ന്യൂഡൽഹി: വെറും അഞ്ച് മിനിറ്റ് ‘മഹാമൃത്യുഞ്ജയ മന്ത്രം’ അല്ലെങ്കിൽ ‘ശാന്തി മന്ത്രം’ ജപിച്ച് തുടർന്ന് അഞ്ച് മിനിറ്റ് വിശ്രമിച്ചാൽ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഹൃദയത്തിൻ്റെ പ്രവർത്തനഭാരം എന്നിവ കുറയാൻ സഹായിക്കാമെന്ന് പുതിയ പഠനം.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഈ മാസം ഇൻ്റർനാഷണൽ ജേണൽ ഓഫ് ബയോളജിക്കൽ ആൻഡ് മെഡിക്കൽ റിസർച്ചിൽ-ലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പഠനമനുസരിച്ച് മന്ത്രജപത്തിനിടെ ഹൃദയസംബന്ധമായ പ്രവർത്തനങ്ങളിൽ താൽക്കാലിക വർധനയുണ്ടായെങ്കിലും, തുടർന്ന് അഞ്ച് മിനിറ്റ് വിശ്രമിച്ചപ്പോൾ ശരീരത്തിൽ വ്യക്തമായ ശാരീരിക വിശ്രമാവസ്ഥ പ്രകടമായി.
ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഹൃദയത്തിന് ആവശ്യമായ ഓക്‌സിജൻ്റെ അളവ് സൂചിപ്പിക്കുന്ന റേറ്റ് പ്രഷർ പ്രോഡക്റ്റ്, ഹൃദയത്തിൻ്റെ പ്രവർത്തനഭാരം വ്യക്തമാക്കുന്ന ഡബിൾ പ്രോഡക്റ്റ് എന്നിവയിൽ ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തി.
ഹൃദയാരോഗ്യത്തിന് ഗുണകരം
പഠനത്തിൽ പങ്കെടുത്തവരിൽ മഹാമൃത്യുഞ്ജയ മന്ത്രം ജപിച്ചവർക്കാണ് ശ്വസനനിരക്കിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. എന്നാൽ രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ, പൾസ് പ്രഷർ, ശരാശരി രക്തസമ്മർദ്ദം എന്നിവയിൽ ശ്രദ്ധേയമായ മാറ്റം കണ്ടെത്തിയില്ല.
മന്ത്രജപം ശരീരത്തിലെ പാരാസിംപതറ്റിക് നാഡീവ്യവസ്ഥയെ കൂടുതൽ സജീവമാക്കാൻ സഹായിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഇത് ശരീരത്തിൻ്റെ വിശ്രമപ്രതികരണം ശക്തിപ്പെടുത്തുകയും ഹൃദയ-രക്തചംക്രമണ സംവിധാനത്തിന് ആശ്വാസം നൽകുകയും ചെയ്യുമെന്ന് പഠനം സൂചിപ്പിക്കുന്നു.
30 യോഗ വിദ്യാർഥികളിൽ നടത്തിയ പഠനം
“Immediate Effect of Shanti Mantra and Mahamrityunjay Mantra Chanting on Physiological Variables” എന്ന പേരിലുള്ള പഠനത്തിന് നേതൃത്വം നൽകിയത് എംഡിഎൻഐവൈയിലെ യോഗ വിദ്യാഭ്യാസ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ഇന്ദു ശർമ്മ, ഹ്യൂമൻ ഫിസിയോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. രമേശ്വർ പാൽ എന്നിവരാണ്. മുൻ വിദ്യാർഥികളായ ലാൻസി, തൻവാംഗി എന്നിവരും ഗവേഷണസംഘത്തിലുണ്ടായിരുന്നു.
30 ബിരുദ-ബിരുദാനന്തര യോഗ വിദ്യാർഥികളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ഇവരെ രണ്ട് ഗ്രൂപ്പുകളാക്കി അഞ്ച് മിനിറ്റ് ശാന്തി മന്ത്രം അല്ലെങ്കിൽ മഹാമൃത്യുഞ്ജയ മന്ത്രം ജപിപ്പിച്ചു. ജപത്തിന് മുമ്പും, ജപിക്കുന്ന സമയത്തും, തുടർന്ന് അഞ്ച് മിനിറ്റ് വിശ്രമിച്ചതിനുശേഷവും വിവിധ ശാരീരിക മാനദണ്ഡങ്ങൾ പരിശോധിച്ചു.
ഡോ. ഇന്ദു ശർമ്മയുടെ അഭിപ്രായത്തിൽ, വെറും അഞ്ച് മിനിറ്റ് മന്ത്രജപത്തിനും തുടർന്ന് ചെറിയ വിശ്രമത്തിനും ശേഷം തന്നെ ശരീരത്തിൽ അളക്കാൻ കഴിയുന്ന ശാരീരിക മാറ്റങ്ങൾ പ്രകടമാകുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. യോഗയെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യപരിപാലന രീതികളിൽ മന്ത്രജപം ഉൾപ്പെടുത്തുന്നതിന് ഈ കണ്ടെത്തലുകൾ പ്രോത്സാഹനമാകുമെന്നും അവർ പറഞ്ഞു.
ഡോ. രമേശ്വർ പാൽ പറയുന്നതനുസരിച്ച്, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ആർപിപി, ഡബിൾ പ്രോഡക്‌ട് എന്നിവയിൽ ഉണ്ടായ കുറവ് ഹൃദയത്തിൻ്റെ പ്രവർത്തനഭാരം കുറയുന്നതും ശരീരത്തിൽ ഉടനടി വിശ്രമപ്രതികരണം ഉണ്ടാകുന്നതും സൂചിപ്പിക്കുന്നു.
പരമ്പരാഗത യോഗാഭ്യാസങ്ങൾ ശരീരത്തിൻ്റെ സ്വയംനിയന്ത്രിത നാഡീവ്യവസ്ഥയെ അനുകൂലമായി സ്വാധീനിച്ച് ഹൃദയാരോഗ്യത്തിന് പിന്തുണ നൽകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആരോഗ്യവാന്മാരായ യുവ യോഗ വിദ്യാർഥികളിൽ മാത്രമാണ് പഠനം നടത്തിയതെന്നും, മന്ത്രജപത്തിൻ്റെ ഉടനടി ഫലങ്ങൾ മാത്രമാണ് വിലയിരുത്തിയതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
വിവിധ പ്രായക്കാരെയും രോഗാവസ്ഥയിലുള്ളവരെയും ഉൾപ്പെടുത്തി ദീർഘകാല പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും, അത്തരത്തിലുള്ള പഠനങ്ങൾക്കുശേഷം മാത്രമേ ചികിത്സാരംഗത്ത് മന്ത്രജപത്തിൻ്റെ പ്രായോഗിക സാധ്യതകൾ വ്യക്തമായി വിലയിരുത്താനാകൂവെന്നും അവർ വ്യക്തമാക്കി.








