വിനോദത്തിനും അല്ലാതെയും ദിവസവും യാത്ര ചെയ്യുന്നവരാണ് മിക്കവരും. യാത്രകള്‍ ചിലപ്പോള്‍ ചെറുതാകാം അല്ലെങ്കില്‍ ദൈര്‍ഘ്യമേറിയതാകാം. അതിനായി തെരഞ്ഞെടുക്കുന്നതാകട്ടെ സ്വന്തം വാഹനങ്ങള്‍ക്ക് പുറമെ ബസുകളോ ട്രെയിനുകളോ ഫ്ലൈറ്റോ ആയിരിക്കും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗതാഗത മാര്‍ഗമാണ് ട്രെയിന്‍. വിദൂര സ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്താനാകുമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
വിദൂര സ്ഥലങ്ങളിലേക്കുള്ള യാത്രയാണെങ്കില്‍ പലരും ട്രെയിനില്‍ നേരത്തെ സീറ്റ് ബുക്ക് ചെയ്യാറുമുണ്ട്. സീറ്റ് ലഭിക്കുമെന്ന് ഉറപ്പായാല്‍ മാത്രമാണ് ചിലര്‍ ട്രെയിനില്‍ യാത്ര ചെയ്യാമെന്ന് ഉറപ്പിക്കുകയുള്ളൂ. അതിന് കാരണം വിദൂര യാത്രയ്‌ക്ക് സ്വന്തമായൊരു സീറ്റുണ്ടാകുന്നതാണ് ഏറ്റവും നല്ലത് എന്നത് തന്നെയാണ്.
അതാകുമ്പോള്‍ നമ്മള്‍ റിസര്‍വ് ചെയ്‌ത ഇരിപ്പിടത്തില്‍ മറ്റാര്‍ക്കും ഇരിക്കാന്‍ സാധിക്കില്ലെന്നതാണ്. ഇനിയിപ്പോള്‍ നമ്മള്‍ മുന്‍കൂട്ടി ബുക്ക് ചെയ്‌ത് ഉറപ്പിച്ച സീറ്റില്‍ മറ്റാരെങ്കിലും ഇരുന്നാലോ? യാത്രകള്‍ക്കിടയില്‍ പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ടാകും. റിസര്‍വ് ചെയ്‌ത സീറ്റില്‍ മറ്റുള്ളവര്‍ ഇരിക്കുന്നത്.
എന്നാലിനി നമ്മുടെ സീറ്റില്‍ മറ്റാരെങ്കിലും ഇരുന്നാല്‍ അവരെ വേഗത്തില്‍ എഴുന്നേല്‍പ്പിച്ച് അവിടെയിരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. അതിനെല്ലാം ഇവിടെ ചില നിയമങ്ങളുണ്ട്. അതില്‍ ആദ്യത്തെ മാര്‍ഗം എന്താണെന്ന് വച്ചാല്‍ നമ്മുടെ ടിക്കറ്റ് അവരെ കാണിച്ച് കാര്യം പറഞ്ഞ് മനസിലാക്കാം. ഇത് ഏറ്റവും പ്രാഥമികമായി സ്വീകരിക്കേണ്ട നടപടിയാണ്. എന്നാല്‍ ടിക്കറ്റ് കാണിച്ചിട്ടും കാര്യം പറഞ്ഞിട്ടും ഇരുന്നയാള്‍ എഴുന്നേറ്റില്ലെങ്കില്‍ എന്ത് ചെയ്യും? അതിനും പരിഹാരമുണ്ട്.
അത്തരക്കാരെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിച്ച് വിടാനുള്ള ഏറ്റവും നല്ല മാര്‍ഗത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. അതിന് മുമ്പ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമുണ്ട്. കാര്യം ബോധിപ്പിച്ചിട്ടും സീറ്റില്‍ നിന്നും എഴുന്നേല്‍ക്കാത്തയാളാണെങ്കില്‍ അവരോട് ദേഷ്യപ്പെടുകയോ ബഹളം വയ്‌ക്കുകയോ ചെയ്യേണ്ടതില്ല. ഇതിനെല്ലാം സമാധാനപരമായ മാര്‍ഗങ്ങളും നിയമങ്ങളുമുണ്ട്. അതിനെ കുറിച്ച് വിശദമായി അറിയാം.
ശാന്തതയോടെ കാര്യം അവതരിപ്പിക്കാം: റിസര്‍വ് ചെയ്‌ത സീറ്റില്‍ ആരെങ്കിലും ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരോട് ആദ്യം ടിക്കറ്റ് കാണിച്ച് ഇത് താന്‍ റിസര്‍വ് ചെയ്‌ത സീറ്റാണെന്നും എഴുന്നേല്‍ക്കണമെന്ന് പറയുകയും ചെയ്യാം.
ടിടിഇയെ സമീപിക്കാം: വിഷയം ധരിപ്പിച്ചിട്ടും ഇരിക്കുന്നയാള്‍ എഴുന്നേറ്റില്ലെങ്കില്‍ നിങ്ങള്‍ക്ക് നേരെ ടിടിഇയെ (Traveling Ticket Examiner) സമീപിക്കാം. താന്‍ റിസര്‍വ് ചെയ്‌ത സീറ്റില്‍ നിന്നും അയാളെ ഒഴിവാക്കി തരണമെന്ന് പറയാം. പരാതി ലഭിച്ചാല്‍ ടിടിഇ എത്തി വിഷയത്തില്‍ ഇടപെട്ട് ഇരിക്കുന്നയാളെ എഴുന്നേല്‍പ്പിക്കും.
എസ്‌എംഎസ് സര്‍വീസ്: ട്രെയിനില്‍ നിങ്ങള്‍ക്കിനി ടിടിഇയെ കണ്ടെത്താനായില്ലെങ്കില്‍ പ്രശ്‌നം പരിഹരിക്കാനായി എസ്‌എംഎസും അയക്കാം. 139 എന്ന നമ്പറിലേക്ക് നിങ്ങള്‍ക്ക് പരാതി അയക്കാവുന്നതാണ്. ഇതിന് ഒരു പ്രത്യേക ഫോര്‍മാറ്റുമുണ്ട്. SEAT< PNR Number> <Seat Number > OCCUPIAED BY UNKNOWN PASSENGER എന്ന ഫോര്‍മാറ്റിലാണ് പരാതി അയക്കേണ്ടത്. എസ്‌എംഎസ് ലഭിക്കുന്ന ട്രെയിന്‍ ജീവനക്കാര്‍ ഉടനടി സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കും.
ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം: എസ്‌എംഎസ് അയക്കാന്‍ പ്രയാസം തോന്നിയാല്‍ നിങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ വഴിയും പരാതി ബോധിപ്പിക്കാം. അതിനായി RailMaded App ഡൗണ്‍ലോഡ് ചെയ്യാം. ഇതിലൂടെ പരാതി നല്‍കിയാലും വേഗത്തില്‍ പരിഹാരം ഉണ്ടാകും.
ആര്‍പിഎസ് ഹെല്‍പ്പ്‌ലൈന്‍: സീറ്റ് സംബന്ധമായതും അല്ലാത്തതുമായി ട്രെയിനില്‍ വച്ചുണ്ടാകുന്ന ഏതൊരു പ്രശ്‌നത്തിനും പരിഹാരം തേടാന്‍ നിങ്ങള്‍ ആര്‍പിഎഫ് ഹെല്‍പ്പ്‌ലൈന്‍ ഉപയോഗപ്പെടുത്താം. 182 എന്ന നമ്പറാണ് ആര്‍പിഎഫ് അഥവാ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സുമായി ബന്ധപ്പെടാനുള്ള നമ്പര്‍. പരാതികളെല്ലാം പറയുന്നത് മുമ്പ് ടിക്കറ്റും സീറ്റും നമ്മള്‍ റിസര്‍വ് ചെയ്‌തത് തന്നെയാണെന്ന് ഉറപ്പിക്കേണ്ടതുണ്ട്.
നമ്മള്‍ യാത്ര ചെയ്യുന്നത് ബുക്കിങ് നടത്തിയ ട്രെയിന്‍ തന്നെയാണോയെന്നും ഉറപ്പാക്കണം. എന്നിട്ട് മാത്രമെ പരാതി നല്‍കാന്‍ പാടുള്ളൂ. ട്രെയിന്‍ യാത്രയില്‍ നേരിടുന്ന ഏതൊരു പ്രശ്‌നത്തിനും ഇത്തരത്തിലുള്ള പരിഹാരങ്ങള്‍ ഉണ്ട്. എന്നാല്‍ ദിവസവും യാത്ര ചെയ്യുന്നവരാണെങ്കില്‍ പോലും അവരില്‍ പലര്‍ക്കും ഇത്തരം കാര്യങ്ങളൊന്നും അറിയില്ലെന്നതാണ് മറ്റൊരു വാസ്‌തവം.






