പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ

0
31

മുംബൈ: ഫിൻടെക് സ്ഥാപനമായ പേടിഎമ്മിന്റെ ബാങ്കിങ് വിഭാഗമായ പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ സെക്ഷൻ 22 (3) (ജി) പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ കർശന നടപടി. ബാങ്കിനെ ലിക്വിഡേറ്റ് ചെയ്യുന്നതിനായി (പിരിച്ചുവിടുന്നതിനായി) കോടതിയെ സമീപിക്കുമെന്നും ആർബിഐ അറിയിച്ചു.

 

ബാങ്കിന്റെ പ്രവർത്തനങ്ങളിൽ തുടർച്ചയായ നിയമലംഘനങ്ങളും നിരീക്ഷണത്തിലെ പോരായ്മകളും കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് റദ്ദാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. നേരത്തെ ജനുവരി 31-നും ഫെബ്രുവരി 16-നും ബാങ്കിന് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും വാലറ്റുകൾ ടോപ്പ്-അപ്പ് ചെയ്യുന്നതിനും നേരത്തെ തന്നെ വിലക്കുണ്ടായിരുന്നു.

 

ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയെങ്കിലും നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിൽ നിക്ഷേപകർക്ക് അവരുടെ അക്കൗണ്ടുകളിലുള്ള തുക പിൻവലിക്കുന്നതിനോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനോ തടസമില്ല. ബാങ്കിന് അതിന്റെ ബാധ്യതകൾ തീർക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്നും ആർബിഐ കൂട്ടിച്ചേർത്തു.

 

കഴിഞ്ഞ രണ്ട് വർഷമായി ആർബിഐയുടെ കർശന നിരീക്ഷണത്തിലായിരുന്നു പേടിഎം പേയ്മെന്റ്സ് ബാങ്ക്. നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും പ്രവർത്തനങ്ങളിൽ തിരുത്തലുകൾ വരുത്താത്തതാണ് ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here