പിണറായി സര്‍ക്കാരില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച് സിപിഐഎം. പിണറായി വിജയനെ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും റിവ്യൂ റിപ്പോര്‍ട്ടില്‍ പറയുന്നു. ചില നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ തിരിച്ചടി ആയെന്നും വിമര്‍ശനമുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും.
സിപിഐഎമ്മിലെ ഒരു പുതിയ കീഴ്വഴക്കമായി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത് മാറുകയാണ്. സാധാരണ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ട് പൂര്‍ണമായ വിശദാംശങ്ങളോടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറില്ല. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ സിപിഐഎം നടത്തുന്ന തെറ്റുതിരുത്തല്‍ നടപടിയുടെ ഭാഗമായിക്കൂടിയാണ് റിപ്പോര്‍ട്ട് പൂര്‍ണമായും പരസ്യപ്പെടുത്തുന്നത് എന്നാണ് വിവരം. കേരളത്തിലെ തോല്‍വിയുടെ കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ലെന്നാണ് റിവ്യൂ റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്. മുന്‍കാലങ്ങളില്‍ സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനത്തിന് സബ് കമ്മിറ്റികള്‍ ഉണ്ടായിരുന്നു. ക്യാബിനറ്റ് ഫ്രാക്ഷനും പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ അത് ഉണ്ടായില്ലെന്നാണ് വിമര്‍ശനം
പിണറായിയെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചരണവും തിരിച്ചടിച്ചു. ഒരാളില്‍ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചരണം എതിരാളികള്‍ക്ക് പ്രചാരണത്തിന് അവസരം നല്‍കി – റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്താസമ്മേളനങ്ങളില്‍ നേതാക്കള്‍ക്ക് ജാഗ്രതക്കുറവുണ്ടായതിനെ കുറിച്ചും ചൂണ്ടിക്കാട്ടുന്നുണ്ട്. ആഗോളാ അയ്യപ്പ സംഗമത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചത് തെറ്റ്. ഹൈന്ദവ വര്‍ഗീയശക്തികളോട് മൃദുസമീപം എന്ന പ്രതീതി നല്‍കി. വെള്ളാപ്പള്ളിയെ ഉചിതമായി തള്ളി പറഞ്ഞില്ല. പിഎം ശ്രീയില്‍ എല്ലാ ഘടകക്ഷികളെയും വിശ്വാസത്തില്‍ എടുക്കണമായിരുന്നു. ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നുവെന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.







