കോട്ട: രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി. ഇന്നലെ മുതല്‍ രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്തമാസം 22ന് രാത്രി 11.50 വരെ രജിസ്റ്റര്‍ ചെയ്യാനാകും. വൈകല്‍ ഫീസ് നല്കിയാല് നവംബര്‍ 26 വരെയും അപേക്ഷകള്‍ നല്‍കാനാകും.
പരീക്ഷാ തീയതികളും എന്‍ടിഎ പുറത്ത് വിട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധന് ദേവ് ശര്‍മ്മ പറഞ്ഞു. ജനുവരി 20 മുതല്‍ 24വരെയും ജനുവരി 28നുമാണ് പരീക്ഷകള്‍. ആറ് ദിവസങ്ങളിലായാണ് പരീക്ഷ നടക്കുക.
രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ. രാവിലെ ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതല്‍ ആറ് മണിവരെയും പരീക്ഷ നടക്കും. മുന്‍വര്‍ഷങ്ങളിലേത് പോലെ തന്നെ പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. ഇക്കുറി വൈകല്‍ ഫീസോട് കൂടി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരവും എന്‍ടിഎ ഒരുക്കിയിട്ടുണ്ട്. നവംബര്‍ 26ന് രാത്രി 11.59 വരെയാണ് ഇത്തരത്തില്‍ പിഴയോട് കൂടി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. അപേക്ഷ സമര്‍പ്പിക്കുന്ന വേളയില്‍ തന്നെ ഈ പണവും അടയ്ക്കേണ്ടതുണ്ട്.
നവംബര്‍ 27 മുതല്‍ 29 വരെ അപേക്ഷാഫോമില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസരവും ഉണ്ട്. ഡിസംബര്‍ മുപ്പതിനാകും പരീക്ഷാ കേന്ദ്രങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം. 2027 ജനുവരി പതിമൂന്നിന് ഹാള്‍ ടിക്കറ്റുകള്‍ നല്കാന് തുടങ്ങും. ഫീസ് ഓണ്‍ലൈനായി അടയ്ക്കാം. ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളിലൂടെയും നെറ്റ് ബാങ്കിങ്, യുപിഐ വഴിയും ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്.
എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷയുടെ ഒന്നാം പേപ്പറിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം തുടങ്ങിയ മേഖലകളില്‍ നിന്നുമാകും ചോദ്യങ്ങള്‍.
ആദ്യഭാഗത്ത് ഇരുപത് ചോദ്യങ്ങള്‍ വീതം ഉണ്ടാകും. രണ്ടാം ഭാഗത്ത് അഞ്ച് ചോദ്യങ്ങളും.
ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് 77 ചോദ്യങ്ങളാണ് ഉണ്ടാകുക. ഇതിന് മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പാര്‍ട്ട് എയില്‍ ഇരുപത് ചോദ്യങ്ങളാണ് ഉള്ളത്. ഇത് മുഴുവന്‍ ഗണിത ശാസ്ത്രത്തില്‍ നിന്നുമാകും. പാര്‍ട്ട് ബിയില്‍ അഞ്ച് ചോദ്യങ്ങളുണ്ട്. രണ്ടാം ഭാഗം അഭിരുചി പരീക്ഷയാണ്. ഇതില്‍ അന്‍പത് ചോദ്യങ്ങളാണ് ഉണ്ടാകുക. മൂന്നാം ഭാഗത്തില്‍ വരയ്ക്കല്‍ പരീക്ഷയാണ്. ഇതിന് രണ്ട് ചോദ്യങ്ങളാണ് ഉണ്ടാകുക. പ്ലാനിങ് വിഭാഗത്തിലുള്ള പ്രവേശന പരീക്ഷയ്ക്ക് നൂറ് ചോദ്യങ്ങളുള്ള പരീക്ഷയാണ്.
ഇതില്‍ പാര്‍ട്ട് എയുടെ ആദ്യഭാഗത്ത് ഗണിതശാസ്ത്രത്തില്‍ നിന്നുള്ള ഇരുപത് ചോദ്യങ്ങളുണ്ടാകും. പാര്‍ട്ട് ബിയില്‍ അഞ്ച് ചോദ്യങ്ങളും. രണ്ടാം ഭാഗം അഭിരുചി പരീക്ഷയാണ്. ഇതില്‍ അന്‍പത് ചോദ്യങ്ങളാണ് ഉണ്ടാകുക. മൂന്നാം ഭാഗത്ത് പ്ലാനിങിനെ കുറിച്ചുള്ള 25 ചോദ്യങ്ങളുണ്ടാകും.








