കേരളത്തിലെ എല്‍പി സ്കൂളുകളൊഴികെ മുഴുവന്‍ സ്കൂളുകളും ഒക്ടോബര്‍ 24 ന് ശനിയാഴ്ച പ്രവൃത്തിക്കും. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഈ വരുന്ന ശനിയാഴ്ച യുപി ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് പ്രവൃത്തി ദിനമാണ്. ഈ വര്‍ഷം പ്രവൃത്തി ദിനമായി വരുന്ന ഏറ്റവും ഒടുവിലത്തെ ശനിയാഴ്ച കൂടിയാണിത്. ഗാന്ധി ജയന്തി കഴിഞ്ഞ് ഒക്ടോബര്‍ മൂന്ന് ശനിയാഴ്ചയും സംസ്ഥാനത്തെ ഹൈസ്കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരുന്നു. ജൂണില്‍ ഒരു ശനിയാഴ്ചയും സെപ്റ്റംബറില്‍ 2 ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരുന്നു. ഈ അധ്യയന വര്‍ഷത്തില്‍ ഇനി ജനുവരി 30 നും മാര്‍ച്ച് 27 നും ഓരോ ശനിയാഴ്ച കൂടി ഹൈസ്കൂളുകള്‍ക്ക് പ്രവൃത്തി ദിനമാണ്.
ഇനിയങ്ങോട്ട് വിദ്യാലയങ്ങള്‍ക്കും തിരക്കു പിടിച്ച ദിനങ്ങളാണ് വരാനിരിക്കുന്നത്. പല സബ്ജില്ലകളിലും സ്കൂള്‍ കലോത്സവങ്ങള്‍ ഈ മാസം നടക്കുകയാണ്. ജില്ലാതല ശാസ്ത്രോത്സവങ്ങളും പലേടത്തും പുരോഗമിക്കുകയാണ്. പല തലങ്ങളിലായി സയന്‍സ്, മാത്സ്, സാമൂഹ്യ ശാസ്ത്ര ടാലന്റ് സെര്‍ച്ച് പരീക്ഷകളും പുരോഗമിക്കുന്നുണ്ട്.
വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ നടക്കേണ്ടിയിരുന്ന സംസ്ഥാന സ്കൂള്‍ കായിക മേള ഒക്ടോബറിലേക്ക് മാറിയിട്ടുണ്ട്. ഒക്ടോബര്‍ 25 ഞായറാഴ്ച മുതല്‍ 31 ശനിയാഴ്ച വരെ കോഴിക്കോട്ട് വെച്ച് സംസ്ഥാന സ്കൂള്‍ കായിക മേള നടക്കുകയാണ്. ക്രിസ്തുമസ് പരീക്ഷ അഥവാ രണ്ടാം പാദ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 10 മുതല്‍ തുടങ്ങുകയാണ്. 18 ന് പരീക്ഷകള്‍ അവസാനിക്കും. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ രണ്ടാം പാദ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 10 ന് തുടങ്ങും.
പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് പരീക്ഷ. 19 മുതല്‍ സ്കൂളുകളില്‍ ക്രിസ്തുമസ് അവധിയാണ്. അവധി കഴിഞ്ഞ് 28 ന് തിങ്കളാഴ്ച സ്കൂളുകള്‍ തുറക്കും. സ്കൂള്‍ തുറന്നാലുടന്‍ 2027 ജനുവരി നാലു മുതല്‍ 8 വരെ സംസ്ഥാന സ്കൂള്‍ കലോല്‍സവമാണ്.
പരീക്ഷകള്‍ക്ക് മുമ്പ് പരമാവധി അധ്യയന ദിനങ്ങള്‍ നഷ്ടമാകാതെ പ്രയോജനപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പ് പരിശ്രമിക്കുന്നത്. ഒക്ടോബറിലെ രണ്ട് ശനിയാഴ്ചകള് പ്രവൃത്തി ദിനമാക്കിയതു കൂടി കണക്കിലെടുക്കുമ്പോഴും11 അവധികളാണ് സ്കൂളുകള്‍ക്ക് ലഭിച്ചത്. പ്രൈമറി സ്കൂളുകള്‍ക്ക് 18, യുപി സ്കൂളുകള്‍ക്ക് 19, ഹൈസ്കൂളുകള്‍ക്ക് 20 ഹയര്‍ സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കും 18 വീതവും പ്രവൃത്തി ദിനങ്ങളാണ് ഒക്ടോബറില്‍ ലഭിക്കുന്നത്. നവംബറില്‍ പ്രൈമറി സ്കൂളുകള്‍ക്കും, യുപി സ്കൂളുകള്‍ക്കും, ഹൈസ്കൂളുകള്‍ക്കും ഹയര്‍ സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കും 21 വീതം പ്രവൃത്തി ദിനങ്ങളാണ് ലക്ഷ്യമിടുന്നത്.
ഡിസംബറില്‍ പ്രൈമറി സ്കൂളുകള്‍ക്ക് 18, യുപി സ്കൂളുകള്‍ക്ക് 18, ഹൈസ്കൂളുകള്‍ക്ക് 18 ഹയര്‍ സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കും 18 വീതവും പ്രവൃത്തി ദിനങ്ങളാണ് ലക്ഷ്യം വെക്കുന്നത്.








