌ധരും വ്യാപാര രംഗത്തെ പ്രമുഖരും അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്. വ്യാഴാഴ്‌ച ആറാം ദിവസത്തിലേക്ക് കടന്ന സംഘർഷം പശ്ചിമേഷ്യയെയാകെ പിടിച്ചുലച്ചിരിക്കുകയാണ്. ഇറാൻ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് തുടരുമ്പോൾ, യുഎസും ഇസ്രയേലും ഇറാനിൽ ശക്തമായ ആക്രമണങ്ങൾ തുടരുന്നു.

യുദ്ധം ഒന്ന് മുതൽ മൂന്ന് ആഴ്‌ച വരെ നീണ്ടുനിൽക്കുമെന്നും,പരമാവധി പോയാൽ രണ്ട് മാസത്തിനപ്പുറം നീളാൻ സാധ്യതയില്ലെന്നുമാണ് ലണ്ടൻ ആസ്ഥാനമായുള്ള പ്രമുഖ സാമ്പത്തിക തിങ്ക് ടാങ്കായ ഓക്സ്ഫോർഡ് ഇക്കണോമിക്‌സിലെ ലെ വിദഗ്‌ധര്‍ വിലയിരുത്തുന്നത്. “ഇറാന് നേരെയുള്ള ഇപ്പോഴത്തെ യുഎസ്-ഇസ്രയേൽ ആക്രമണം കഴിഞ്ഞ വർഷം ജൂണിൽ നടന്നതിനേക്കാൾ വളരെ വലുതാണ്. ഇറാനിലെ ഉന്നത നേതൃത്വത്തെ ലക്ഷ്യം വയ്ക്കുന്നത് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും, ഞങ്ങളുടെ നിഗമനമനുസരിച്ച് ഈ സൈനിക നീക്കം ഒന്ന് മുതൽ മൂന്ന് ആഴ്‌ച വരെ മാത്രമേ നീണ്ടുനിൽക്കൂ,” ഓക്സ്ഫോർഡ് ഇക്കണോമിക്‌സിലെ ഗ്ലോബൽ മാക്രോ സ്ട്രാറ്റജിസ്റ്റ് കാസിഡി ഐൻസ്‌വർത്ത്-ഗ്രേസ് ഇടിവി ഭാരതിനോട് പറഞ്ഞു.

ആഗോള ഓഹരി വിപണികളില്‍ വലിയ തോതിലുള്ള ചാഞ്ചാട്ടമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വർണം, യുഎസ് ഡോളർ, ട്രഷറി ബോണ്ടുകൾ തുടങ്ങിയ സുരക്ഷിത നിക്ഷേപ ആസ്‌തികൾ തുടക്കത്തിൽ നേട്ടമുണ്ടാക്കി. വ്യാഴാഴ്ച മിഡിൽ ഈസ്റ്റിലെ യുദ്ധം മൂലമുള്ള ആശങ്കകൾ കാരണം ഏഷ്യൻ വിപണികൾ അസ്ഥിരമായി തുടരുകയായിരുന്നു. എന്നാൽ യൂറോപ്യൻ, യുഎസ് വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നതെന്ന് ഇടിവി ഭാരത് നടത്തിയ ഡാറ്റ വിശകലനത്തില്‍ നിന്നും വ്യക്തമാണ്. യൂറോപ്പിലെ FTSE, DAX, CAC 40, IBEX 35, STOXX 50 തുടങ്ങിയ മിക്ക പ്രമുഖ സൂചികകളും ബുധനാഴ്ച (മാർച്ച് 4) നേട്ടത്തിലായിരുന്നു. യുഎസിലെ ഡൗ ജോൺസ്, എസ് ആന്റ് പി 500, നാസ്ഡാക്, റസൽ എന്നീ നാല് പ്രധാന സൂചികകളും നേട്ടത്തിലാണ്. ഏഷ്യയിലെ നിക്കി 228, എസ്എസ്ഇ കോമ്പോസിറ്റ്, ഹാങ് സെങ്, ബിഎസ്ഇ (BSE), എൻഎസ്ഇ നിഫ്റ്റി (NSE Nifty) തുടങ്ങിയ ഏഷ്യൻ സൂചികകൾ നഷ്‌ടത്തിലായിരുന്നു.

ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ മാറ്റം

യുദ്ധം സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താനുള്ള അളവുകോൽ ക്രൂഡ് ഓയിൽ വിലയിലെ മാറ്റമാണെന്ന് കാസിഡി ഐൻസ്‌വർത്ത്-ഗ്രേസ് പറയുന്നു. ആക്രമണം നടന്ന ദിവസം ബ്രെൻ്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നെങ്കിലും, വിപണി വിതരണത്തിലെ തടസങ്ങളെയാണ് ഭയപ്പെടുന്നത് അല്ലാതെ ക്ഷാമത്തെയല്ല. അതായത്, വിതരണ പാതകളിൽ തടസങ്ങൾ ഉണ്ടാകുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആവശ്യമായ ക്രൂഡ് ഓയില്‍ ശേഖരം ഉണ്ടെന്നും അവര്‍ വ്യക്തമാക്കി. ആക്രമണത്തിന് മുമ്പ് ബാരലിന് 70 ഡോളറിലായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ മാർച്ച് 3-ന് 80 ഡോളറിന് മുകളിലെത്തി. എന്നാൽ മാർച്ച് 4-ഓടെ ഇത് 78 ഡോളറായി നേരിയ തോതിൽ കുറഞ്ഞു.

ആഗോള ഊർജ്ജ ആവശ്യത്തിൻ്റെ മുക്കാൽ ഭാഗവും കൈകാര്യം ചെയ്യുന്ന 33 രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഇൻ്റർനാഷണൽ എനർജി ഏജൻസി (IEA) സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഊർജ്ജ വിതരണത്തിലുണ്ടാകുന്ന തടസങ്ങൾ പ്രധാനമാണ്. ആക്രമണങ്ങൾ ഉൽപ്പാദന കേന്ദ്രങ്ങളെ നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, ഗതാഗത തടസങ്ങൾ കാരണം ചില കമ്പനികൾ ഉൽപ്പാദനം നിർത്തിവയ്ക്കാ‌ൻ നിർബന്ധിതരായിട്ടുണ്ടെന്ന് ഐഇഎ അറിയിച്ചു. ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളുടെയും ദ്രാവക പ്രകൃതിവാതകത്തിൻ്റെയും (LNG) ഉൽപ്പാദനത്തെയും ഈ സാഹചര്യം സാരമായി ബാധിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഗവൺമെൻ്റുകളുമായി ചേർന്ന് ഊർജ്ജ സുരക്ഷാ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നത് തുടരുമെന്നും ഐഇഎ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here