ഭീകരരെ തെരഞ്ഞ് സുരക്ഷ സേന; 43 താത്‌കാലിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചു,

0
15

ജമ്മു കശ്‌മീരിലെ വിവിധ മേഖലകളിലായി 43 താത്കാലിക സൈനിക കേന്ദ്രങ്ങൾ സ്ഥാപിച്ചു. കേന്ദ്രങ്ങളിൽ 16 മുതൽ 25 ഉദ്യോഗസ്ഥർക്ക് വരെ ഒരേ സമയം പ്രവർത്തിക്കാനാകും.

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനും കണ്ടെത്തുന്നതിനുമായി താത്കാലിക പ്രവർത്തന കേന്ദ്രങ്ങൾ സ്ഥാപിച്ച് സുരക്ഷാ സേന. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൻ്റെ (സിആർപിഎഫ്) നേത്യത്വത്തിൽ 43 താത്കാലിക സൈനിക പ്രവർത്തന കേന്ദ്രങ്ങളാണ് സ്ഥാപിച്ചതെന്ന് സേന അറിയിച്ചു. കശ്‌മീർ മലനിരകളിൽ ആറായിരം അടി ഉയർന്ന പ്രദേശങ്ങളിലായാണ് പ്രവർത്തന കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു കശ്‌മീരിലുണ്ടാകുന്ന ഭീകരാക്രമണങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും അതിനാൽ ഇത്തരം താത്കാലിക കേന്ദ്രങ്ങളുടെ പ്രവർത്തനം തുടരുമെന്നും മുതിർന്ന സുരക്ഷാ സേന ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പ്രതികരിച്ചു. സ്ഥാപിതമായ 43 താത്കാലിക സുരക്ഷാ കേന്ദങ്ങളിൽ 26 എണ്ണം കശ്‌മീരിലും 17 എണ്ണം ജമ്മു മേഖലയിലുമാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അർധ സൈനികർ, ജമ്മു കശ്‌മീർ പൊലീസ് സേന, എന്നിവർക്കുള്ള താത്കാലിക താമസ സൗകര്യവും ഇത്തരം കേന്ദ്രങ്ങളിൽ സജ്ജമായിരിക്കും.

കല്ലും മണ്ണും കൊണ്ട് നിർമിച്ച ‘ധോക്കുകളിൽ'(കുടിലുകൾ) ഒളിച്ചിരുന്ന് പ്രവർത്തിക്കുന്ന ഭീകരരെ കണ്ടെത്താനും താത്കാലിക സുരക്ഷാ കേന്ദ്രങ്ങൾ ഉപയോഗിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്‌മീർ മേഖലകളിൽ ഭീകരവാദ പ്രവർത്തനം നടത്താൻ ഇനി അനുവദിക്കില്ലെന്നും സുരക്ഷാ സേന ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യത്തെ ആദ്യ താത്കാലിക സുരക്ഷാ കേന്ദ്രം 2025 ജൂലൈയിൽ ശ്രീനഗർ ജില്ലയിലെ ഫഖീർ ഗുജ്രിയിലാണ് സ്ഥാപിതമായത്.

സുരക്ഷാ കേന്ദ്രങ്ങളിൽ 16 മുതൽ 25 പേർ വരെ

സിആർപിഎഫ് ഒരുക്കിയ താത്കാലിക സുരക്ഷാ കേന്ദ്രങ്ങളിൽ 16 മുതൽ 25 ഉദ്യോഗസ്ഥർക്ക് വരെ ഒരേ സമയം പ്രവർത്തിക്കാനാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉയർന്ന പ്രദേശങ്ങളിൽ പട്രോളിങ് നടത്തുമ്പോൾ ദുഷ്‌കരമായ കാലാവസ്ഥയെ പ്രതിരോധിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ലീപ്പിങ് ബാഗുകൾ, എർഗണോമിക് ബാഗുകൾ, ടാക്റ്റിക്കൽ ബൂട്ടുകൾ, സാറ്റലൈറ്റ് ട്രാക്കർ, സാറ്റലൈറ്റ് ഫോൺ, തുടങ്ങിയവ ഉപയോഗിക്കണമെന്നും അവയെല്ലാം കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും സുരക്ഷാ സേന ഉദ്യോഗസ്ഥർ അറിയിച്ചു.

2025 ഏപ്രിലിൽ 22നാണ് ജമ്മു കശ്‌മീരിലെ ബൈസരൻ താഴ്‌വരയിൽ ഭീകരാക്രമണം നടത്തിയത്. ആക്രമണത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് പഹൽഗാം-ട്രാൽ-ഹർവാൻ റൂട്ടിൽ ധാരാളം താത്കാലിക സൈനിക താവളങ്ങൾ സ്ഥാപിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഭീകരരെ ഇല്ലാതാക്കാൻ താത്കാലിക സൈനിക കേന്ദ്രങ്ങൾ

പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടായിരുന്ന മൂന്ന് ഭീകരരെ വധിക്കാൻ താത്കാലിക സൈനിക കേന്ദ്രങ്ങൾ ഉപയോഗിച്ചതായി വിവിധ വൃത്തങ്ങൾ പറഞ്ഞു. മെയ് 22നാണ് “ഓപ്പറേഷൻ മഹാദേവ്” എന്ന് പേരിലുള്ള സൈനിക നടപടി ആരംഭിച്ചത്. ഇതേ തുടർന്ന് പാക് ഭീകരരായ അബു ഹംസ അഫ്‌ഗാനി എന്ന ഹാരിസ്, ജിബ്രാൻ എന്ന യാഷിർ, സുലൈമാൻ എന്നിവരെ വധിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് രണ്ട് എ കെ-47, എം-4 റൈഫിൾ തോക്കുകളും കണ്ടെത്തി.

ജമ്മു കശ്‌മീർ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സേന

ജമ്മു കശ്‌മീർ മേഖലയിൽ 97 പാക് ഭീകരരും ആറ് പ്രാദേശിക ഭീകര വൃത്തങ്ങളും സജീവമാണെന്ന് സുരക്ഷാ സേന വ്യക്തമാക്കി. 30 മുതൽ 40 ഭീകരർ വരെ ജമ്മു മേഖലയിലും 40 മുതൽ 57 ഭീകരർ വരെ കശ്‌മീർ മേഖലയിലും സജീവമാണ്. നാല് പ്രാദേശിക ഭീകര വൃത്തങ്ങളിൽ പാക് അധീന കശ്‌മീരിൽ താവളങ്ങളുമുണ്ടെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.

സുരക്ഷാ സേനയുടെ നിസ്വാർഥവും ദൃഢനിശ്ചയത്തോടെയുമുള്ള പ്രവർത്തനം കാരണം ജമ്മു കശ്‌മീരിൽ പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾ നിർവീര്യമാക്കപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം ശ്രമങ്ങൾ നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും തുടരുമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

ജമ്മു കശ്‌മീർ മേഖലയിൽ നിന്ന് ഭീകരതയെ തുടച്ചു നീക്കുന്നതിന് ഏകോപിതമായും ജാഗ്രതയോടെയും പ്രവർത്തിക്കുന്ന സുരക്ഷാ സേനയുടെ പങ്കിനെ ആഭ്യന്തരമന്ത്രി പ്രശംസിച്ചു. സുരക്ഷാ സേന ജാഗ്രത പാലിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here