ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി സമരവേദിയില്‍ 2873 ക്രിമിനലുകള്‍ എത്തിയതായി ഡല്‍ഹി പൊലീസ്. ജൂലൈ 20-നും 25-നും ഇടയിലാണ് ഇവര്‍ ജന്തര്‍ മന്തറില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ക്യാമറകള്‍ വഴിയാണ് ക്രിമിനലുകളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു. അക്രമ സംഭവങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകം, ലൈംഗിക അതിക്രമം, പോക്‌സോ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരില്‍ ചിലര്‍ സമരവേദിയില്‍ പലതവണ വന്നിരുന്നതായും പൊലീസ് അറിയിച്ചു.
101 പേര്‍ കൊലപാതക കേസുകളിലും, 62 പേര്‍ കൊലപാതകശ്രമ കേസുകളിലും, 284 പേര്‍ മോഷണം, കവര്‍ച്ച കേസുകളിലും, 229 പേര്‍ ആയുധ നിയമപ്രകാരമുള്ള കേസുകളിലും, 135 പേര്‍ പിടിച്ചുപറി കേസുകളിലും, 19 പേര്‍ തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും, 67 പേര്‍ മറ്റ് കേസുകളിലും ഉള്‍പ്പെട്ടതായാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഡല്‍ഹി പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സിജെപി പാര്‍ലമെന്റ് മാര്‍ച്ചില്‍ പോലീസ് നടത്തിയ അതിക്രമത്തിന് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. ഇന്ന് ഹര്‍ജികള്‍ പരിഗണിക്കവേ സമാധാനപരവും നിയമാനുസൃതവുമായ പ്രതിഷേധം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമെന്ന് കോടതി നീരീക്ഷിച്ചിരുന്നു.പ്രതിഷേധം നടന്നുവെന്ന കാരണത്താല്‍ മാത്രം ലാത്തിച്ചാര്‍ജിനെ ന്യായീകരിക്കാനാവില്ല എന്നും കോടതി വാക്കാല്‍ പറഞ്ഞു. പരിക്കേറ്റ പോലീസുകാരുടെ കുടുംബവും തങ്ങളുടെ വാദം കേള്‍ക്കണമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ബീഹാര്‍ ബന്ദിലെ എകെ 47 ഉപയോഗിച്ചുള്ള വെടിവെപ്പും ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.








