വീട്ടുജോലിക്കാരിയിൽ നിന്ന് മന്ത്രിയായ കലിത മാജിയുടെ മാതൃകാപരമായ ജീവിതം

0
30
K
ഞാൻ മാറില്ല, ജനങ്ങളിലൊരാളായി തുടരും; വീട്ടുജോലിക്കാരിയിൽ നിന്ന് മന്ത്രിയായ കലിത മാജിയുടെ മാതൃകാപരമായ ജീവിതം
പശ്ചിമ ബംഗാളിൽ വീട്ടുജോലിക്കാരിയായിരുന്ന 37-കാരി കലിത മാജി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് രാഷ്ട്രീയ കേരളത്തിലും വലിയ ചർച്ചയാവുകയാണ്. സാധാരണക്കാരിൽ നിന്ന് ഉയർന്നുവന്ന ഒരാൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
പൂർവ ബർദ്വാൻ ജില്ലയിലെ ഔസ്ഗ്രാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി നേതാവാണ് കലിത മാജി. ഗുസ്കര മുനിസിപ്പാലിറ്റിയിലെ താമസക്കാരിയായ ഇവർ ഭർത്താവിനും (പ്ലംബർ) മകനുമൊപ്പമാണ് താമസിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, കുടുംബത്തെ സഹായിക്കുന്നതിനായി പ്രദേശത്തെ വീടുകളിൽ ഇവർ ജോലി ചെയ്തിരുന്നു.
ഒരു ദശാബ്ദത്തിലേറെയായി കലിത സജീവ രാഷ്ട്രീയത്തിലുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഔസ്ഗ്രാം എസ്‌സി സംവരണ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി മത്സരിച്ചത്, അന്ന് രണ്ടാമതെത്തി. ഈ വർഷം നടന്ന തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടി തൃണമൂൽ കോൺഗ്രസിസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ഔസ്ഗ്രാം മണ്ഡലം ബിജെപിക്ക് തിരിച്ചുപിടിച്ചു നൽകി.
സാധാരണക്കാരുടെ ജീവിതവും കഷ്ടപ്പാടുകളും നേരിട്ട് കണ്ടറിഞ്ഞ ആളാണ് താനെന്ന് കലിത മാജി പറയുന്നു. താൻ ജോലി ചെയ്തിരുന്ന വീടുകളിലെ കുടുംബങ്ങളുടെ പിന്തുണയും അനുഗ്രഹവുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അവർ ഓർക്കുന്നു. മന്ത്രി എന്ന നിലയിൽ തനിക്ക് വലിയ ഉത്തരവാദിത്തമാണുള്ളതെന്നും, പശ്ചിമ ബംഗാളിലെ മുഴുവൻ ജനങ്ങളെയും പരിഗണിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
മെച്ചപ്പെട്ട റോഡുകൾ, കുടിവെള്ള സൗകര്യം, മികച്ച ആരോഗ്യ സേവനങ്ങൾ എന്നിവ ഉറപ്പാക്കുക, യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, ഇതൊക്കെയാണ് തന്റെ ലക്ഷ്യങ്ങൾ എന്ന് അവർ പറഞ്ഞു. “ഞാൻ മാറില്ല, ഞാൻ ആരാണെന്ന് എനിക്കറിയാം. മരണം വരെയും ജനങ്ങളിലൊരാളായിത്തന്നെ ഞാൻ തുടരും” – മന്ത്രിയായതിന് ശേഷം കലിത മാജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here