ദിവസേന ഒരു ലക്ഷം ലിറ്റർ പാൽ, ഐസ്‌ക്രീം മണിക്കൂറിൽ 6000;

0
26

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരമേഖലയുടെ കരുത്തും മിൽമയുടെ ഉത്പാദന മികവും നേരിൽ കാണാൻ അവസരമൊരുക്കി തിരുവനന്തപുരം അമ്പലത്തറയിലെ മിൽമ ഫാക്ടറി. ദിവസേന ഒരു ലക്ഷത്തിലധികം ലിറ്റർ പാൽ സംസ്കരിക്കുന്ന ഈ പ്രധാന ഉത്പാദന കേന്ദ്രം, ഡോ. വർഗീസ് കുര്യൻ്റെ 103-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.

ഫാക്ടറി സന്ദർശിക്കാനെത്തിയ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം മിൽമയുടെ പ്രവർത്തന രീതി കണ്ടതിൻ്റെ കൗതുകത്തിലാണ് മടങ്ങുന്നത്. സംസ്ഥാനത്തെ വിവിധ ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും എത്തുന്ന പാൽ, ഭീമാകാരമായ യന്ത്രങ്ങളുടെ സഹായത്തോടെ വിവിധ പാലുത്പന്നങ്ങളായി മാറുന്നത് അവർക്ക് പുതിയ അനുഭവമായി.

സന്നിധാനം മുതൽ യൂറോപ്പ് വരെ മിൽമയുടെ രുചി

അമ്പലത്തറ ഫാക്ടറിയുടെ ഉത്പന്നങ്ങൾക്ക് ആഭ്യന്തര വിപണിയിൽ മാത്രമല്ല, വിദേശത്തും വലിയ ഡിമാൻഡാണ്. സന്നിധാനം മുതൽ യൂറോപ്പ് വരെയുള്ള വിപണികളിലേക്ക് ഇവിടെനിന്നുള്ള പാലുത്പന്നങ്ങൾ എത്തുന്നുണ്ട്. ശബരിമല സീസൺ ആരംഭിച്ചതോടെ സന്നിധാനത്തേക്ക് മാത്രം ഒരു ലക്ഷം ലിറ്ററിലധികം നെയ്യാണ് വിറ്റഴിച്ചത്. ഇതിനു പുറമെ, പതിനായിരക്കണക്കിന് ലിറ്റർ നെയ്യുമായി ദിവസേന പത്തോളം ടാങ്കറുകൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് യാത്രയാവുന്നു.

മണിക്കൂറിൽ 6000 ഐസ്‌ക്രീമുകൾ നിർമിക്കാനുള്ള ശേഷി ഫാക്ടറിക്കുണ്ട്. ഒപ്പം, 70 രൂപ വില വരുന്ന പുതിയ കുപ്പിയിലടച്ച പാൽ ഉത്പാദിപ്പിക്കുന്ന ഏറ്റവും പുതിയ യൂണിറ്റും ഇവിടെ സജീവമാണ്. ഈ യൂണിറ്റിൽ മണിക്കൂറിൽ 100-ഓളം കുപ്പികളാണ് നിർമിക്കുന്നത്.

ജീവനക്കാരുടെ രാവും പകലുമുള്ള അധ്വാനം

സംസ്കരണ ചുമതലകൾ യന്ത്രങ്ങൾ ഏറ്റെടുക്കുന്നുണ്ടെങ്കിലും, മിൽമയുടെ ഈ പെരുമയ്ക്ക് പിന്നിൽ 200 ഓളം ജീവനക്കാരുടെ രാവും പകലുമുള്ള അധ്വാനമുണ്ട്. രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ ആദ്യ ഷിഫ്റ്റും, 2.30 മുതൽ രാത്രി 10 മണി വരെ അടുത്ത ഷിഫ്റ്റ്, ഇങ്ങനെ രണ്ട് ഷിഫ്റ്റുകളിലായാണ് ഫാക്ടറി പ്രവർത്തിക്കുന്നത്.

തൈര് ഉത്പാദനം ഇവിടെ മറ്റൊരു പ്രധാന ആകർഷണമാണ്. ഒരേ സമയം അമ്പത് ലിറ്ററിലധികം പാൽ കൈകാര്യം ചെയ്യുന്ന കൂറ്റൻ ടാങ്കറുകളിലാണ് തൈര് ഉത്പാദനം നടക്കുന്നത്. പാൽ, അതിനെ തൈരാക്കി മാറ്റുന്ന ലാക്ടിക് ആസിഡ് ബാക്ടീരിയ എന്നിവ നിറഞ്ഞ പാക്കറ്റുകൾ ഒരു ദിവസം ഫ്രീസറിൽ സൂക്ഷിച്ച് തൈരായി മാറിയ ശേഷമാണ് അടുത്ത ദിവസം വിപണിയിൽ എത്തുന്നത്.

മിൽമയുടെ നേരിട്ടുള്ള ഔട്ട്‌ലെറ്റുകളിൽ നിന്നും ഏജൻ്റുമാരിൽ നിന്നുമുള്ള ആവശ്യകത അനുസരിച്ചാണ് ഫാക്ടറിയിലെ ഉത്പാദനം ക്രമീകരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here