അമേരിക്കയില്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത,

0
1

വാഷിങ്‌ടണ്‍: അമേരിക്കയിൽ ജോലി സ്വപ്‌നം കാണുന്ന വിദേശ പ്രൊഫഷണലുകൾക്കും ഐടി കമ്പനികൾക്കും വൻ ആശ്വാസം. മുൻപ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 100,000 യുഎസ് ഡോളറിൻ്റെ (ഏകദേശം 83 ലക്ഷത്തിലധികം രൂപ) വൻതുക H-1B വിസ അപേക്ഷാ ഫീസ് നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ കോടതി വിധിച്ചു. യുഎസ് കോൺഗ്രസിൻ്റെ (പാർലമെൻ്റ്) അനുമതിയില്ലാതെ നടപ്പിലാക്കിയ ഈ പരിഷ്‌കാരം നിലനിൽക്കില്ലെന്ന് കോടതി അറിയിച്ചു.

മസാച്യുസെറ്റ്‌സിലെ ബോസ്റ്റൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്‌ജി ലിയോ സോറോക്കിനാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. യുഎസ് കോൺഗ്രസ് നൽകാത്ത ഒരു അധികാരം ഉപയോഗിച്ചാണ് ട്രംപ് ഭരണകൂടം ഈ വിസ നികുതി അടിച്ചേൽപ്പിച്ചതെന്ന് ജഡ്‌ജി നിരീക്ഷിച്ചു.

വിധിക്ക് പിന്നിലെ പ്രധാന കാര്യങ്ങൾ

ഇതൊരു വിസ ഫീസല്ല, നികുതിയാണെന്നാണ് കോടതിയുടെ നിരീക്ഷണം. ട്രംപ് ഭരണകൂടം ഇതിനെ ‘ഫീസ്’ എന്ന് വിളിച്ചെങ്കിലും, യഥാർത്ഥത്തിൽ ഇത് വിദേശ തൊഴിലാളികൾക്ക് മേൽ ചുമത്തിയ ‘നികുതി’ തന്നെയാണെന്ന് ജഡ്ജി വ്യക്തമാക്കി. നികുതി നിശ്ചയിക്കാനുള്ള അധികാരം യുഎസ് കോൺഗ്രസിന് മാത്രമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങളുടെ കൂട്ടായ്മയ്ക്ക് വിജയമായിയാണ് ഇതിനെ കാണുന്നത്. ട്രംപിൻ്റെ ഈ വിവാദ തീരുമാനത്തിനെതിരെ അമേരിക്കയിലെ 20 സംസ്ഥാനങ്ങൾ ഒന്നിച്ചാണ് കോടതിയെ സമീപിച്ചത്. കുടിയേറ്റ നയങ്ങളിലും നികുതി കാര്യങ്ങളിലും കോൺഗ്രസിൻ്റെ അധികാരം ട്രംപ് ഭരണകൂടം മറികടന്നു എന്ന ഇവരുടെ വാദം കോടതി അംഗീകരിച്ചു.

എന്തായിരുന്നു ഈ വിവാദ നിയമം?

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പുതിയ H-1B വിസ അപേക്ഷകൾക്ക് 100,000 ഡോളർ വാർഷിക ഫീസ് ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പുവെച്ചത്. അമേരിക്കൻ കമ്പനികൾ വിദേശികളെ ജോലിക്കെടുക്കുന്നത് നിരുത്സാഹപ്പെടുത്താനും, പകരം അമേരിക്കക്കാർക്ക് തന്നെ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനുമാണ് ഈ വൻ തുക ഫീസ് ഏർപ്പെടുത്തിയത് എന്നായിരുന്നു ഭരണകൂടത്തിൻ്റെ വാദം. സാധാരണയായി ഈ തുക അപേക്ഷകരെ സ്പോൺസർ ചെയ്യുന്ന കമ്പനികളാണ് നൽകേണ്ടിയിരുന്നത്.

ഇന്ത്യക്കാർക്ക് വലിയ ആശ്വാസം

അമേരിക്കയിലെ പ്രമുഖ ടെക്നോളജി കമ്പനികൾ വിദേശത്തുനിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളെ നിയമിക്കാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് H-1B വിസ പ്രോഗ്രാം. ഈ വിസ ലഭിക്കുന്നവരിൽ വലിയൊരു പങ്ക് ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളും ഡോക്‌ടർമാരുമാണ്. അതിനാൽ തന്നെ ട്രംപിൻ്റെ ഈ ഫീസ് വർദ്ധനവ് ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം, വിസ വേഗത്തിൽ ലഭിക്കുന്നതിനുള്ള ‘ഫാസ്റ്റ് ട്രാക്ക്’ പ്രൊസസിംഗിനായി രണ്ട് ലക്ഷത്തിലധികം അപേക്ഷകർ ഈ 100,000 ഡോളർ ഫീസ് അടച്ചിട്ടുണ്ടെന്ന് ഡിപ്പാർട്ട്‌മെൻ്റെ ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ അടുത്തിടെ യുഎസ് സെനറ്റ് കമ്മിറ്റിക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഭരണകൂടത്തിൻ്റെ കുടിയേറ്റ പരിഷ്കാരങ്ങൾക്ക് കനത്ത തിരിച്ചടിയായി ഫെഡറൽ കോടതിയുടെ ഈ പുതിയ ഉത്തരവ് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here