മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ വയനാട്ടിൽ എക്സ്-ബാൻഡ് റഡാർ നിർമ്മാണം വേഗത്തിലാക്കി. കൊല്ലത്തും ലക്ഷദ്വീപിലും പുതിയ റഡാറുകൾ വരുന്നു. ഇതോടെ കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമാകും.
കാസർകോട്: രാജ്യത്തെ തത്സമയ കാലാവസ്ഥാ നിരീക്ഷണത്തിൽ നിർണായകമായ റഡാർ സംവിധാനം മംഗളൂരുവിൽ പ്രവർത്തനക്ഷമമായി. കർണാടകയിലെയും കേരളത്തിലെയും കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമാക്കുന്നതിന് വേണ്ടിയാണ് മംഗളൂരുവിൽ പുതിയ റഡാർ സ്ഥാപിച്ചത്. കാസർകോട്, കണ്ണൂർ ജില്ലകൾ ഇതിൻ്റെ പരിധിയിൽ വരുന്നതോടെ സംസ്ഥാനം മുഴുവൻ കൃത്യമായ റഡാർ നിരീക്ഷണത്തിലാകും.
നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെൻ്ററിലും കൊച്ചിയിലുമാണ് റഡാർ സംവിധാനമുള്ളത്. മംഗളൂരുവിൽ ഡോപ്ലർ റഡാർ പ്രവർത്തനം ആരംഭിച്ചതോടെ വടക്കൻ കേരളത്തിലെ കാലാവസ്ഥാ പ്രവചനം കൂടുതൽ കാര്യക്ഷമമാകും. കർണാടകയിലെ ആദ്യ കാലാവസ്ഥാ റഡാർ സംവിധാനമാണിതെന്ന് അധികൃതർ അറിയിച്ചു. മഴയുടെ തീവ്രത, കാറ്റിൻ്റെയും മഴമേഘങ്ങളുടെയും സഞ്ചാരദിശ തുടങ്ങിയവ ഉയർന്ന കൃത്യതയോടെ ഡോപ്ലർ റഡാർ പ്രവചിക്കും. ഇതിൻ്റെ പ്രവചനത്തിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തലിലുമാണ് കൃത്യമായ കാലാവസ്ഥാ പ്രവചനം സാധ്യമാകുന്നത്. കേരളത്തിൽ ഈ വർഷത്തെ കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായിരുന്നുവെന്ന് പൊതുവേ അഭിപ്രായമുണ്ട്.
വയനാട്ടിൽ റഡാർ നിർമാണം പുരോഗമിക്കുന്നു
വയനാട് റഡാർ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ പറഞ്ഞു. പുൽപള്ളി പഴശ്ശി രാജ കോളജിന് സമീപമാണ് റഡാർ സ്ഥാപിക്കുന്നത്. 100 കിലോമീറ്റർ നിരീക്ഷണ പരിധിയുള്ള എക്സ്-ബാൻഡ് ഡോപ്ലർ റഡാറാണ് ഇവിടെ സ്ഥാപിക്കുക. മഴ, ഇടിമിന്നൽ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ പ്രവചനം ഡോപ്ലർ റഡാർ ഉപയോഗിച്ച് സാധ്യമാകും. ബെംഗളൂരുവിൽനിന്നാണ് ഇതിനായുള്ള ഉപകരണങ്ങൾ എത്തിക്കുക. 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മലബാറിൽ കാലാവസ്ഥാ നിരീക്ഷണം ശക്തമാക്കാൻ സംവിധാനം ഒരുക്കണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് പിന്നാലെയാണ് റഡാർ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. വയനാട്ടിൽ റഡാർ സ്ഥാപിക്കുന്ന സ്ഥലം ഉദ്യോഗസ്ഥർ സന്ദർശിച്ച് വിലയിരുത്തിയിരുന്നു. റഡാർ നിർമാണം പൂർത്തിയായാലും പലവിധ നിരീക്ഷണ പരിശോധനകൾക്ക് ശേഷം മാത്രമേ കാലാവസ്ഥ വകുപ്പ് വിവരങ്ങൾ ശേഖരിക്കുകയുള്ളൂ. ഇതിന് കടമ്പകൾ ഏറെയുണ്ട്.
കൊല്ലത്തും ലക്ഷദ്വീപിലും പുതിയ റഡാറുകൾ
വയനാടിന് പുറമെ 250 കിലോമീറ്റർ നിരീക്ഷണ പരിധിയുള്ള സി-ബാൻഡ് റഡാർ കൊല്ലത്തും സ്ഥാപിക്കും. ലക്ഷദ്വീപിൽ മിനിക്കോയ്, അമിനി എന്നിവിടങ്ങളിലും 250 കിലോമീറ്റർ പരിധിയുള്ള നിരീക്ഷണ റഡാറുകൾ ആരംഭിക്കും. ഇതിലൂടെ കാലവർഷം, ന്യൂനമർദം എന്നിവയുടെ സൂചനകൾ കൂടുതൽ നേരത്തെ ലഭിക്കും. മേഘങ്ങളുടെ നീക്കവും വലുപ്പവും ഇടിയോടുകൂടിയ മഴ, ജലകണങ്ങളുടെ വലുപ്പം, ചുഴലി, കാറ്റിൻ്റെ ഗതി എന്നിവയും വ്യക്തമായി അറിയാൻ പുതിയ സംവിധാനങ്ങളിലൂടെ സാധിക്കും.







