പൂച്ചകൾ വെറും വികൃതികളല്ല, കുഞ്ഞൻ ‘ഹൃദ്രോഗവിദഗ്ധർ’; പൂച്ചയെ വളർത്തുന്നവർക്ക് ഹൃദയാഘാത സാധ്യത കുറവെന്ന് പഠനം
പൂച്ചകളെ വളർത്താൻ ഇഷ്‌ടപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. നാടൻ പൂച്ചകൾ, വളര്‍ത്തു പൂച്ചകള്‍ എന്നിങ്ങനെ ധാരാളം ഇനങ്ങളാണ് നമുക്കുചുറ്റും കാണാൻ കഴിയുന്നത്. പൂച്ചകൾക്ക് ഇത്രയും പ്രധാന്യം ഉണ്ടോയെന്ന് പോലും ഒരുപക്ഷേ ചിന്തിച്ചേക്കാം.
പൂച്ചകളെ സ്‌നേഹിക്കുന്നവർക്ക് തൻ്റെ ഓമനകളാണവ. ഭക്ഷണ സമയത്തും ഉറങ്ങുമ്പോഴും നടക്കുമ്പോഴും എല്ലാം പ്രിയപ്പെട്ട പൂച്ചയുടെ സാന്നിധ്യം ഇഷ്‌ടപ്പടുന്നവരുമുണ്ട്. യഥാര്‍ഥത്തില്‍ പൂച്ചകളെ വളർത്തുന്നത് കൊണ്ട് എന്തെങ്കിലും ഗുണങ്ങളുണ്ടോ? അതേ എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
പൂച്ചകളെപ്പറ്റി പുറത്തുവരുന്ന പുതിയ പഠനങ്ങൾ അതിശയകരമാണ്. പൂച്ചയോടൊപ്പം കഴിയുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്‌ക്കുമെന്നാണ് ജേണൽ ഓഫ് ദി അക്കോസ്റ്റിക്കൽ സൊസൈറ്റി ഓഫ് അമേരിക്കൻ ജേണലിലെ പഠനത്തില്‍ പറയുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണങ്ങളും കുറയ്‌ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതിന് അഞ്ച് കാരണങ്ങളും വിദഗ്‌ധർ വ്യക്തമാക്കുന്നുണ്ട്.
1. ഹൃദയ സംരക്ഷണം
പൂച്ചകൾ സമ്മർദം കുറയ്‌ക്കുന്നു. വിട്ടുമാറാത്ത സമ്മർദം കൊളസ്‌ട്രോളിൻ്റെ അളവ് വർധിപ്പിക്കുകയും ഇതിലൂടെ രക്തസമ്മർദം വർധിപ്പിച്ച് ധമനികളിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. അത്തരമൊരു അന്തരീക്ഷത്തിൽ പക്ഷാഘാതവും ഹൃദ്രോഗവും വളരുന്നു. എന്നിരുന്നാലും കഴിഞ്ഞ ദശകത്തിലെ പഠനങ്ങൾ പ്രകാരം പൂച്ചയെ വളർത്തുന്നവർക്ക് ഹൃദയാഘാതവും പക്ഷാഘാതവും കുറവാണെന്നാണ് വിലയിരുത്തൽ.
ഒരു പൂച്ചയെ ലാളിക്കുന്നത് ഓക്‌സിടോസിൻ വര്‍ധിക്കാൻ കാരണമാകുന്നു. ഓക്‌സിടോസിൻ രക്തസമ്മർദം കുറയ്ക്കുകയും ശരീരത്തിൻ്റെ സമ്മർദ പ്രതികരണത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. തത്‌ഫലമായി നിങ്ങളുടെ സ്‌ട്രെസ് കുറയുകയും സന്തോഷം അനുഭവിക്കുകയും ചെയ്യുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.
2. പൂച്ചകളുടെ ശബ്‌ദത്തിൻ്റെ അത്ഭുത ഗുണങ്ങള്‍
പൂച്ചകളുടെ ശബ്‌ദം വെറുമൊരു ശബ്ദമല്ല, മറിച്ച് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പല ആരോഗ്യഗുണങ്ങളും ഉള്ള ഒന്നാണ്. ഗവേഷണങ്ങൾ പ്രകാരം പൂച്ചകളുടെ ശബ്‌ദത്തിൻ്റെ ആവൃത്തി 25 മുതൽ 150 ഹെർട്‌സ് വരെയാണ്. ഈ ആവൃത്തിയിലുള്ള പ്രകമ്പനങ്ങൾ എല്ലുകളുടെ സാന്ദ്രത വർദ്ധിപ്പിക്കാനും, മുറിവുകൾ വേഗത്തിൽ ഉണങ്ങാനും കോശങ്ങൾ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു പൂച്ചയുടെ ശബ്ദം കേൾക്കുമ്പോഴോ അത് അനുഭവിക്കുമ്പോഴോ മനുഷ്യശരീരത്തിൽ എൻഡോർഫിൻ എന്ന സന്തോഷം നൽകുന്ന ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. പൂച്ചകളുമായി ഇടപഴകുകയും അവരുടെ ശബ്‌ദത്തിന് അനുസരിച്ച് പ്രതികരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഹിപ്നോട്ടിക് ആകുന്നുവെന്നും പഠനം പറയുന്നു. ഇത് നിങ്ങളുടെ നാഡീവ്യൂഹത്തിനെ വിശ്രമത്തിന് സഹായിക്കുന്നു എന്നും പഠനം വ്യക്തമാക്കുന്നു.
3. സമ്മർദം കുറയ്‌ക്കുന്നു
പൂച്ചകൾ ഭക്ഷണം കഴിക്കുന്നതും നടക്കുന്നതും വിശ്രമിക്കുന്നതും ഉറങ്ങുന്നതും കാണുന്നത് മനസിനെ സന്തോഷിപ്പിക്കുന്നു. വളർത്തുമൃഗങ്ങളോടൊപ്പമുള്ള സമ്പർക്കം ഉത്‌കണ്‌ഠ, വിഷാദരോഗ ലക്ഷണങ്ങൾ എന്നിവ കുറയ്‌ക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
4. ഏകാന്തതയിലും ചങ്ങാത്തം
ഉദാഹരണത്തിന് നായ്ക്കളെ വളര്‍ത്താൻ ശാരീരികക്ഷമത കൂടുതലായി വരും. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമായി പൂച്ചകൾ വളർത്തുമൃഗങ്ങളുടെ ലോകത്തെ ഏകാന്തപ്രിയരാണ്. അതിനാൽ തന്നെ ശാരീരികമായി പരിമിതികളുള്ളവർക്കും, കൂടുതൽ സമയം ജോലി ചെയ്യുന്നവർക്കും, നഗരങ്ങളിൽ താമസിക്കുന്നവർക്കും പൂച്ചകൾ ഏറ്റവും അനുയോജ്യരായ കൂട്ടുകാരാണ്. ഏകാന്തത ഇന്ന് വലിയൊരു ആരോഗ്യപ്രശ്നമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് അകാല മരണം, ഓർമ്മക്കുറവ്, പ്രതിരോധശേഷി കുറയൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദൈര്‍ഘ്യമേറിയ ജോലി, നഗര ജീവിതം എന്നിവയിൽ പൂച്ചകളെ കാണുന്നത് വളരെ സന്തോഷം നൽകുന്നു. ചിലർ ഇത്തരത്തിൽ പൂച്ചകളെ കണ്ടാൽ അവയുടെ അടുത്തേയ്‌ക്ക് ചെല്ലുകയും ലാളിക്കുകയും ചെയ്യുന്നത് പതിവാണ്. എത്ര തിരക്കാണെങ്കിലും മാനസികമായി തളർന്നിരിക്കുകയാണെങ്കിലും ഇത്തരം സന്ദർഭത്തിൽ പൂച്ചകളെ കാണുന്നത് നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കുന്നു. ഇതുമൂലം അതുവരെ അനുഭവിക്കുന്ന മാനസിക സമ്മർദം കുറയുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഏകാന്തത അനുഭവിക്കുന്നവർക്കും പൂച്ച വളർത്തൽ ഉപകാരപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്.
5. മനസിനെ നിയന്ത്രിക്കാനുള്ള കഴിവ്
പൂച്ചകൾക്ക് മനുഷ്യ മനസിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. നിങ്ങളുടെ സന്തോഷം, സങ്കടം, വികാരങ്ങൾ എന്നിവയിലെല്ലാം പൂച്ചയുടെ സ്വാധീനവും ഏറെയാണ്. യാത്രചെയ്യുമ്പോൾ, വസ്‌ത്രത്തിൽ പൂച്ചയുടെ രോമം കാണുമ്പോഴുണ്ടാകുന്ന സന്തോഷം, ഭക്ഷണം കഴിക്കുമ്പോൾ ഓർക്കുന്നത്, ഇതെല്ലാം ഈ സ്വാധീനത്തിൻ്റെ അടയാളമാണ്. ഈ സമയം രക്തസമ്മർദം കുറയുകയും മെച്ചപ്പെട്ട സമനില കൈവരിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ പറയുന്നു. ഇത് നിങ്ങളുടെ സ്‌ട്രെസ് ഹോർമോണുകളെ കുറയ്‌ക്കുന്നു എന്നതാണ് വാസ്‌തവം. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളും അപകട സാധ്യതകളും കുറയ്‌ക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു.








