ഈ ഫെബ്രുവരിയിൽ കൃഷി അൽപം വെറൈറ്റിയാക്കിയാലോ..?

0
31

ഈ ഫെബ്രുവരി മാസത്തിൽ അടുക്കള തോട്ടത്തിലും സ്‌കൂൾ കൃഷിയിടത്തിലും നട്ട് വളർത്താൻ ആകുന്ന ചില നാടൻ പച്ചക്കറികൾ ഇതാ…

കുഭമാസം പിറന്നാൽ പിന്നെ കൃഷിക്കാലത്തിന് ആരംഭമായി. ഞാറ്റുവേല നോക്കി കൃഷിയിറക്കിയിരുന്ന കാലമായിരുന്നു നാട്ടിൻ പുറങ്ങളിൽ ഒരു കാലം വരെയും കണ്ടുവന്നിരുന്നത്. വേലിച്ചീരയും മത്തനും പയറും കുമ്പളവും മുരിങ്ങയുമെല്ലാം കേരളത്തിൻ്റെ കാർഷിക പാരമ്പര്യത്തിൻ്റെ തനിമ വിളിച്ചോതി.

അത്തരം പാരമ്പര്യത്തിൻ്റെ തുടർച്ചയെന്നോണം ഇപ്പോഴും ചെറുകിട കൃഷികൾ വീട്ടിലും പരിസരത്തുമായി കണ്ടു വരുന്നു. അടുക്കളത്തോട്ടത്തിലും സ്‌കൂളുകളിലെ കൃഷിയിടത്തിലും നട്ടുവളർത്താനാകുന്ന നാടൻ വിളകളെ ഇന്നും കാണാൻ കഴിയുന്നു. എന്നാലിനി ഈ ഫെബ്രുവരി മാസത്തിൽ അടുക്കള തോട്ടത്തിലും സ്‌കൂൾ കൃഷിയിടത്തിലും നട്ടുവളർത്താനാകുന്ന ചില നാടൻ പച്ചക്കറികൾ ഇതാ…

1. ചീര

ഇലക്കറികളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ചീര. വള്ളിച്ചീര, കയ്‌പ്പച്ചീര എന്നിങ്ങനെ പല തരമുണ്ട് ചീരകൾ. ചെറിയ സ്ഥലത്ത് പോലും വളരെ മികച്ച രീതിയിൽ ചീരക്കൃഷി ചെയ്യാവുന്നതാണ്. കുറഞ്ഞ കാലം കൊണ്ട് വിളവെടുക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഇലകളിൽ സമൃദ്ധമായി സൂര്യപ്രകാശം ലഭിക്കണം എന്ന് മാത്രം. നേരിട്ട് വിത്ത് പാകിയും പറിച്ചുനട്ടും പുതിയ തൈകൾ വളർത്തിയെടുക്കാം. 30 സെൻ്റിമീറ്റർ അകലത്തിൽ വേണം തൈകൾ നടാൻ. ആവശ്യത്തിന് ജലസേചനവും വേണം.

2. വെണ്ട

ഫെബ്രുവരി- മാർച്ച് അല്ലെങ്കിൽ ജൂൺ- ജൂലൈ മാസങ്ങളിലാണ് സാധാരണ വെണ്ട കൃഷിക്ക് അനുയോജ്യമായ സമയം. വീടിൻ്റെ ടെറസിലും ഗ്രോബാഗുകളിലും ചാക്കുകളിലും കൃഷി ചെയ്യാൻ സാധിക്കും. വെണ്ട കൃഷിക്ക് നല്ല ഫലഫൂയിഷ്‌ഠമായ മണ്ണ് ആവശ്യമാണ്. ഇതിനായി കൊക്കോപീറ്റ്, കമ്പോസ്‌റ്റ് (ചാണക വളം/മണ്ണിര കമ്പോസ്‌റ്റ്) എന്നിവ ചേർത്ത് മണ്ണൊരുക്കാം.

കൃഷിക്കായി പുസ സവാനി, CO-1, അർക്ക അനാമിക എന്നിങ്ങനെയുള്ള വിത്തിനങ്ങൾ തെരഞ്ഞെടുക്കാം. നടുമ്പോൾ രണ്ടെണ്ണമെന്ന രീതിയിൽ ഒരിഞ്ച് ആഴത്തിൽ നടാം. മൂന്നോ നാലോ ദിവസം കൊണ്ട് വിത്ത് മുളയ്‌ക്കുകയും ചെയ്യും.

3. തണ്ണിമത്തൻ

ഏറെ പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഫലമാണ് തണ്ണിമത്തൻ. ഫെബ്രുവരി മാസമാണ് കൃഷിക്ക് അനുയോജ്യം. ഇതിനായി സൂര്യപ്രകാശം നന്നായി ലഭിക്കുന്ന ഇടം തെരഞ്ഞെടുക്കുക എന്നതാണ് ആദ്യപടി. എട്ട് മണിക്കൂർ വെയിൽ ലഭിക്കുന്ന ഇടം കൂടിയായിരിക്കണം തെരഞ്ഞെടുക്കുന്നത്. വരികൾ തമ്മിൽ അകലം പാലിച്ച് വേണം കൃഷി ചെയ്യാൻ. ഒന്നര അടി ആഴത്തിൽ വേണം കുഴികൾ ഒരുക്കാൻ എന്ന് കർഷകർ പറയുന്നു. ഒരു ചെടി നട്ടാൽ ഏകദേശം നൂറ് ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്. തണ്ണിമത്തൻ കൃഷി ചെയ്യുമ്പോൾ വള്ളി ഉണങ്ങുന്ന സമയത്താണ് വിളവെടുപ്പ് നടത്തേണ്ടത്.

4. ചേന

കുംഭത്തിൽ ചേന നട്ടാൽ മേടം എത്തുമ്പോഴേക്കും മുളച്ച് പൊന്തും എന്നാണ് പൊതുവിൽ പറയാറ്. ഫെബ്രുവരി മാസമാണ് ചേന നടാൻ ശരിയായ സമയം. എന്നാൽ ജനുവരി മാസത്തിൽ കൃഷിയിറക്കുന്നവരും കുറവല്ല. ചേന കൃഷി എപ്പോഴും വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് വേണം ചെയ്യാൻ. ഒപ്പം നല്ല വായു സഞ്ചാരവും വളക്കുറുള്ള മണ്ണും പ്രധാനമാണ്. ചേന തനിവിളയായും ഇടവിളയായും കൃഷി ചെയ്യാവുന്നതാണ്. ചാണക വളമാണ് ഉത്തമം. എല്ലുപൊടിയും ചേർക്കാവുന്നതാണ്. നട്ടുകഴിഞ്ഞാൽ ആറോ ഏഴോ മാസത്തിനുള്ളിൽ വിളവെടുക്കാം.

5. ചേമ്പ്

ചേന പോലെ ഏറെ പ്രധാനമാണ് ചേമ്പും. വെളിഞ്ചേമ്പ്, ചീമച്ചേമ്പ്, ശീമച്ചേമ്പ്, ചീരച്ചേമ്പ്, പാൽച്ചേമ്പ്, കണ്ണൻചേമ്പ് എന്നിങ്ങനെ പല നാടൻ ഇനങ്ങളും നാട്ടിൻപുറങ്ങളിൽ ലഭ്യമാണ്. ചേനയോടൊപ്പം ഇതേ കാലത്ത് തന്നെ കൃഷിചെയ്യാനും സാധിക്കും. ചേമ്പിൻ്റെ ഇലയും ഏറെ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്.

6. പീച്ചിങ്ങ

ഇന്ത്യയിൽ ഒട്ടു മിക്ക പ്രദേശങ്ങളിലും പീച്ചിങ്ങ കൃഷി ചെയ്‌തുവരുന്നു. ഇതിൻ്റെ വിത്തിൽ നിന്ന് എണ്ണയും ഉത്‌പാദിപ്പിക്കുന്നുണ്ട്. പീച്ചിങ്ങയിൽ വെള്ളത്തിൻ്റെ അംശം ധാരാളം ഉള്ളതിനാൽ ആരോഗ്യത്തിന് വളരെ പ്രയോജനം ചെയ്യുന്ന പച്ചക്കറിയാണ് പീച്ചിങ്ങ. ചൂട് കാലാവസ്ഥ കൃഷിക്ക് അനുയോജ്യം. കാശി ദിവ്യ, പുസ സ്‌നീധ്, സ്വർണ പ്രഭ, കല്ല്യാൺപുർഹരി ചിക്‌നി എന്നിങ്ങനെയുള്ള ഇനങ്ങൾ കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്.

7. ചുരയ്‌ക്ക

മലനിര പ്രദേശങ്ങളിലാണ് പ്രധാനമായും ചുരയ്‌ക്ക കൃഷി ചെയ്യുന്നത്. ചുരങ്ങ, ചെരവക്കായ എന്നൊക്കെ ഇതിന് പേരുണ്ട്. മിനറൽസ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പുഷ്‌ടം. 24 മണിക്കൂർ വിത്ത് വെള്ളത്തിൽ കുതിർത്തതിന് ശേഷം വിതയ്‌ക്കുന്നതാണ് നല്ലത്. ഇത് എളുപ്പത്തിൽ മുള പൊട്ടാൻ സഹായിക്കും.

പുസ ഹൈബ്രിഡ്, പുസ സന്തിഷ്‌ടി, പുസ സന്തേഷ്, പുസ സമൃദ്ധി, നരേന്ദ്ര രശ്‌മി, കാശി ഗംഗ, നരേന്ദ്ര ശിശിര്‍ എന്നിവയാണ് ചുരയ്ക്കയിലെ വ്യത്യസ്‌ത ഇനങ്ങൾ. നന്നായി മൂത്ത ചുരയ്‌ക്കയിൽ നിന്ന് വിത്തുകൾ ശേഖരിക്കാം. കുഴികൾ തയ്യാറാക്കി കഴിഞ്ഞാൽ അടിവളമായി ജൈവവളം ചേര്‍ക്കണം. ചുരയ്‌ക്ക വള്ളി പടരാൻ തുടങ്ങിയാൽ യൂറിയ നൽകുന്നത് നല്ലതാണ്.

8. വഴുതന

മണ്ണിലോ ഗ്രോബാഗുകളിലോ വഴുതന കൃഷി നടത്താം. വിത്തിൽ നിന്നോ തൈകളിൽ നിന്നോ കൃഷി ചെയ്യാവുന്നതാണ്. ഒരു സെൻ്റിമീറ്റർ ആഴത്തിൽ കുഴിയെടുത്ത് വേണം വിതയ്‌ക്കാൻ. മുളക്കാൻ 7 മുതൽ 14 ദിവസങ്ങൾ വേണ്ടിവരും. മിതമായ നനവും അത്യാവശ്യമാണ്. തൈകൾക്ക് 4 മുതൽ 6 ആഴ്‌ചവരെ പ്രായമാകുമ്പോൾ മാറ്റി നടാം. പറിച്ചെടുക്കുമ്പോൾ വേരുകൾക്ക് കേടുപാടുകൾ സംഭവിക്കാതെ ശ്രദ്ധിക്കണം.

നിലത്ത് നടുകയാണെങ്കിൽ ഓരോ ചെടികള്‍ക്കും ഇടയില്‍ 18 മുതൽ 24 ഇഞ്ച് വരെ അകലം ഉറപ്പാക്കണം. നല്ല ഫലഫൂയിഷ്‌ഠമായ മണ്ണാണ് കൃഷിക്ക് അനുയോജ്യം. കുറഞ്ഞത് 8 മണിക്കൂർ വരെയും സൂര്യപ്രകാശവും അത്യാവശ്യമാണ്. പൂവിടുമ്പോൾ നനവ് അല്‍പം കുറയ്‌ക്കുന്നത് വഴുതന കൂടുതല്‍ കായ്ക്കുന്നതിന് സഹായിക്കും. വഴുതനച്ചെടിക്ക് മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണങ്ങള്‍ ഉണ്ടാവാറുണ്ട്. ഇവയെ തുരത്താന്‍ വേപ്പെണ്ണ, പുകയിലക്കഷായം എന്നിവയും പ്രയോഗിക്കാം.

9. പാവയ്‌ക്ക

വിത്ത് മുളപ്പിച്ചും നഴ്‌സറികളിൽ നിന്ന് ലഭിക്കുന്ന വിത്ത് ഉപയോഗിച്ചും കൃഷി ചെയ്യാവുന്നതാണ്. ഇപ്പോൾ ഗ്രോബാഗുകളിലും പാവയ്‌ക്ക വിളയിക്കാൻ സാധിക്കും. വിളയാൻ ഏറെ താമസമുള്ള വിത്താണ് പാവലിൻ്റേത്. അതിനാൽ വിതക്കാൻ പോകുന്നതിന് മുൻപ് 12 മുതൽ 18 മണിക്കൂർ വരെ വെള്ളത്തിൽ മുക്കി വയ്‌ക്കുന്നത് വേഗത്തിൽ വിത്ത് മുളക്കാൻ സഹായിക്കും. 7 മുതൽ 10 ദിവസം വരെയാണ് പാവൽ വിത്തിന് മുളക്കാൻ വേണ്ടത്. ജൈവവളവും കമ്പോസ്‌റ്റും ഉപയോഗിച്ച് ആർക്കുവേണമെങ്കിലും പാവൽ അവനവൻ്റെ വീട്ടുവളപ്പിൽ കൃഷി ചെയ്യാവുന്നതാണ്. നടീലിന് ശേഷം 55 അല്ലെങ്കിൽ 70 ദിവസത്തിനുള്ളിൽ പാവയ്‌ക്ക വിളവെടുക്കാനും സാധിക്കുന്നു.

പാവയ്‌ക്ക

പ്രിയ, പ്രീതി, CO 1 തുടങ്ങിയ ഇനങ്ങളാണ് സാധാരണയായി കേരളത്തിൽ കൃഷി ചെയ്യാറുള്ളത്. ഇത് കൂടാതെ കല്യാണ്‍പുര്‍, പ്രിയ കോ-1, പുസ സ്‌പെഷ്യല്‍, എസ്.ഡി.യു-1 കോയമ്പത്തൂര്‍ ലോങ്ങ്, കല്യാണ്‍പുര്‍ സോന, പഞ്ചാബ് കരേല-1, പഞ്ചാബ്-14 എന്നിവയും കൃഷിക്കായി തെരഞ്ഞെടുക്കാം. നന്നായി വിള ലഭിക്കാൻ പന്തലിന് ചുവട്ടിലെ വള്ളിയിൽ നിന്നും പൊട്ടിമുളയ്‌ക്കുന്ന ചെറിയ വള്ളികൾ ഒടിച്ച് കളയാം.

10. തക്കാളി

എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഒരു പച്ചക്കറിയാണ് തക്കാളി. ചാക്കുകളിലോ ഗ്രോബാഗുകളിലോ, ചെടിച്ചട്ടികളിലോ കൃഷി ചെയ്യാം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം ഇതിനായി തെരഞ്ഞെടുക്കണം. വെള്ളായണി, ശക്തി, വിജയ്, അനഘ എന്നിങ്ങനെയുള്ള വിത്തിനങ്ങൾ കൃഷിക്കായി തെരഞ്ഞെടുക്കാം. ഒരു മാസം പ്രായമായ ചെടികളും നട്ടുപിടിപ്പിക്കാവുന്നതാണ്.

കാലവും കാലാവസ്ഥയും നോക്കി കൃഷിയിറക്കി നൂറുമേനി കൊയ്‌ത നാട്ടു പ്രദേങ്ങളിൽ ആരോഗ്യവും കാർഷിക പുരോഗതിയും നിലനിന്നിരുന്നു. പറമ്പുകളിലും കിണറ്റിൻ കരയിലുമൊക്കെയായി അന്നത്തെ കൃഷിരീതികൾ ഏറെ സവിശേഷത പുലർത്തി. കാലം മാറിയപ്പോൾ നാട്ടിൻപുറങ്ങളുടെ മട്ട് മാറി. അരിക്ക് ആന്ധ്രയേയും പച്ചക്കറിക്ക് തമിഴ്‌നാടിനെയും അങ്ങനെ പലതിനെയും ആശ്രയിക്കേണ്ടി വന്നു. കേരളത്തിൻ്റെ പരമ്പരാഗത കൃഷി രീതിക്ക് മങ്ങലേറ്റു. എന്നാലിനി പുത്തൻ തലമുറയ്‌ക്കും കൃഷി ചെയ്‌ത് പഴയ കാർഷിക സമൃദ്ധിയെ വീണ്ടെടുക്കാം…

LEAVE A REPLY

Please enter your comment!
Please enter your name here