ജാതകം നോക്കി നിയമിക്കാനാകില്ലെന്ന് ചെന്നിത്തല;

0
3

കാസർകോട്: സംസ്ഥാന പൊലീസിൽ വീണ്ടും വൻ അഴിച്ചുപണി. നേരത്തെ 161 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയതിന് പിന്നാലെ 37 പേരുടെ നിയമനത്തിൽ കൂടി മാറ്റംവരുത്തി ആഭ്യന്തരവകുപ്പ് പുതിയ ഉത്തരവിറക്കി. ബേക്കൽ ഡിവൈഎസ്പിയായി നിയമിച്ച വി.കെ വിശ്വംഭരൻ നായരെ മണിക്കൂറുകൾക്കകം മാറ്റിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റത്തിൽ ഓരോരുത്തരുടെയും ജാതകം പരിശോധിച്ച് നിയമിക്കാൻ കഴിയില്ലല്ലോയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് പിന്നാലെയാണ് പൊലീസിലെ പുതിയ അഴിച്ചുപണി. നിലമ്പൂർ ഡിവൈഎസ്പിയായിരുന്ന വി.കെ വിശ്വംഭരൻ നായരെ ബേക്കലിൽ നിയമിച്ചതിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

ഇക്കാര്യം നേതാക്കൾ രമേശ് ചെന്നിത്തലയെ നേരിട്ട് അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച ഡിസിസി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഓരോരുത്തരുടെയും ജാതകം നോക്കി നിയമനം നടത്താനാകില്ലെന്ന് മന്ത്രി മറുപടി നൽകിയത്. എന്നാൽ ഈ പ്രതികരണം വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ വിശ്വംഭരൻ നായരെ ബേക്കലിൽനിന്ന് മാറ്റുകയായിരുന്നു.

കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ. വിനോദ് കുമാറിനാണ് ബേക്കലിൻ്റെ പുതിയ ചുമതല. വി.കെ വിശ്വംഭരൻ നായർക്ക് വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ കൊലപാതകത്തിന് ശേഷം പ്രദേശത്ത് നടന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ കോൺഗ്രസ് പ്രവർത്തകരെ അന്ന് ബേക്കൽ സിഐ ആയിരുന്ന വിശ്വംഭരൻ നായർ ഏകപക്ഷീയമായി വേട്ടയാടിയെന്നാണ് പ്രാദേശിക നേതാക്കളുടെ പ്രധാന ആരോപണം.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷവും ഇതേ ഉദ്യോഗസ്ഥനെ വീണ്ടും ബേക്കലിൽ തന്നെ ഡിവൈഎസ്പിയായി നിയമിച്ചതാണ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ ബേക്കലിൽ നിയമിക്കരുതെന്ന് കാസർകോട് നിന്നുള്ള നേതാക്കൾ സംസ്ഥാന നേതൃത്വത്തോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതാണ് പെട്ടെന്നുള്ള മാറ്റത്തിന് കാരണമായത്.

ഭരണമാറ്റത്തിൻ്റെ ഭാഗമായുള്ള അഴിച്ചുപണി

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ പൊലീസിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. യുഡിഎഫ് സർക്കാർ വന്നശേഷം ഐപിഎസ് തലത്തിൽ ഉൾപ്പെടെ ഭരണമാറ്റത്തിൻ്റെ ഭാഗമായി എഡിജിപി, ഐജി, ഡിഐജി തലങ്ങളിൽ നേരത്തെ തന്നെ മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ താഴെത്തട്ടിൽ സ്റ്റേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പദവികളിൽ മാറ്റമുണ്ടാകാത്തതിൽ കോൺഗ്രസിനുള്ളിൽ തന്നെ കടുത്ത അതൃപ്തി ഉയർന്നിരുന്നു. സർക്കാരിൻ്റെ നയങ്ങൾ കൃത്യമായി നടപ്പിലാക്കാൻ പൊലീസിൽ സമഗ്രമായ മാറ്റം വേണമെന്നായിരുന്നു കെപിസിസിയുടെയും ആവശ്യം.

തുടർന്നാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള സമഗ്ര അഴിച്ചുപണിയായി 161 ഡിവൈഎസ്പിമാരെ ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. പൊലീസ് സേനയുടെ പ്രവർത്തനമികവ് വർധിപ്പിക്കുന്നതിനും ഭരണപരമായ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനുമാണ് ഈ വിപുലമായ മാറ്റമെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു. ഡിവൈഎസ്പിമാരുടെ മാറ്റങ്ങൾക്ക് പിന്നാലെ എസ്ഐ, സിഐമാരുടെ സ്ഥലംമാറ്റങ്ങൾ വരുന്ന ഓഗസ്റ്റ് പകുതിയോടെ ഉണ്ടാകുമെന്നാണ് സൂചന. ഇതിനായുള്ള പ്രാഥമിക പട്ടിക പൊലീസ് ആസ്ഥാനത്ത് തയാറായിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here