രാജ്യത്തെ ലഹരിമുക്തമാക്കുന്നതിനായി കേന്ദ്രസർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട്.

0
2

രാജ്യത്തെ ലഹരിമുക്തമാക്കുന്നതിനായി കേന്ദ്രസർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട്. 2027 മാർച്ചിനകം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആന്റി നാർക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് പൂർണ സജ്ജമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവയിലെ പനാജിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അമിത് ഷാ കേന്ദ്രത്തിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

ലഹരിക്കെതിരായ പോരാട്ടത്തിനായി 2027 ജൂലൈ വരെയുള്ള കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാന പോലീസും നാർക്കോട്ടിക്‌സ് വിഭാഗങ്ങളും ഉൾപ്പെടെ വിവിധ ഏജൻസികളെ ഏകോപിപ്പിച്ചാകും പ്രവർത്തനം.

പോലീസ്, നാർക്കോട്ടിക്‌സ് വിഭാഗം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) തുടങ്ങിയ കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനായി ജോയിന്റ് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രാജ്യാന്തര ബന്ധമുള്ള ലഹരി ശൃംഖലകളെ ഉൾപ്പെടെ തകർക്കുകയാണ് ഏകോപിത നടപടിയുടെ പ്രധാന ലക്ഷ്യം.

ലഹരിക്കേസുകളിലെ അന്വേഷണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഫോറൻസിക് റിപ്പോർട്ടുകൾ 30 ദിവസത്തിനകം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ആഭ്യന്തര മന്ത്രാലയം ഒരുക്കുമെന്ന് അമിത് ഷാ അറിയിച്ചു.

കേസുകളുടെ അന്വേഷണത്തിലും തുടർ നിയമനടപടികളിലും ഫോറൻസിക് പരിശോധനകൾക്ക് നിർണായക പങ്കുള്ളതിനാൽ റിപ്പോർട്ട് ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കുന്നത് അന്വേഷണ വേഗത വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ലഹരിക്കെതിരായ അന്വേഷണങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ നാഷണൽ നാർക്കോട്ടിക്‌സ് കോ-ഓർഡിനേഷൻ പോർട്ടൽ സംവിധാനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രതലം മുതൽ ജില്ലാ തലം വരെയുള്ള സംവിധാനങ്ങളെ ഏകോപിപ്പിച്ചായിരിക്കും പ്രവർത്തനം.

ലഹരി കടത്ത് ശൃംഖലകളെ കണ്ടെത്തുന്നതിനും വിവിധ അന്വേഷണ ഏജൻസികൾ തമ്മിലുള്ള വിവര കൈമാറ്റം ശക്തമാക്കുന്നതിനും ഏകോപിത സംവിധാനം സഹായിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here