ആരോഗ്യം മെച്ചപ്പെടാൻ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഏതൊക്കയാണെന്ന് നോക്കാം.
രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യകരമായ ചർമം നിലനിര്‍ത്താനും ഏറെ സഹായിക്കുന്ന പോഷകമാണ് വിറ്റാമിൻ സി. കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ ശാരീരികാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ സിയ്‌ക്ക് സാധിക്കും. വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാൻ അത്യുത്തമമാണ്. ഇത്തരത്തില്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ഓറഞ്ച്: വിറ്റാമിൻ സി കൊണ്ട് സമ്പന്നമായ പഴമാണ് ഓറഞ്ച്. പ്രതിരോധശേഷി ശക്തിപ്പെടുത്താനും ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നിങ്ങളെ സഹായിക്കുന്നു. ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് ജലദോഷം കഫക്കെട്ട് എന്നിവ അകറ്റാന്‍ സഹായകരമാകും. വിറ്റാമിൻ സി, ഫൈബർ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയുടെ കലവറയായ ഈ ഫലം ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നു.
കിവി: വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്‌ടമായ ഒരു ചെറിയ പഴമാണ് കിവി. ഇത് പതിവായി കഴിക്കുന്നത് ചർമ കാന്തി മെച്ചപ്പെടുത്താന്‍ സഹായകരമാകുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. പൊട്ടാസ്യം അടക്കം നിരവധി പോഷകങ്ങൾ അടങ്ങിയ പഴമാണ് കിവി.
കാപ്‌സിക്കം: വിറ്റാമിൻ സി കൊണ്ട് സമ്പുഷ്‌ടമായ ഒരു പച്ചക്കറി ഇനമാണ് കാപ്‌സിക്കം. ശരീരത്തിന്‍റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ അത്യുത്തമമാണ് കാപ്‌സിക്കം. ആരോഗ്യകരമായ ചർമ്മം നിലനിർത്താനും ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
പച്ച, ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ കാപ്‌സിക്കം ലഭ്യമാണ്. സലാഡുകൾ, കറികൾ, വിഭവങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ഇത് ദഹനത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും വളരെ നല്ലതാണ്.
സ്ട്രോബെറി: വിറ്റാമിൻ സി, പോളിഫെനോൾ എന്നിവയാൽ സമ്പന്നമായ പഴമാണ് സ്ട്രോബെറി. ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ തിളക്കമാർന്ന ചർമവും യുവത്വവും നേടാൻ ഇത് നിങ്ങളെ സഹായിക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്‍ നിലനിര്‍ത്താനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഇത് കാരണമാകുന്നു. രക്തസമ്മർദ്ദമുള്ളവര്‍ക്കും ഇത് ഗുണകരമാണ്.
ബ്രൊക്കോളി: വിറ്റാമിൻ സി, വിറ്റാമിൻ കെ, നാരുകൾ എന്നിവ ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇത് പതിവായി കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അസ്ഥികളെ ശക്തിപ്പെടുത്താനും സഹായകരമാകും. ദിവസവും ബ്രൊക്കോളി കഴിക്കുന്നതിലൂടെ ശരീരത്തിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താനാകും. രോഗങ്ങളെ അകറ്റി നിര്‍ത്താനും ഇത് കഴിക്കുന്നതിലൂടെ സാധിക്കും.







