ഗൾഫിലെ നീക്കങ്ങൾ നെതന്യാഹുവിനെ അറിയിച്ച് ട്രംപ്;

0
1

വാഷിങ്ടൺ: ഇറാനിലെ അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയിലെ പുതിയ നീക്കങ്ങളെക്കുറിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി. ടെഹ്റാനിലെ ആക്രമണത്തിന് മറുപടിയായി ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ 10 ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിൻ്റെ സൂചനകളാണ് പുറത്തുവരുന്നത്.

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് എക്സിലൂടെയാണ് ഇരു നേതാക്കളും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്തുവിട്ടത്. ഗൾഫിലെ അമേരിക്കൻ നീക്കങ്ങളെക്കുറിച്ച് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേലിൻ്റെ നിലനിൽപ്പിനെതിരെ തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാനും അദ്ദേഹത്തിൻ്റെ അനുയായികളും നടത്തുന്ന പ്രസ്താവനകളുടെ ഗൗരവം നെതന്യാഹു അമേരിക്കൻ പ്രസിഡൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. കൂടാതെ ഇസ്രയേൽ അതിർത്തികളിൽ സുരക്ഷാ മേഖലകൾ അടിയന്തരമായി രൂപീകരിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കൻ താവളങ്ങൾക്ക് നേരെ ആക്രമണം
അതേസമയം അമേരിക്കൻ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കി. വടക്കൻ ജോർദാനിലെ അൽ അസ്റഖ് അമേരിക്കൻ വ്യോമതാവളത്തിൽ 10 ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതായി അവർ അവകാശപ്പെട്ടു. പശ്ചിമേഷ്യയിലെ ശത്രുക്കളുടെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററാണ് തങ്ങൾ തകർത്തതെന്നും അമേരിക്കയുടെ കടന്നുകയറ്റത്തിനുള്ള മറുപടിയുടെ രണ്ടാം ഘട്ടമാണിതെന്നും ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഉച്ചയ്ക്ക് 2.20നാണ് ഐആർജിസി വ്യോമസേന ശത്രുക്കളുടെ താവളം തകർത്തത്. അമേരിക്കൻ സൈന്യം ആക്രമണം ആവർത്തിച്ചാൽ മേഖലയിലെ മറ്റ് യുഎസ് താവളങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായാൽ സൈനിക പ്രതികരണം വ്യാപിപ്പിക്കുമെന്ന് ഇറാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇറാനിൽ നിന്നുള്ള മിസൈലുകൾ രാജ്യത്തിൻ്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിനെ തുടർന്ന് ജോർദാനിൽ അപായ സൈറണുകൾ മുഴക്കി. ഇറാനിൽ നിന്ന് വിക്ഷേപിച്ച മിസൈലുകൾ തടയുകയും നിർവീര്യമാക്കുകയും ചെയ്തതായി ജോർദാൻ സർക്കാർ വക്താവ് മുഹമ്മദ് അൽ മൊമാനി എക്സിലൂടെ അറിയിച്ചു. രാജ്യത്തിന് നേരെയുള്ള ഏത് ഭീഷണിയും നേരിടാൻ ജോർദാൻ സായുധ സേന അതീവ ജാഗ്രതയിലാണെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റിലും ബഹ്റൈനിലും മിസൈൽ വർഷം
അമേരിക്കൻ ആക്രമണങ്ങൾക്കുള്ള ശിക്ഷാ നടപടിയുടെ ഒന്നാം ഘട്ടമായി കുവൈറ്റിലെയും ബഹ്റൈനിലെയും നാല് യുഎസ് താവളങ്ങളിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ഐആർജിസി തകർത്തിരുന്നു. കുവൈറ്റിലെ ആരിഫ്ജാൻ, അലി അൽ സലേം എന്നീ താവളങ്ങളിലും ബഹ്റൈനിലെ ജുഫൈർ, ഷെയ്ഖ് ഈസ എന്നീ താവളങ്ങളിലുമാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. അമേരിക്കയുടെ ആക്രമണങ്ങൾ പ്രതിബദ്ധതകളുടെ ലംഘനമാണെന്ന് അപലപിച്ച ഐആർജിസി, കുട്ടികളെ കൊന്നൊടുക്കുന്ന യുഎസ് സൈന്യത്തിനെതിരെ പോരാടുമെന്നും വ്യക്തമാക്കി.

ഇറാനിൽ അമേരിക്കൻ ആക്രമണം
വാണിജ്യ കപ്പലുകൾക്കും സിവിലിയൻ ജീവനക്കാർക്കും നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ ഭീഷണി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് അമേരിക്കൻ നീക്കം. ഇതിൻ്റെ ഭാഗമായി ഇറാനിൽ കൂടുതൽ ആക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) അറിയിച്ചു. കമാൻഡർ ഇൻ ചീഫിൻ്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് സെൻ്റ്കോം എക്സിലൂടെ വ്യക്തമാക്കി. അമേരിക്കൻ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ്റെ തെക്കൻ തുറമുഖ നഗരമായ ചാബഹാറിൽ വൈദ്യുതി ബന്ധം പൂർണമായും തടസ്സപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കൂടാതെ ഇറാനിയൻ നഗരമായ ബുഷെറിലും സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here